- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് കമ്പനി, ഏത് പദ്ധതി? അമേരിക്കൻ കമ്പനിയുമായി ഒരു ധാരണാപത്രവുമില്ല; കമ്പനി നൽകിയ നിവേദനത്തിലെ വിവരങ്ങളാണ് പുറത്തുവരുന്നത്; സർക്കാർ നടപടികളൊന്നും പൂർത്തിയായിട്ടില്ല; പ്രതിപക്ഷ നേതാവിനെ ഇരയാക്കിയോ എന്ന് പരിശോധിക്കണം; ക്ഷോഭത്തോടെ മന്ത്രി ഇ.പി ജയരാജൻ
കണ്ണൂർ: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി ഇ.എം.സി.സിയുമായി ഒരു ധാരണാപത്രവുമില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ ക്ഷോഭത്തോടെയാണ് മന്ത്രി പ്രതികരിച്ചത്. ധാരണാപത്രവുമായി ബന്ധപ്പെട്ട വാർത്ത തെറ്റാണ്, കമ്പനി നൽകിയ നിവേദനത്തിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. സർക്കാർ നടപടികളൊന്നും പൂർത്തിയാവാത്ത പദ്ധതിയാണത്. വ്യവസായത്തിനായി ആർക്കും പദ്ധതി സമർപ്പിക്കാമെന്നും മന്ത്രി വിശദീകരിച്ചു.
പദ്ധതിക്കും സംസ്കരണത്തിനും വേണ്ടി ഒരു ധാരണാപത്രവും ഇതുവരെ വെച്ചിട്ടില്ല. കമ്പനിയുടെ ആളുകൾ തന്നെയും വന്നു കണ്ടിരുന്നു, പ്രതിപക്ഷ നേതാവിനെ കണ്ടിട്ടാണ് വരുന്നത് എന്നായിരുന്നു അവർ തന്നോട് പറഞ്ഞത്. അന്നേ അവരെക്കുറിച്ച് ഒരു ശരികേട് തോന്നിയിരുന്നു. നിവേദനം സ്വീകരിച്ചുവെന്ന റസീപ്റ്റ് തരുമോ എന്ന് അവർ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അനുവദിച്ചിരുന്നില്ല. ഇത് ശരിയായ കമ്പനിയാണോ എന്ന് അന്വേഷിക്കണം, കമ്പനിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാണ് തന്റെ അഭിപ്രായം. ഇതിന് പിന്നിൽ ബ്ലാക്ക് മെയിൽ തന്ത്രമുണ്ടോ എന്നും പ്രതിപക്ഷ നേതാവിനെ ഇരയാക്കിയോ എന്നതും അന്വേഷിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പോവുമ്പോൾ പലതും കൂടിക്കാഴ്ച നടത്താൻ വന്നെന്നിരിക്കും. അതിൽ മലയാളികളുണ്ടാവും, സംരംഭകരുണ്ടാവും. അത് സ്വാഭാവികമാണ്. ഭീഷണിപ്പെടുത്താൻ ഒന്നും കൈവശമില്ലാത്തതിനാൽ എന്തൊക്കയോ വിളിച്ചുപറയുകയാണ് പ്രതിപക്ഷ നേതാവ്. ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ല. പൊതുജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്.
കമ്പനി കൊടുത്ത അപേക്ഷ മാത്രമാണ് ഇപ്പോഴുള്ളത്. മറ്റൊരു ധാരണാപത്രവും ഇതിൽ ഇല്ലെന്നു വ്യക്തമാക്കിയ മന്ത്രി ധാരണാപത്രമുണ്ടായെന്ന പിആർഡി വാർത്താക്കുറിപ്പും നിഷേധിച്ചു. നേരത്തെ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്തു വന്നിരുന്നു. കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചെന്നിത്തല പുറത്തുവിട്ട സാഹചര്യത്തിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓർക്കുന്നില്ല. ന്യൂയോർക്കിൽ വെച്ച് ആരെയും കണ്ടിട്ടുമില്ല, ചർച്ച നടത്തിയിട്ടുമില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഒരുപാട് പേർ വന്നു കണ്ടിട്ടുണ്ട്. ചർച്ചയിലല്ല, നയത്തിൽ നിന്നും വ്യതിചലിക്കുകയില്ല എന്നതിലാണ് കാര്യമെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് ഇങ്ങനെ തരംതാഴുന്ന കാര്യങ്ങൾ പറയുന്നത് അത്ഭുതകരമാണ്. താനാണ് ഫിഷറീസ് നയം ഉണ്ടാക്കിയത്. എല്ലാ ട്രേഡ് യൂണിയനുംകളുമായും ചർച്ച ചെയ്താണ് നയത്തിന് രൂപം കൊടുത്തത്.
