മുംബൈ: ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് ഉദ്യോഗാർത്ഥികളെ രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വിദേശ ജോലികൾ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാകുന്നു. പുതിയ സംവിധാനത്തോട് വിദേശ രാജ്യങ്ങളിലെ തൊഴിലുടമകൾ നിസ്സഹകരണം പ്രഖ്യാപിച്ചതോടെയാണ് ഇത്. ഇതോടെ വിദേശത്തേക്ക് ജോലിക്കു പോവാൻ തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾ തകരുകയാണ്.

ഇക്കഴിഞ്ഞ ജൂണിലാണ് ഇമൈഗ്രേറ്റ് സംവിധാനത്തിൽ തൊഴിലുടമകളുടെ വിവരങ്ങൾ നൽകണമെന്ന നിയമം വന്നത്. ഇതുപ്രകാരം 85 ചോദ്യങ്ങൾക്കാണ് തൊഴിലുടമകൾ ഉത്തരം നൽകേണ്ടത്. പല രേഖകളും ഉൾപ്പെടുത്തുകയും വേണം. ഇങ്ങനെ രജിസ്റ്റർ പൂർത്തിയാക്കിയാൽ ലഭിക്കുന്ന പ്രത്യേക നമ്പറും അപ്ലോഡ് ചെയ്ത രേഖകളുടെ അസ്സലും ഇന്ത്യൻ എംബസിയിൽ നേരിട്ട് ഏൽപ്പിക്കണം. ഇതോടെ വിദേശ രാജ്യത്തെ തൊഴിലുടമകൾ ഇന്ത്യയെ ഗൗനിക്കാതെയായി. ഇത്തരം സങ്കീർണ്ണതകളൊന്നുമില്ലാത്ത രാജ്യത്ത് നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനും തുടങ്ങി. ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.

വിദേശകാര്യ വകുപ്പിന്റെ പുതിയ നിയമമനുസരിച്ച് തൊഴിലുടമ അദ്ദേഹത്തിന്റെയും നടത്തുന്ന സ്ഥാപനത്തിന്റെയും നൽകുന്ന വിസയുടേയും വിശദവിവരങ്ങൾ ഇമൈഗ്രേറ്റ് സംവിധാനത്തിൽ അപ്ലോഡ് ചെയ്യണം. ഇതിന്റെ അസ്സൽ രേഖകൾ ഇന്ത്യൻ എംബസിയിൽ സമർപ്പിക്കുകയും വേണം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് അന്വേഷണം നടത്തി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ, ഉദ്യോഗാർഥിക്ക് വിദേശത്തേക്ക് പോകാൻ കഴിയുകയുള്ളൂ. സങ്കീർണമായ ഇമൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ വിദേശ തൊഴിലുടമകൾക്ക് താൽപ്പര്യമില്ല.

വിസ സ്റ്റാമ്പ് ചെയ്തതും അല്ലാത്തതുമായ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് ഇതുകാരണം വിഷമത്തിലായത്. വിസ സ്റ്റാമ്പ് ചെയ്ത് എമിഗ്രേഷൻ ക്ലിയറൻസിനുവേണ്ടി മാത്രം കാത്തുനിൽക്കുന്ന അമ്പതിനായിരത്തോളം ഉദ്യോഗാർഥികളും ഇക്കൂട്ടത്തിലുണ്ട്. മുംബൈയിൽ മാത്രം 30,000ത്തോളം പേർ വരും. പുതിയ നിയമത്തിനെതിരെ ട്രാവൽ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തിനും മറ്റും നിരവധി പരാതികൾ അയച്ചിട്ടുണ്ട്. എന്നാൽ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഏതായാലും നിയന്ത്രണോത്തോടെ വിദേശ റിക്രൂട്ട്‌മെന്റ് തന്നെ നിശ്ചലമായ അവസ്ഥയിലായെന്നാണ് ആക്ഷേപം. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് ട്രാവൽ ഏജൻസികൾ ആലോചിക്കുന്നത്.

നേഴ്‌സിങ് മേഖലയിലെ തൊഴിൽ ചൂഷണങ്ങൾ കൂടിയ സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രിണങ്ങൾ ഏർപ്പെടുത്തിയത്. ഇതോടൊപ്പം മറ്റു തൊഴിലുകൾക്കും നിയന്ത്രണം വന്നു.