- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനക്ഷേമ പദ്ധതികളുടെ പ്രയോജനം ഇനി നേരിട്ട് അർഹരിലേയ്ക്ക്; വൗച്ചർ വഴിയുള്ള പണം പിൻവലിക്കാൻ കഴിയുന്നത് ഗുണഭോക്താക്കൾക്ക് മാത്രം; ഇടനിലക്കാരുടെ ചൂഷണവും ഇല്ലാതാകും; കേന്ദ്രസർക്കാരിന്റെ ഇ റുപ്പി പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ആശയം മലയാളി വൈദികന്റേത്
ന്യൂഡൽഹി: ഇന്ത്യയിൽ ഇ- റുപ്പി സൗകര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തപ്പോൾ സഫലമാകുന്നത് ഒരു മലയാളി വൈദികന്റെ ഏഴു വർഷത്തെ പ്രവർത്തനങ്ങളാണ്. ഈ ആശയം ആദ്യമായി അവതരിപ്പിച്ചത് റവ. ഡോ. ഏബ്രഹാം മുളമൂട്ടിൽ എന്ന തിരുവല്ല അതിരൂപതാ വൈദികനാണ്. തിരുവല്ല പുഷ്പഗിരി സ്ഥാപനങ്ങളുടെ മുൻ ചെയർമാനും സിഇഒയും മാക്ഫാസ്റ്റ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു അദ്ദേഹം. ഇ- റുപ്പി എന്ന പേരിൽ അഞ്ചു വർഷം മുമ്പ് അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ആശയങ്ങളും നിർദ്ദേശങ്ങളുമാണു രാജ്യത്ത് നടപ്പിലാക്കിയത്.
ജനക്ഷേമ പദ്ധതികളുടെ ഭാഗമായി സർക്കാർ പണം നേരിട്ട് നൽകുകയും അത് എന്താവശ്യത്തിനാണോ നൽകിയത്, അതേ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്ന സാങ്കേതികത എന്ന് ചുരുക്കിപ്പറയാം ഇ-റുപ്പി സംവിധാനത്തെ. രാജ്യത്ത് കള്ളപ്പണവും അഴിമതിയും തടയുന്നതിനും സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് ചെലവഴിക്കുന്ന പണം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുമായാണ് ഇ റുപ്പി എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്.
ഡിജിറ്റൽ പണമിടപാടുകൾ പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ അവതരിപ്പിച്ച ഇ റുപ്പി സംവിധാനത്തിന് നിരവധി പ്രയോജനങ്ങളുണ്ട്. ഇലക്ട്രോണിക്ക് വൗച്ചറിന്റെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനത്തിന്റെ പ്രവർത്തനം. കറൻസി ഉപയോഗിക്കാതെയുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനമാണിത്. ആരോഗ്യരംഗത്താണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാകുക. ഇ റുപ്പിയിലൂടെ വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾ സാധ്യമാകില്ല. സർക്കാർ- പൊതുമേഖല സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും പദ്ധതിയിലുൾപ്പെട്ട ബാങ്കുകൾ നൽകുന്ന വൗച്ചറുപയോഗിച്ചാണ് ഗുണഭോക്താവുമായി ഇടപാട് നടത്തേണ്ടത്. യഥാർത്ഥ ഗുണഭോക്താവിന് മാത്രമേ ഇടപാടിലൂടെ കൈമാറുന്ന പണം പിൻവലിക്കാൻ സാധിക്കുകയുള്ളു എന്നതിനാൽ ഇടനിലക്കാരുടെ ചൂഷണവും അഴിമതിയും ഇല്ലാതെയാകും എന്നതും ഒരു പ്രത്യേകതയാണ്.
ആ ആശയം അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ വളരെ അനുകൂലമായാണ് അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി പ്രതികരിച്ചതെന്ന് റവ. ഡോ. ഏബ്രഹാം മുളമൂട്ടിൽ ഓർക്കുന്നു. ഈ ആശയം നടപ്പിലാക്കാവുന്നതാണെന്നും അതിനുള്ള ശ്രമം സർക്കാർതലത്തിൽ നടത്തുമെന്നും അദ്ദേഹം അന്ന് ഉറപ്പ് നൽകിയിരുന്നു. എംപിയായിരുന്ന ജോസ് കെ. മാണിക്ക് കോപ്പി നൽകിയാണ് അരുൺ ജയ്റ്റ്ലി മുളമൂട്ടിലച്ചന്റെ ഇ-റുപ്പി പുസ്തകം പ്രകാശനം ചെയ്തത്. ധനമന്ത്രിയുടെ ക്യാബിനിൽ നടന്ന ചടങ്ങിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ബിഷപ് ജേക്കബ് മാർ ബർണബാസ്, ദീപിക ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം അഡ്വ. ഏബ്രഹാം പട്യാനി എന്നിവരും പങ്കാളികളായിരുന്നു.
