കുവൈറ്റ് സിറ്റി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ.കെ. നായനാരെ അനുസ്മരിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പന്ത്രണ്ടാം ചരമ വാർഷികദിനത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരള ജനത ഏറ്റവും വലിയ ആദരവാണ് അദ്ദേഹത്തിന് നൽകിയതെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കല കുവൈറ്റിന്റെ മുതിർന്ന പ്രവർത്തകരിലൊരാളായ എൻ. അജിത്ത് കുമാർ പറഞ്ഞു.

അധികാരം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാകമാനം മാതൃകയാക്കത്തക്ക രീതിയിൽ ജനകീയാസൂത്രണം നടപ്പിലാക്കിയതും, രാജ്യത്താദ്യമായി ഐടി പാർക്ക് തുടങ്ങീയതും, പ്രവാസികൾക്കായി സാമൂഹ്യ ക്ഷേമ പരിപാടികൾ കൊണ്ടുവന്നതും ഇ.കെ. നായനാരുടെ ഭരണസമയത്താണ്. 1984-ൽ കുവൈറ്റ് സന്ദർശിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ഉപദേശ നിർദ്ദേശങ്ങളാണ് കല കുവൈറ്റ് എന്ന സംഘടനയെ ഇന്ന് കാണുന്ന നിലയിലേക്കുള്ള വളർച്ചയിലേക്കെത്തിച്ചത്. 2000-ൽ കേരളത്തിൽ കല ട്രസ്റ്റ് രൂപീകരണ സമയത്ത് സഖാവ് നായനാർ ആയിരുന്നു ട്രസ്റ്റിന്റെ പ്രഥമ ചെയർമാൻ. സമ്മേളനത്തിൽ കുറിപ്പ് അവതരിപ്പിച്ചുകൊണ്ട് രജീഷ് നായർ പറഞ്ഞു.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി വിജയം നേടിയിരിക്കുന്ന വേളയിൽ സംഘടിപ്പിച്ച ചടങ്ങ് പങ്കെടുത്തവർക്ക് വിജയാഹ്ലാദം പങ്കുവക്കുന്നതിനുള്ള വേദിയായി മാറി. മതനിരപേക്ഷതക്ക് ഭീഷണി നേരിടുന്ന വേളയിൽ ഇടതുപക്ഷം നേടിയ വിജയം ഏറ്റവും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച കേരള ജനതക്ക് ചടങ്ങ് അഭിവാദ്യമർപ്പിച്ചു.

കല കുവൈറ്റ് പ്രവർത്തകർ ആലപിച്ച സ്വാഗതഗാനത്തോടെയാണ് അനുസ്മരണ സമ്മേളനം ആരംഭിച്ചത്. മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി ടി.കെ സൈജു സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാം പൈനുംമൂട്, തോമസ് മാത്യു കടവിൽ, ടി.വി. ഹിക്മത്ത്, ജെ. സജി, വനിതാവേദി കുവൈറ്റ് വൈസ് പ്രസിഡന്റ് ഷെറിൻ ഷാജു എന്നിവർ നായനാരെ അനുസ്മരിച്ച് സംസാരിച്ചു. ചടങ്ങിന് കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദി രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് കല കുവൈറ്റ് പ്രവർത്തകരും 'വോയിസ് ഓഫ് കുവൈറ്റും; ചേർന്നവതരിപ്പിച്ച നാടക്-വിപ്ലവ ഗാനങ്ങൾ ചേർത്തൊരുക്കിയ 'ഗാനാഞ്ജലി' വേറിട്ടൊരനുഭവമായി മാറി.