- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഗ് വിദ്യാർത്ഥിനേതാവ് അഷ്‌റഫലിയെ തോല്പിക്കാൻ ഇ കെ സുന്നികളുടെ യോഗം; മുസ്ലിം വിഷയങ്ങളിലെ അഷ്റഫിന്റെ നിലപാടിനോടുള്ള പകവീട്ടൽ; ലീഗ്-ഇ കെ സുന്നി കലഹം മറ നീക്കുന്നു
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഇ.കെ സുന്നികളുടെ കൺവെൻഷൻ. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കരുവാരക്കുണ്ട് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ലീഗ് വിദ്യാർത്ഥി വിഭാഗം നേതാവിനെതിരെയാണ് സമസ്ത ഇകെ. വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായി മുസ്ലിംലീഗുമായി ചേ
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഇ.കെ സുന്നികളുടെ കൺവെൻഷൻ. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കരുവാരക്കുണ്ട് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന ലീഗ് വിദ്യാർത്ഥി വിഭാഗം നേതാവിനെതിരെയാണ് സമസ്ത ഇകെ. വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
പതിറ്റാണ്ടുകളായി മുസ്ലിംലീഗുമായി ചേർന്നു നിന്നിരുന്ന മുസ്ലിം സംഘടനയാണ് സമസ്തകേരള ജംഇയ്യത്തുൽ ഉലമ. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബി തങ്ങൾ വൈസ് പ്രസിഡന്റായ ഇ.കെ വിഭാഗം സമസ്തയിൽ നിന്നും ലീഗിനെതിരേ പരസ്യമായി തിരിയുന്നത് ഇതാദ്യമായാണ്. മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിനെതിരെ ഇ.കെ സുന്നികൾ പരസ്യമായി രംഗത്തുവന്നതും സമസ്ത വിദ്യാർത്ഥി വിഭാഗം നേതാക്കൾ ലീഗിനെതിരെ ഇടതുസ്ഥാനാർത്ഥികളായി മത്സരിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടി.പി അഷ്‌റഫലിക്കെതിരെ വോട്ടുചെയ്യാൻ ഇ.കെ സുന്നി നേതാക്കൾ ആഹ്വാനം ചെയ്തുകൊണ്ടുള്ള കൺവെൻഷനാണ് ഇന്ന് കാളികാവിൽ നടക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവാദത്തിനും ആഭ്യന്തര കലഹത്തിനും ഇടയാകും.
കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂർ പഞ്ചായത്തുകളിലെ പ്രവർത്തകർ പങ്കെടുത്ത കൺവെൻഷനിലാണ് ടി.പി അഷ്‌റഫലിക്കെതിരെ വോട്ടു ചെയ്യാനും പരാജയപ്പെടുത്താനുമുള്ള തീരുമാനം ഇ.കെ സുന്നികൾ എടുത്തിരിക്കുന്നത്. നേരത്തെ ഇ.കെ വിഭാഗം നേതാക്കൾ അഷ്‌റഫലിക്കെതിരെ രഹസ്യനീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതു തിരിച്ചറിഞ്ഞ അഷ്‌റഫലി സമസ്ത നേതാക്കളെ പല തവണ കാണുകയും അനുരഞ്ജന ചർച്ചകൾ നടത്തുകയും ചെയ്തിരുന്നെങ്കിലും ഒരു വിഭാഗം സമസ്ത നേതാക്കൾ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന അമർഷമായിരുന്നു ഇ.കെ സുന്നികൾ ഈ തെരഞ്ഞെടുപ്പിൽ അഷ്‌റഫലിക്കെതിരെ പ്രയോഗിക്കുന്നത്. സമസ്തയുമായി സഹകരിക്കുന്നില്ലെന്നും സുന്നി ആദർശങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളും നിലപാടുകളും അഷ്‌റഫലിക്ക് ഉണ്ടെന്നുമാണ് ഇ.കെ സുന്നികളുടെ പ്രധാന ആക്ഷേപം.