എന്താണ് ഇ റുപ്പി സംവിധാനം?
നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ, ഫിനാൻഷ്യൽ സർവീസസ് ഡിപാർട്ട്മെന്റ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നാഷണൽ ഹെൽത്ത് അഥോറിറ്റി എന്നിവ ചേർന്നാണ് പുതിയ പേഴ്സൺ സ്പെസിഫിക് പർപസ് സ്പെസിഫിക് പേമന്റ് സംവിധാനം അവതരിപ്പിച്ചത്.
ഫോണിൽ ലഭിക്കുന്ന ഇലക്ട്രോണിക് വൗച്ചറിലൂടെ നിശ്ചിത ആവശ്യങ്ങൾക്കു പണമിടപാടു നടത്താനാകുന്ന 'ഇറുപ്പി' സേവനം തുടങ്ങി. സർക്കാർ സഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനഫിറ്റ് പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് 'ഇറുപ്പി' സേവനമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സർക്കാർ ഏജൻസികൾക്കും കോർപറേറ്റുകൾക്കും നിശ്ചിത വ്യക്തികൾക്കു വൗച്ചർ ഡിജിറ്റലായി നൽകാം. ഉദാഹരണത്തിന്, ജീവനക്കാർക്കു വാക്സിനേഷനുള്ള തുകയുടെ ഇറുപ്പി വൗച്ചർ മൊബൈൽ ഫോണിൽ മെസേജായി നൽകാൻ കമ്പനിക്കു സാധിക്കും വാക്സീനെടുക്കാൻ ആശുപത്രിയിലെത്തുമ്പോൾ പ്രത്യേക ആപ്ലിക്കേഷനിലൂടെ വൗച്ചർ സ്കാൻ ചെയ്യും. ഇതോടെ വൗച്ചറിലെ തുക ആശുപത്രിയുടെ അക്കൗണ്ടിലെത്തും.
സർക്കാരിന്റെ നേരിട്ടുള്ള സഹായങ്ങളും മറ്റും വൗച്ചറായി ലഭ്യമാക്കിയാൽ ഇടനിലക്കാരിലൂടെയുള്ള ചോർച്ച തടയമെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ. വൗച്ചറായതിനാൽ പണം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുമില്ല. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യാണു പദ്ധതി നടപ്പാക്കുന്നത്.
എങ്ങനെ ഇ റുപ്പി ഉപയോഗിക്കാം?
· സർക്കാർ ഏജൻസികൾക്കോ കോർപറേറ്റുകൾക്കോ പദ്ധതിയിൽ ഉൾപ്പെട്ട ബാങ്കുകളെ സമീപിച്ച് നിശ്ചിത ഗുണഭോക്താക്കൾക്ക് നിശ്ചിത തുകയുടെ വൗച്ചർ ഇഷ്യു ചെയ്യാം. ഗുണഭോക്താക്കളുടെ ഫോണിൽ ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് ആയോ എസ്എംഎസ് ആയോ വൗച്ചർ ലഭിക്കും.
· പേയ്മെന്റ് നടത്തേണ്ട സ്ഥലത്ത് ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസിലുള്ള സ്ട്രിങ് വാല്യു കാണിക്കുക. അവർ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യും.
· സ്കാൻ ചെയ്യുമ്പോൾ ഗുണഭോക്താവിന്റെ ഫോണിലെത്തുന്ന 6 അക്ക ഓതന്റിക്കേഷൻ കോഡ് കൗണ്ടറിൽ ഇരിക്കുന്ന ആൾക്കു പറഞ്ഞുകൊടുക്കണം. ഇതോടെ വൗച്ചർ വെരിഫിക്കേഷൻ പൂർത്തിയാകുകയും പേയ്മെന്റ് നടക്കുകയും ചെയ്യും.
ഇ റുപ്പിയുടെ പ്രയോജനം
· ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ട്, കറൻസി, ഓൺലൈൻ ബാങ്കിങ് സേവനം എന്നിവയൊന്നും വേണ്ട.
· പ്രിന്റഡ്, കാർഡ് രൂപത്തിലുള്ള വൗച്ചർ ആവശ്യമില്ല.
· ഓതന്റിക്കേഷൻ കോഡ് വേണ്ടതിനാൽ ഒരാളുടെ കോഡ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
· ഇടപാടു നടക്കുമ്പോൾ വ്യക്തിഗത വിവരങ്ങളൊന്നും കൈമാറേണ്ട.