കൊച്ചി: തന്റെ ബന്ധുക്കളെ വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിയമിച്ച മന്ത്രി ഇ പി ജയരാജനെതിരെ പാർട്ടിയിലെ ഭൂരിപക്ഷ വികാരം ശക്തമാകുന്നു. അണികൾക്കിടയിൽ കടുത്ത അവമതിപ്പിന് ഇടയാക്കിയ ഈ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇ പി ജയരാജനെ ശാസിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അനാവശ്യ വിവാദം ക്ഷണിച്ചുവരുത്തിയ വിഷയത്തിൽ ഇ പി ജയരാജന് വ്യവസായ മന്ത്രി താക്കീത് നൽകിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നലെ കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് പിണറായി, ഇ പി ജയരാജനെ ശാസിച്ചത്. ആശ്രിത നിയമന വിവാദം സർക്കാറിനെ പ്രതിരോധത്തിലാക്കിയെന്ന് പിണറായി കടുത്ത ഭാഷയിൽ തന്നെ ജയരാജനോട് പറഞ്ഞാതായാണ് വിവരമെന്നാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. പിണറായി ഇപി കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടുനിന്നു. ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പർ മുറിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇനി ഇത്തരം വിവാദങ്ങൾ ഒരുകാരണവശാലും ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി താക്കീത് നൽകി. സ്ഥലത്ത് ഉണ്ടായിരുന്ന പി കെ ശ്രീമതിയെയും കണ്ണൂർ സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജനെയും ഒഴിവാക്കിയായിരുന്നു ശകാരമെന്നം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ പറയുന്നു.

അതേസമയം ആശ്രിത നിയമന വിവാദത്തിൽ പാർട്ടിയിലും ഇപിക്കെതിരെ കടുത്ത എതിർപ്പ് ഉയരുന്നതിനിടെ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷവും ഉറച്ചു കഴിഞ്ഞു. വകുപ്പിൽ ബന്ധുക്കളെ നിയമിച്ചതിൽ മന്ത്രി ജയരാജൻ നടത്തിയത് നഗ്‌നമായ അഴിമതിയാണ്. അതിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് അയച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രി നടത്തിയത് നഗ്‌നമായ സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം രാജിവെക്കണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടു.

അതേസമയം വിമർശനങ്ങളെ അവഗണിക്കുകയാണ് ജയരാജൻ ചെയ്തത്. തന്റെ ബന്ധു നിയമനങ്ങളെക്കുറിച്ച് പറയേണ്ടവരെല്ലാം പറയട്ടെയെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. വ്യവസായ വകുപ്പിലെ വിവാദമായ നിയമനങ്ങളെക്കുറിച്ച് തിരക്കിയപ്പോൾ മാദ്ധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ മറുപടി. പറയേണ്ടവരെല്ലാം പറയട്ടെ, ഇപ്പോൾ ഒരു ക്ലാരിഫിക്കേഷനുമില്ല. എല്ലാം വരട്ടെ അപ്പോ പറയും, പറയേണ്ടവരെല്ലാം തോന്നിയപോലെ പറയട്ടെ ഈ പറഞ്ഞവരെ തനിക്ക് അറിയുക തന്നെയില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെ നിശ്ചയിച്ച തീരുമാനം വിവാദമായതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് അല്ല തീരുമാനം റദ്ദാക്കിയതെന്നും കഴിഞ്ഞ തിങ്കളാഴ്ച തന്നെ സുധീർ നമ്പ്യാരെ ഒഴിവാക്കിയിരുന്നുവെന്നും വ്യവസായ വകുപ്പ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇ.പി. ജയരാജന്റെ സഹോദരീഭർത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനുമാണ് വ്യവസായ വകുപ്പിൽ ജോലി നൽകിയത്. ഇവരെ കൊച്ചിയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലാണ് നിയമിച്ചിരിക്കുന്നതും. ഇത് കൂടാതെ ജയരാജന്റെ സഹോദരൻ റിട്ട. എസ്.ഐ: ഇ.പി. ഭാർഗവന്റെ മകൻ നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂർ കണ്ണപുരത്തെ ക്ലേ ആൻഡ് സിറാമിക്‌സിൽ ജനറൽ മാനേജരായും നിയമിച്ചിരുന്നു.ബിരുദം മാത്രമാണ് ഇവരുടെ യോഗ്യത.

മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ ചെറുമകൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കോലിയക്കേട് കൃഷ്ണൻ നായരുടെ മകൻ എന്നിവർ ഉൾപ്പടെ സംസ്ഥാന നേതാക്കളുടെ ബന്ധുക്കളെ വിവിധ വകുപ്പുകളിൽ നിയമിക്കുന്ന കാര്യം നേരത്തെ സൗത്ത് ലൈവ് പുറത്തുവിട്ടിരുന്നു.നായനാരുടെ മകൾ ഉഷയുടെ മകൻ സൂരജ് രവീന്ദ്രനെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ എംഡിയായാണ് നിയമിക്കുക. കിൻഫ്ര അപ്പാരൽ പാർക്കിൽ സുപ്രധാന തസ്തികയിലാണ് ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവനെ നിമയിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കിൻഫ്രയിൽ തന്നെ ജനറൽ മാനേജർ തസ്തികയിലാണ് കോലിയക്കോടിന്റെ മകന് നിയമനം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കുമെന്ന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും സർക്കാർ ചുമതലയേറ്റ ശേഷമുള്ള പ്രഖ്യാപനവുമായിരുന്നു. ഇതിന്റെ ഭാഗമായി വിവിധ തസ്തികളിൽ പുതിയ നിയമനം നടക്കുമ്പോഴാണ് നേതാക്കളുടെ ബന്ധുക്കൾ യോഗ്യരായി വരുന്നത്.