കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റേതിന് സമാനമായ കാർക്കശ്യമുഖഭാവത്തിൽ പത്തുശതമാനം ചിരികൂടി ചേർത്തുവച്ചാൽ അത് ഇ പി ജയരാജനായി. മട്ടന്നൂരിന്റെ കണ്ണൂരിന്റെ സ്വന്തം ഇ പി. ഇക്കുറി നിയമസഭാ തിരഞടുപ്പിൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഭൂരിപക്ഷവുമായി മട്ടന്നൂരുകാർ അവരുടെ സ്വന്തം ഇ പിയെ തലസ്ഥാനത്തേക്കയച്ചത് വെറുതെയായില്ല. വ്യവസായ മന്ത്രിയായി ഇനി കേരളത്തിന്റെ വികസനസ്വപ്‌നങ്ങളിൽ മുമ്പിൽ നിൽക്കാൻ നിയുക്തനായിരിക്കുകയാണ് ഈ ജനനേതാവ്. കരുത്തുറ്റ സംഘാടകൻ, എന്തും വെട്ടിത്തുറന്ന് പറയുന്ന പച്ചയായ നേതാവ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികളുടെ നോട്ടപ്പുള്ളി

പിണറായിയെപ്പോലെ അടിയന്തിരാവസ്ഥക്കാലത്തുകൊടിയ മർദ്ദനമേറ്റ നേതാവാണ് ഇ പിയും. 1975 കാലം. അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരതകൾക്കെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് ജയരാജന്റെ നേതൃത്വത്തിൽ യുവാക്കളുടെ പ്രകടനം. പുലിക്കോടൻ നാരായണൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രകടനക്കാർക്കുനേരെ ചാടിക്കയറി ഒപ്പം പൊലീസുകാരും. പ്രകടനം നയിച്ചെത്തിയ ജയരാജനെ പുലിക്കോടന് അത്ര പിടിച്ചില്ല. അന്ന് കണ്ണൂരിനെ വിറപ്പിച്ച പൊലീസ് സിഐ ആയിരുന്നു പുലിക്കോടൻ. പുലിക്കോടൻ പോകുന്ന വഴി എല്ലാവരും മാറി നിൽക്കുന്ന കാലം. എന്നാൽ അതൊന്നും കൂസാതെ ജയരാജൻ പ്രകടനം നയിക്കുന്നു.

തനിക്കു മുമ്പിലും പതറാത്ത ഒരുവനോ? ജയരാജനെ പിടിക്കാനായിരുന്നു പുലിക്കോടന്റെ നിർദ്ദേശം. പൊലീസുകാർക്ക് ആജ്ഞ നൽകി പുലിക്കോടൻ മീശപിരിച്ചുനിന്നു. എന്നാൽ ജയരാജനുണ്ടോ വഴങ്ങുന്നു. ഒടുവിൽ പുലിക്കോടൻ തന്നെ എത്തി. പൊലീസുകാർ പിടിച്ചു നിർത്തിയ ജയരാജനുമേൽ തലങ്ങും വിലങ്ങും ലാത്തിയടി തുടങ്ങി. കൈ കഴയുന്നതു വരേയും ലാത്തിയടിച്ച പുലിക്കോടൻ ഒടുവിൽ നിർത്തി. ഒരു തുള്ളി കണ്ണീർ പോലും വീഴ്്ത്താതെ ജയരാജൻ പിടിച്ചുനിന്നു. ലാത്തിയടിയേറ്റ് ശരീരം മുഴുവൻ ചുവന്നെങ്കിലും ജയരാജന് മാറ്റമൊന്നുമില്ല. ഒടുവിൽ പൊലീസ് വണ്ടിയിൽ ജയരാജനെ കൊണ്ടു
പോവുകയായിരുന്നു.

