ലോസ് ആഞ്ചലസ്: ഇ- മെയിലിൽ ഭീകരാക്രമണ ഭീഷണി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ലോസ് ആഞ്ചലസിൽ ആയിരത്തിലധികം സ്‌കൂളുകൾ അടച്ചു. കാലിഫോർണിയയിൽ നടന്ന ഭീകരാക്രമണത്തിന് രണ്ടാഴ്ചയ്ക്കു ശേഷം ലഭിക്കുന്ന ഭീഷണിയായതിനാൽ സ്‌കൂൾ സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നൽകിയാണ് അധികൃതർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. 64,000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂൾ ഡിസ്ട്രിക്ടാണ് അടച്ചിട്ടിരിക്കുന്നത്.

രാവിലെ ഈ സ്‌കൂളുകളിൽ എത്തിയ വിദ്യാർത്ഥികളെയെല്ലാം വീടുകളിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ഭീഷണിയുടെ സ്വഭാവം ഏതു തരത്തിലുള്ളതാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഒരു സ്‌കൂൾ ഡിസ്ട്രിക്ട് ബോർഡ് മെമ്പറിനാണ് ഭീഷണി കലർന്ന ഇ മെയിൽ സന്ദേശം ലഭിച്ചതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് എല്ലാ സ്‌കൂൾ കാമ്പസിലും തെരച്ചിൽ നടത്തി വരികയാണ്.

ഒരു ദിവസത്തേക്ക് സ്‌കൂൾ അടച്ച് സുരക്ഷ ഉറപ്പു വരുത്താനാണ് തീരുമാനിച്ചതെന്ന് ലോസ് ആഞ്ചലസ് സ്‌കൂൾ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫ് സ്റ്റീവൻ സിപ്പർമാൻ അറിയിച്ചു.
അതേസമയം ഇത്തരത്തിലുള്ള മറ്റൊരു സന്ദേശം ന്യൂയോർക്ക് സിറ്റി ഉദ്യോഗസ്ഥർക്കും ലഭിച്ചിട്ടുണ്ട്. സിറ്റിയിലെ എല്ലാ സ്‌കൂളുകളും പ്രഷർ കുക്കർ ബോംബ്, നെർവ് ഗ്യാസ് ഏജന്റ്‌സ്, മെഷീൻ പിസ്റ്റളുകൾ, മെഷീൻ ഗണ്ണുകൾ ഇവ ഉപയോഗിച്ച് ആക്രമിക്കുമെന്നാണ് ഭീഷണി സന്ദേശം.

ലോസ് ആഞ്ചലസിൽ ലഭിച്ച സന്ദേശത്തിൽ ലോസ് ആഞ്ചലസ് യൂണിഫൈഡ് സ്‌കൂൾ ഡിസ്ട്രിക്ട് റൈഫിളുകൾ, സ്‌ഫോടകവസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുമെന്നാണ് പ്രത്യേകം പറഞ്ഞിട്ടുള്ളത്.  രണ്ടാഴ്ച മുമ്പ് കാലിഫോർണിയയിലെ സാൻ ബെർനാർഡിനോയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ ഭീഷണികളെ തള്ളിക്കളയാനാകില്ലെന്ന് ഡിസ്ട്രിക്ട് സൂപ്രണ്ട് റാമോൻ കോർട്ടിൻസ് പറയുന്നു. ഒന്നോ രണ്ടോ മൂന്നോ സ്‌കൂളുകളല്ല പല സ്‌കൂളുകളും ഭീഷണിയുടെ നിഴലിൽ വന്നതു കൊണ്ടാണ് എല്ലാ സ്‌കൂളുകളും അടച്ചിടാൻ തീരുമാനിച്ചതെന്നും, ഭീഷണി ഒരു ഇലക്‌ട്രോണിക് സന്ദേശമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.