തിരുവനന്തപുരം: ജൂലൈ അഞ്ചിനാണ് കേരളത്തിൽ ന്യൂസ് 18 ഔദ്യോഗികമായി സംപ്രേഷണം തുടങ്ങിയത്. പ്രമുഖ ചാനലുകളിൽ നിന്നെല്ലാം ജേർണലിസ്റ്റുകളെ അടർത്തിയെടുത്തുകൊണ്ടാണ് അബാനി കേരളത്തിൽ പിടിമുറുക്കാൻ ശ്രമിച്ചത്. അതോടൊപ്പം തന്നെ റിപ്പോർട്ടർ, കൈരളി, ജീവൻ, തുടങ്ങിയ ചാനലുകളിൽ നിന്നും 18 ലേക്ക് അടിയൊഴുക്ക് പ്രകടമായിരുന്നു. എന്നാൽ മാസം ഇത്ര കഴിഞ്ഞിട്ടും മലയാളിയുടെ വാർത്താമുഖങ്ങളിൽ കര്യമായ സ്വാധീനം ചെലുത്താൻ അമ്പാനിയുടെ ചാനലിന് കഴിഞ്ഞിട്ടില്ല എന്നതും വാസ്തവമാണ്. ചാനലിലുള്ള കോർപ്പറേറ്റ് വത്കരണവും ചേരിതിരിവും വാർത്തകളോടുള്ള സമീപനവുമാണ് ഇതിനു പിന്നിൽ എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

പ്രമുഖ ചാനലിൽ നിന്നും വന്നവർക്ക് ലക്ഷങ്ങളും മറ്റു ചാനലുകാർക്ക് ചെറിയ ശമ്പളവുമാണ് നൽുന്നത് എന്ന് നാളുകളായി അവിടെ ജോലിചെയ്യുന്ന ജേർണലിസ്റ്റുകൾക്കിടയിലുള്ള സംസാരവിഷയമാണ്. അതോടൊപ്പം തന്നെ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന, മലയാളികളുടെ ലാർത്തകൾക്ക് പ്രാധാന്യം നൽകാതെ മോദി പ്രീണനം വാർത്താ പ്രാധാന്യമാകുന്നതും കേരളത്തിൽ വേരുറപ്പിക്കാൻ ന്യൂസ് 18ക്ക് വെല്ലുവിളിയാകുന്നു. മറ്റു ചാനലിൽ നിന്നും ഭീമൻ തുക നൽകി ആകർഷിച്ചതിൽ ഭൂരിഭാഗം പേരും ഇപ്പോൾ അതൃപ്തരാണ്. പലരും പിന്നോട്ടു വലിയുന്ന സാഹചര്യത്തിൽ മീഡിയാ വണ്ണിൽ നിന്നും 18 ലേക്ക് പോകുന്നതായി പ്രചരണമുണ്ട്. അതേസമയം 18 നോട്ടമിട്ടിരിക്കുന്നത് മീഡിയാ വണ്ണ്ിന്റെ മുഖമായ സനീഷിനേയാണ്. സനീഷ് കളംമാറുമോ എന്നാണ് മാദ്ധ്യമ പ്രമുഖർ ഉറ്റുനോക്കുന്നത്.