അച്ഛൻതന്നെ അദ്ധ്യാപകനായ ചെറുകുന്ന് സ്‌ക്കൂളിൽ പഠിക്കുന്ന കാലം. പ്രധാന അദ്ധ്യാപകനെതിരെ ജയരാജൻ സമര മുഖത്ത് നിലകൊണ്ടു. വീട്ടിലെത്തിയാൽ സംഗതി കുഴപ്പമാകുമെന്ന് കരുതി പാത്തും പതുങ്ങിയുമാണ് എത്തിയത്. അച്ഛൻ കയ്യോടെ പിടിച്ചു. പിന്നീട് ഒരു ഉപദേശവും. രാഷ്ട്രീയമൊക്കെ ആവാം. പക്ഷേ പേരുദോഷമുണ്ടാക്കരുത്. അച്ഛന്റെ അനുവാദം ലഭിച്ചതോടെ ജയരാജൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുൻ നിരയിലെത്തി. ഒടുവിൽ ഡി.വൈ.എഫ്. ഐ. രൂപീകരിക്കപ്പെട്ടപ്പോൾ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ടായി. അതോടെ ജയരാജൻ പ്രസംഗവേദിയിൽ നിറഞ്ഞു നിന്നു. അണികളെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തുന്ന പ്രസംഗമായതു കൊണ്ടുതന്നെ ജയരാജനു വേണ്ടി വേദികൾ ഒരുങ്ങുകയായിരുന്നു. പ്രസംഗത്തിൽ വേറിട്ട ശൈലി ജയരാജന്റെ സ്വന്തം.

സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗമായ ജയരാജൻ കർഷകസംഘം സംസ്ഥാന പ്രസിഡന്റും പാർട്ടി പത്രമായ ദേശാഭിമാനിയുടെ ജനറൽ മാനേജരുമാണ്. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായ ഇദ്ദേഹം എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ദീർഘകാലം സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായി. തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. 1987ൽ അഴീക്കോട് മണ്ഡലത്തിൽ എം വി രാഘവനോട് മത്സരിച്ച് തോറ്റ ഇ.പി. ജയരാജൻ 1991ൽ അഴീക്കോട് നിന്നുതന്നെ ജയിച്ച് നിയമസഭയിലെത്തി.

മികച്ച നിയമസഭാ സാമാജികനെന്ന പേര് കിട്ടിയ ജയരാജനു ചുരുങ്ങിയ കാലത്തിനകം ശ്രദ്ധ പിടിച്ചുപറ്റാനുമായി. എക്‌സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാൽ നടത്തിയ അഴിമതി നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ഇ.പിയായിരുന്നു. സംഘടനാപ്രവർത്തനത്തിനിടെ ക്രൂരമായ പൊലീസ് മർദനത്തിരയായ ഇ.പി പലവട്ടം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ കൂടിയാന്മല രക്തസാക്ഷി അനുസ്മരണത്തിൽ പ്രസംഗിച്ചതിന് ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം 1971ൽ നടന്ന ട്രാൻപോർട്ട് തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയതിനും ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഷ്ഠിച്ചു.

1995 ഏപ്രിൽ മാസം 15 ാം പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ കൊട്ടേഷൻ സംഘം ജയരാജനെ വെടിവച്ചു. വാടക കൊലയാളികളുടെ വെടിയേറ്റ് കഴുത്തിനു പരിക്കേറ്റ ജയരാജന് ഏറെക്കാലം രോഗഗ്രസ്ഥനായി കഴിയേണ്ടി വന്നു. ഇന്നും അതിന്റെ അസ്വസ്ഥതകളുമായാണ് ജീവിക്കുന്നത്. രാഷ്ട്രീയ തിരക്കിനിടയിൽ വയോധിക ജന പാലനത്തിനായി സൊളൈസ് എന്ന വയോധികസദനം ജയരാജന്റെ നേതൃത്വത്തിൽ നടത്തി പോരുന്നുണ്ട്.

അന്തേവാസികളുമായി സംവദിക്കാനും ജയരാജൻ അവിടെ ഇടക്കിടെ എത്താറുമുണ്ട്. ഇവിടത്തെ അന്തേവാസികളുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടി വെക്കാനുള്ള പണം സ്വീകരിച്ചതും. വിശേഷ ദിവസങ്ങളിൽ ഇവിടെ എത്തി മധുരം വിളമ്പാനും ജയരാജൻ തയ്യാറാണ്. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ ഇന്ദിരയാണ് ഭാര്യ. മക്കൾ ജയ്സൺ, ജിതിന്ദ് രാജ്.

പരുക്കൻ പെരുമാറ്റത്തിനു പിന്നിലെ തുറന്ന പ്രകൃതവുമായി, അഗതികളോടും അശരണരോടും കാരുണ്യവുമായി ഇ പി ജയരാജൻ മന്ത്രിസഭയിലേക്കെന്തുമ്പോൾ കേരളത്തിന് ഇനി അദ്ദേഹത്തിന്റെ സംഭാവനകൾ എന്തെല്ലാമായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.