ആ നയത്തിൽ നിന്നും അണുവിട വ്യതിചലിക്കില്ല. പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകുമെന്നും മന്ത്രി പറഞ്ഞു. സ്പ്നയ്ക്കൊപ്പം ചെന്നിത്തല നിൽക്കുന്ന ചിത്രം പുറത്തുവന്നില്ലേ. സ്വപ്നയുമൊത്ത് ചെന്നിത്തലയുടെ ചിത്രമുള്ളതിനാൽ ചെന്നിത്തല സ്വർണം കടത്തിയെന്ന് പറയാനാവുമോ ?. ഇത്ര ചീപ്പാകാമോ പ്രതിപക്ഷ നേതാവെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.
ഒന്നും അറിഞ്ഞിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത് ആരെ കബളിപ്പിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചിരുന്നു. എന്തിനാണ് ചേർത്തലയിൽ നാലേക്കർ ഭൂമി അനുവദിച്ചത്, മുഖ്യമന്ത്രി അറിയാതെ ഇത്ര വലിയ പദ്ധതി മുന്നോട്ടുപോകുമോയെന്നും രമേശ് ചെന്നിത്തല ചോദിക്കുകയുണ്ടായി. താൻ ആരെയും കണ്ടിട്ടില്ല, ചർച്ച നടത്തിയിട്ടില്ല എന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇന്നലെ പറഞ്ഞത്. അതേസമയം അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ ഡയറക്ടർ ഷിജു വർഗീസുമായി മന്ത്രി ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറിയടക്കം ചർച്ചയിൽ പങ്കെടുത്തു. മന്ത്രി ക്ഷണിച്ചത് അനുസരിച്ചാണ് കേരളത്തിലെ ചർച്ച എന്നതിനുമുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടു.
പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലായെന്നാണ് മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. നേരത്തെ സ്പ്രിൻക്ലർ കരാർ, ഇ മൊബിലിറ്റി തട്ടിപ്പ് അടക്കം പുറത്തു കൊണ്ടുവന്നപ്പോഴും മുഖ്യമന്ത്രിയും ഇങ്ങനെ തന്നെയാണ് അഭിപ്രായപ്പെട്ടത്. എന്നാൽ താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. പിണറായി വിജയനോടൊപ്പം അഞ്ചുവർഷക്കാലം സഹകരിച്ചു പ്രവർത്തിച്ചതിനാലാകും വി എസ് ഗ്രൂപ്പുകാരി ആയിട്ടും മേഴ്സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകർന്നു കിട്ടിയതെന്നും ചെന്നിത്തല പറഞ്ഞു.
വ്യവസായ മന്ത്രി ഇ പി ജയരാജനും ഈ കരാറിനെക്കുറിച്ച് അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രി ക്ഷണിച്ചിട്ടാണ് വന്നതെന്ന് യുഎസ് കമ്പനി പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ന്യൂയോർക്കിൽ കണ്ടിരുന്നുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാം അറിയിച്ചിരുന്നു. പദ്ധതിക്കായി ശരവേഗത്തിലാണ് നടപടികൾ പുരോഗമിച്ചത്. 2021 ഫെബ്രുവരി മൂന്നിന് പള്ളിപ്പുറത്ത് നാലേക്കർ സ്ഥലം അനുവദിച്ചുകൊണ്ട് കെഎസ്ഐഡിസി ഉത്തരവിട്ടു. ഇത് ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും അറിയാതെയാണോ എന്ന് ചെന്നിത്തല ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