വമ്പൻ ശമ്പളമാണ് സനീഷിന് ന്യൂസ് കേരള 18 വാഗ്ദാനം ചെയ്തിരിക്കുന്നത്. മീഡിയാ വണ്ണിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ വീർപ്പുമുട്ടുന്ന ഒരു വിഭാഗം അവിടെയുണ്ട്. മനസ്സുകൊണ്ട് സനീഷും അവർക്കൊപ്പാണ്. ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും അടക്കമുള്ള ചാനലുകളുടെ പ്രവർത്തന പരിചയമുള്ള സനീഷ് പൊതു വിഷയങ്ങൾ നന്നായി ഇടപെടുന്ന വ്യക്തിയുമാണ്. നിരവധി പേരെ ന്യൂസ് കേരള 18 എടുത്തെങ്കിലും വാർത്ത വായനയ്ക്ക് അനുയോജ്യമായവർ കുറവായിരുന്നു. എസ് വി പ്രദീപും ഫിറോസ് സാലി മുഹമ്മദും മാനേജ്‌മെന്റുമായി പിണങ്ങി രാജിവച്ചതും പ്രതിസന്ധിയായി. ഇതിനെ മറികടക്കാൻ ഏഷ്യാനെറ്റിലേയും മാതൃഭൂമിയിലേയും മനോരമയിലേയും പ്രമുഖരെ നോട്ടമിട്ടെങ്കിലും വാർത്താ വിശകലന വിദഗ്ധരായും കൂടുമാറിയില്ല. ഇതിനെടാണ് മിഡിയാ വണ്ണിൽ ജീവനക്കാർക്കെതിരായ പുറത്താക്കൽ നടപടിയെല്ലാം ചർച്ചയായത്. ഇത് മുതൽക്കൂട്ടാക്കി സനീഷിനെ കൊണ്ടു വരാൻ ന്യൂസ് കേരള 18 ശ്രമം തുടങ്ങുകയായിരുന്നു.

ന്യൂസ് കേരള 18ലേക്ക് മാറാൻ സനീഷും തീരുമാനിച്ചതായാണ് സൂചന. സനീഷിനൊപ്പം മിഡിയാ വണ്ണിലെ പ്രമുഖരേയും ചാടിക്കാൻ ന്യൂസ കേരള 18 ശ്രമം നടത്തുന്നുണ്ട്. നിലവിൽ ഏഷ്യാനെറ്റിൽ നിന്നെ ജയ്ദീപ് കെപിയാണ് ന്യൂസ് കേരള 18 ചാനലിന്റെ തലവൻ. മനോരമയിൽ നിന്നുള്ള രാജീവ് ദേവരാജാണ് രണ്ടാമൻ. മനോരമയിൽ നിന്നെത്തിയ ടിജെ ശ്രീലാൽ ഉൾപ്പെടെയുള്ള പ്രമുഖരമുണ്ട്. എന്നാൽ തുടങ്ങി ഇതുവരെയായിട്ടും മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചു കയറാൻ ചാനലിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വാർത്താ അവതരണത്തിൽ ശ്രദ്ധിക്കപ്പെടുന്ന മുഖം വേണമെന്ന് ന്യൂസ് കേരള 18 തിരിച്ചറിയുന്നത്. സനീഷിലൂടെ ഈ കുറവ് താൽക്കാലികമായി പരിഹരിക്കാമെന്നാണ് വിലിയിരുത്തൽ. അതിനിടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നിന്നും പ്രതീക്ഷിച്ച ഒഴുക്ക് ചാനലിലേക്ക് ഉണ്ടാകുന്നില്ലെന്നാണ് സൂചന. ചിത്രം വിചിത്രം ഫെയിം ഗോപീകൃഷ്ണൻ മാത്രമാണ് ചാടാൻ സാധ്യത. കെപി ജയ്ദീപിന്റെ വിശ്വസ്തനായിരുന്ന ലല്ലു പോലും ഏഷ്യാനെറ്റ് വിടാൻ വിമുഖരാണ്. ഇതോടെയാണ് മിഡിയാ വൺ ചാനലിലെ ഭിന്നതകൾ മുതലെടുക്കാൻ ന്യൂസ് കേരള 18 ശ്രമം തുടങ്ങിയത്.

