- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് പ്രചാരണായുധമാക്കുന്നു; യുഡിഎഫിന്റേത് നെറികെട്ട കളി; സർക്കാർ നിലകൊള്ളുന്നത് സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടി; പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല; സർക്കാർ ഇരയ്ക്കൊപ്പമെന്ന് ഇ പി ജയരാജൻ
തൃക്കാക്കര: ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ഇക്കാര്യം പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആർക്കാണെന്ന് ജനത്തിന് അറിയാം. സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സർക്കാർ എന്നും ഇരയ്‌ക്കൊപ്പമാണെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി.
നടി നൽകിയ ഹരജി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരുടെയും സുരക്ഷക്കായാണ് സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാറിനെ അറിയുന്നവരെല്ലാം പൊലീസ് നീതിപൂർവം പ്രവർത്തിക്കുമെന്നും ക്രമസമാധാനം സംരക്ഷിക്കുമെന്നും പറയുമെന്നും ഇ.പി ജയരാജൻ അവകാശപ്പെട്ടു. നടി ഈ ഹരജി നൽകിയതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ അനുമതി നൽകുന്നത് കോടതി തീരുമാനിക്കേണ്ടതാണെന്നും അതിൽ അവർ ശരി കാണുമെന്നും നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ കൊടുത്ത കാര്യം അവർ തീരുമാനിക്കുമെന്നും കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും തൃക്കാക്കരയിൽ യുഡിഎഫിന് വികസനം പറയാനില്ലെന്നും അവർ ഭയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെ സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങൾ നടത്തുകയാണെന്നും ജനകീയ പ്രശ്നങ്ങളിൽ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതിയുടെ തന്നെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിച്ചാൽ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ ഇടപെടലുണ്ടായെന്ന ആരോപണത്തോട് പ്രതികരിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അതിജീവിത കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പി.രാജീവ് കൊച്ചിയിൽ പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സർക്കാർ നിലപാടിൽ വ്യക്തതയുണ്ടെന്നും പി.രാജീവ് പറഞ്ഞു.
അതിജീവിത സർക്കാരിനെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.
കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു.
കേസിൽ ഈ മാസം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കി, കൂടുതൽ സമയം ആവശ്യപ്പെടാതെ തിരക്കിട്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു. കേസിലെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ യുഡിഎഫ് അട്ടിമറി ആരോപണം ഉന്നയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