കോഴിക്കോട്: മന്ത്രിമാരുടെയും എം എൽ എമാരുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം ശമ്പളവും ആനുകൂല്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വർധിപ്പിക്കാൻ സർക്കാർ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോൾ മന്ത്രിമാരുടെ ശമ്പളം 700 രൂപയിൽനിന്ന് അഞ്ഞൂറാക്കി കുറക്കാൻ തീരുമാനിച്ച ലോകത്തെ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തിലേറിയ ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യന്ത്രിയെന്ന നിലയിലെ തീരുമാനം ചർച്ചയാവുന്നു. 1969ലായിരുന്നു സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ ഇ എം എസ് തന്റെ മന്ത്രിസഭയിലെ അംഗങ്ങളോടുപോലും ചർച്ചചെയ്യാതെ ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനമെടുത്തത്. അന്നത്തെ പത്രകട്ടിങ് ഉൾപ്പെടെയുള്ള വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വിവിധ വാട്ടസ്ആപ്പ് ഗ്രൂപ്പുകളിലും എഫ് ബിയിലുമെല്ലാം ഇതിനെ അനുകൂലിച്ച് ആയിരക്കണക്കിന് ആളുകളാണ് ലൈക്കും കമെന്റുമെല്ലാം പോസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അന്നത്തെ തീരുമാനം ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നാണ് പോസ്റ്റിന് അടിയിൽ സ്ഥാനംപിടിച്ചിരിക്കുന്ന കമെന്റുകളിൽ അധികവും പറയുന്നത്. സി പി എമ്മിന്റെയും എൽ ഡി എഫിലെയുമെല്ലാം പാർട്ടികളിലെയും പ്രതിപക്ഷ പാർട്ടികളിലെയുമെല്ലാം സാമൂഹിക മാധ്യമ കൂട്ടായ്മകളിൽ ഈ വിഷയത്തിൽ സജീവ ചർച്ചതന്നെ നടക്കുകയാണ്. സി പി എമ്മിന്റെ ഗ്രൂപ്പുകളിലും ഇതേക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ചർച്ച നടക്കുന്നുണ്ട്.

കർഷകരും കാർഷിക തൊഴിലാളികളും ഇതര ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുമെല്ലാം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുമ്പോൾ അതു കാണാതെ നിൽക്കാൻ സാധിക്കില്ലെന്നു പറഞ്ഞായിരുന്നു ഇ എം എസിന്റെ നടപടി. അന്നത്തെ സർക്കാരിനെ എതിർക്കാൻ മുൻപന്തിയിൽ നിന്നിരുന്ന വലതുപക്ഷ പാർട്ടികൾപോലും തീരുമാനത്തെ പിന്തുണച്ചതും ചരിത്രം.

'കർഷകരും കർഷകത്തൊഴിലാളികളും ബുദ്ധിമുട്ടിലാവുമ്പോൾ അതു കാണാതെ മുന്നോട്ടുപോകാനാവില്ല സഖാക്കളേ സഹകരിച്ചേ പറ്റൂ'
എന്നായിരുന്നു ശമ്പളം കുറച്ച നടപടിക്കു ശേഷം ഇ എം എസ് മന്ത്രിമാരെ അറിയിച്ചത്.

അന്നു പാർട്ടി ജനങ്ങളുമായും അടിസ്ഥാന വർഗമായ തൊഴിലാളികളുമായും എത്രമാത്രം അടുപ്പം പുലർത്തിയിരുന്നുവെന്നതിന്റെ തെളിവാണ് ഈ നിലപാട്. ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമെന്നും ഇനി ഒരടി മുന്നോട്ടുവെക്കാൻ സാധ്യമല്ലെന്നും ധനമന്ത്രി ബാലഗോപാൽ അടിക്കടി പറഞ്ഞുകൊണ്ടിരിക്കേയാണ് ശമ്പളം ഇനിയും വർധിപ്പിക്കാനുള്ള നീക്കങ്ങളുമായി പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്.

നികുതി വരുമാനം കുറഞ്ഞ കിട്ടുന്നതിൽ അധികം തുക ശമ്പളമായും പെൻഷൻകാരെ തീറ്റിപോറ്റാനുമായി കാലങ്ങളായി ചെലവിടുന്ന സർക്കാരിന് ഇത് കടുത്ത ബാധ്യതയാവും. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്കും അദ്ധ്യാപകർക്കുമെല്ലാം നൽകുന്നത് ജീവിക്കാൻ ആവശ്യമായതിലും അനേകമടങ്ങി ഇരട്ടിയാണെന്നു പൊതുജനമധ്യത്തിൽ ചർച്ചകൾ സജീവമായി നടക്കുന്നതിനിടെയാണ് പുതിയ തീരുമാനം. പിണറായി സർക്കാരിന്റെ ഈ നടപടി പാർട്ടി ഘടകങ്ങളിലും ഉയർന്ന തലത്തിലുള്ള കമ്മിറ്റികളിലും ചർച്ചയാവുന്നതിനിടെയാണ് ഇ എം എസിന്റെ നിലപാട് പ്രസിദ്ധപ്പെടുത്തിയ പത്രത്താൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കളംനിറഞ്ഞുകളിക്കുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനെറ്റാണ് കഴിഞ്ഞ ദിവസം മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം വർധിപ്പിക്കാൻ കമ്മിഷനെ നിയമിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. ആറു മാസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഏകാംഗ കമ്മിഷനായ ജസ്റ്റിസ് രാമചന്ദ്രനോട് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിക്കുന്ന വിലക്കയറ്റത്തിൽ പുതുക്കി നിശ്ചയിക്കുന്നതിനൊപ്പം ജനപ്രതിനിധികളുടെയും വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ മനസ്സിലിരുപ്പ്. 2018ൽ ആയിരുന്നു ശമ്പള വർധനവ് അവസാനമായി വരുത്തിയത്. അന്ന് 55,012 രൂപയുണ്ടായിരുന്ന മന്ത്രിമാരുടെ ശമ്പളം 90,000 ആയാണ് വർധിപ്പിച്ചത്.

എം എൽ എയുടേത് 39,500ൽ നിന്ന് 70,000മായും വർധിപ്പിച്ചിരുന്നു. ഇതാണ് ഇനിയും ഉയർത്താൻ ആലോചിക്കുന്നത്. അന്ന് ജനപ്രതിനിധികളുടെ യാത്രാബത്ത 10ൽനിന്ന് 15 ആയും ഉയർത്തിയിരുന്നു. കർണാടകയും ഡൽഹിയുമെല്ലാം ശമ്പളം ഉയർത്തിയതിന്റെ ചുവടുപിടിച്ചാണ് തീരുമാനം. സംസ്ഥാനം ഇനിയും കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്കു പോകുമെന്നുതന്നെയാണ് സർക്കാരിന്റെ നീക്കത്തിലൂടെ സംഭവിക്കാൻ പോകുന്നത്.