കൂടാതെ മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് അഷ്‌റഫലി എടുത്ത നിലപാടും സമസ്തയെ ചൊടിപ്പിച്ചിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട വിഷയത്തിലും മുസ്ലിം ശരീഅത്ത് നിയമത്തിനെതിരെ സമസ്തയെടുത്ത തീരുമാനങ്ങൾക്കെതിരെയും അഷ്‌റഫലി രംഗത്തെത്തിയതാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. എന്നാൽ സമസ്തയുമായി പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് അഷ്‌റഫലി ദിവസങ്ങൾക്കു മുമ്പ് വാർത്താ സമ്മേളനം വിളിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനോ ഉൾക്കൊള്ളാനോ സമസ്ത നേതാക്കൾ തയ്യാറായിരുന്നില്ല. മാത്രമല്ല, ഈ വാർത്ത സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിക്കരുതെന്ന നിർദ്ദേശം നൽകുകയും ചെയതു. ഇത് വീണ്ടും പ്രശ്‌നം രൂക്ഷമാക്കുന്നതിലേക്ക് എത്തിച്ചു. അഷ്‌റഫലിക്കൊപ്പമുള്ള ഭൂരിപക്ഷം ലീഗുകാരും ഇ.കെ വിഭാഗക്കാരാണ്. എന്നാൽ ഇവരെല്ലാം അഷ്‌റഫലിക്കെതിരെ വോട്ടു ചെയ്യുമോ എന്നതാണ് ഇനി അറിയാനുള്ളത്. അതേസമയം, സമസ്തയുടെ തീരുമാനത്തിനെതിരെ വലിയൊരു വിഭാഗം ലീഗ് നേതാക്കൾക്കും അമർഷമുണ്ട്. അഷ്‌റഫലി പലതവണ സമസ്ത നേതാക്കളുമായും ചർച്ച നടത്തിയും കത്തെഴുതിയും തനിക്ക് സമസ്തയുടെ നിലപാടാണെന്ന് ആവർത്തിക്കുകയും തനിക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതു കേൾക്കാൻ തയ്യാറാകാതെയാണ് പരസ്യ കൺവെൻഷൻ വിളിച്ചു ചേർത്തിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ലീഗ് അണികൾ പരസ്യമായി രംഗത്തുവരരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. അവസരം മുതലെടുക്കാനുറച്ച് ഇടതുമുന്നണി നേതാക്കൾ സമസ്തയുമായി പലതവണ ചർച്ചകൾ നടത്തിയിരുന്നു.
സമസ്ത ഇ.കെ വിഭാഗത്തിന്റെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഡിവിഷൻ പരിധി കൂടിയാണ് കരുവാരക്കുണ്ട്. ഹമീദ് ഫൈസിയുടെ അദ്ധ്യക്ഷതയിലാണ് ഇന്ന് അഷ്‌റഫലിക്കെതിരെയുള്ള കൺവെൻഷൻ നടന്നത്. നേരത്തെ ഫാസിസത്തെ ചെറുക്കുന്ന ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന പരസ്യ പ്രസ്താവനയുമായി ഹമീദ് ഫൈസി രംഗത്തെത്തിയിരുന്നു. എന്നാൽ ലീഗിനു തന്നെ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകണമെന്ന ആഹ്വാനവുമായി സമസ്ത സെക്രട്ടറി കോട്ടമല ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തിൽ ഇതിനു പിന്നാലെ പത്രസമ്മേളനവും നടത്തിയത് ഏറെ ആഭ്യന്തര കലഹം സൃഷ്ടിച്ചു. എന്നാൽ വീണ്ടും ലീഗ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന എം.എസ്.എഫ് നേതാവിനെതിരെ പടയൊരുക്കം ശക്തമാക്കിയത് ലീഗ്-സമസ്ത ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്കെത്തുന്നതിന്റെ സൂചനകൂടിയാണ്.
ഹമീദ് ഫൈസിയുടെയും എതാനും എസ്.കെ.എസ്.എസ്.എഫ് ജില്ലാ, സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തിലാണ് അഷ്‌റഫലിക്കെതിരെ പരസ്യ കാമ്പയിനിംഗുമായി ഇകെ സുന്നികൾ നിലയുറപ്പിച്ചിരിക്കുന്നത്. നേരത്തെ മലബാറിലെ വിവിധ ജില്ലകളിൽ സിപിഎമ്മുമായി ഒരു വിഭാഗം സമസ്ത നേതാക്കൾ പിന്തുണ നൽകാമെന്ന ധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ ലീഗുമായി ഒന്നിച്ചു നിന്നിരുന്ന ഇകെ സുന്നി അണികൾക്ക് ഇത് ഉൾക്കൊള്ളാൻ നന്നേ പ്രയാസപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇടത്-സമസ്ത ബന്ധം തെളിയിക്കുന്ന നിരവധി സംഭവങ്ങൾ പുറത്തു വരികയുണ്ടായി. അവസാനം ടി.പി അഷ്‌റഫലിക്കെതിരെയുള്ള നീക്കവും പരസ്യമായതോടെ വരും ദിവസങ്ങളിൽ സമസ്ത മറുപടി പറയാൻ നിർബന്ധിതരാകും. എന്നാൽ അഷ്‌റഫലിയെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തുമെന്നുള്ള ഉറച്ച നിലപാടിലാണ് സമസ്തയിലെ ഒരുവിഭാഗം പണ്ഡിതർ.