കല്യാശേരി: കല്യാശേരിയിലെ ശാരദാസിൽനിന്നും ജനനായകന്റെ ഓർമ്മ തുളുമ്പുന്ന ജീവിത ശേഷിപ്പുകൾ ഇനി നായനാർ അക്കാദമിയിലേക്ക്. രണ്ടുതവണമുഖ്യമന്ത്രിയും സി.പി. എം പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ഇ.കെ നായനാരുടെ ഓർമകൾ പേറുന്ന അമൂല്യമായ വസ്തുക്കളാണ് സഹധർമ്മിണി ശാരദടീച്ചർ നായനാർ അക്കാദമിക്ക് കൈമാറിയത്.

നായനാരുടെ രൂപം ഓർക്കുമ്പോൾ ആദ്യം മനസിൽ വരിക ആ ഓവർക്കോട്ടാണ്. അദ്ദേഹത്തിന്റെ ജൂബ്ബ വേഷവും പ്രസിദ്ധമാണ്. വിറകൈകളോടെയാണ് അതാദ്യം ശരാദടീച്ചർ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജന് കൈമാറിയത്. നായനാരുടെ സന്തതസഹചാരിയായ പോക്കറ്റ് റേഡിയോ, യാത്രയിലെ കൂട്ടായിരുന്ന സ്യൂട്ട് കേസും ബാഗുകളും അവസാനം ധരിച്ച വസ്ത്രങ്ങൾ, പെൻശേഖരത്തിലെ പേനകൾ, വാച്ച്്, ചെരുപ്പ്് എന്നിവയും ഇതിനു ശേഷം നൽകി. നായനാർ ശാരദാസിലെത്തിയാൽ വിശ്രമിക്കുന്ന ചാരുകസേരയും ഇനി മ്യൂസിയത്തിന് സ്വന്തമാണ്.

വിദേശയാത്രകൾ ലഭിച്ചിരുന്ന ബോർഡിങ് പാസുകളും ടിക്കറ്റുകളും സൂക്ഷിക്കുന്നത് നായനാർക്ക് ശീലമായിരുന്നു. അതു പോലെ തന്നെ കുറിച്ചുവരുന്ന പത്രങ്ങളിലെ വാർത്തകളും അദ്ദേഹം സൂക്ഷിച്ചിരുന്നു. ക്ലിഫ് ഹൗസിൽ നിന്നുമെടുത്ത ശാരദടീച്ചറുമൊന്നിച്ചുള്ള ഫോട്ടോകളും മ്യൂസിയത്തിന് കൈമാറിയവിൽ ഉൾപ്പെടും. ടി.വി രാജേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.