ജൂലൈ അഞ്ചിനാണ് ന്യൂസ് 18 ഔദ്യോഗികമായി കേരളത്തിൽ വാർത്താ സംപ്രേഷണം ആരംഭിച്ചത്. കണക്കില്ലാതെ പണംമുടക്കിയാണ് റിലയൻസിന്റെ ചാനലിന്റെ പ്രവർത്തനം. കഴക്കൂട്ടത്ത് പ്രധാന ഓഫീസിൽ തന്നെ കോടികൾ മുടക്കിയിട്ടുണ്ട്. കേരളത്തിലെ ചാനലുകളിൽ ഏറ്റവുംവലിയ സ്റ്റുഡിയോ ആയിരിക്കും തങ്ങളുടേതെന്നാണ് ന്യൂസ് 18 ന്റെ അവകാശവാദം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് തൽസമയ സംപ്രേഷണത്തിനുള്ള സൗകര്യങ്ങളടക്കം വിപുലമായ സജ്ജീകരണങ്ങളോടെയാണ് ചാനലിന്റെ പ്രവർത്തനം. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ന്യൂസ് 18 ന്റെ അണിയറ പ്രവർത്തകർ കേരളത്തിലെത്തി മലയാളം ദൃശ്യമാദ്ധ്യമ പ്രവർത്തകരെ ചാക്കിട്ടുപിടിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പ്രമുഖ ചാനലുകളിലെ ദൃശ്യമാദ്ധ്യമ പ്രവർത്തകർ റിലയൻസിലേക്ക് വരാൻ തയ്യാറായില്ല. ചാനലിന്റെ ഘടന എങ്ങനെയായിരിക്കും, ടീം ആരൊക്കെ ആയിരിക്കും എന്ന സംശയം നിലനിന്നിരുന്നതാണ് കാരണം.

അതേസമയം, പൂട്ടിപ്പോയ ഇന്ത്യാവിഷൻ, പ്രതിസന്ധിയിലായ ടി.വി. ന്യൂ, റിപ്പോർട്ടർ തുടങ്ങിയ ചാനലുകളിൽ നിന്ന് മാദ്ധ്യമപ്രവർത്തകർ എത്തി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചാനൽ പരീക്ഷണ സംപ്രേഷണവും ആരംഭിച്ചു. തൽസമയ സംപ്രേഷണത്തിനുള്ള ഡി.എസ്.എൻ.ജി അടക്കമുള്ള സംവിധാനങ്ങളുമായായിരുന്നു പരീക്ഷണ സംപ്രേഷണം. മറ്റ് ജില്ലകളിലും റിലയൻസിന് റിപ്പോർട്ടർമാരെ കിട്ടി. പ്രതിസന്ധിയിലായ റിപ്പോർട്ടറായിരുന്നു പ്രധാന സ്രോതസ്സ്. തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ മാദ്ധ്യമപ്രവർത്തകർ ന്യൂസ് 18 നോട് അടുപ്പം കാണിച്ചുതുടങ്ങി. മാദ്ധ്യമരംഗത്ത് ചാനൽ ശ്രദ്ധേയാകർഷിക്കുമെന്ന ബോധ്യം പ്രമുഖ ദൃശ്യമാദ്ധ്യമപ്രവർത്തകരിലെല്ലാം ഉണ്ടായി. ഇതോടെയാണ് റിലയൻസിലേക്ക് ഒഴുക്ക് തുടങ്ങുന്നത്. എന്നാൽ മാനേജ്‌മെന്റ് ഇടപെടലുകൾ ശക്തമാണെന്ന വാർത്ത എത്തിയതോടെ ഈ ഒഴുക്കിന് താൽകാലിക വിരാമായി. പല പ്രമുഖരുടെ പേരുകൾ പരിഗണിച്ചെങ്കിലും അവരാരും കളം മാറിയില്ലെന്നതാണ് വസ്തുത.

ഇന്ത്യയിലെ വാർത്താ സംസ്‌കാരം കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായാണ് റിലയൻസ് വ്യാപകമായി പ്രാദേശിക വാർത്താ ചാനലുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ ന്യൂസ് 18 നെറ്റ് വർക്കിന് 13 ഭാഷാ ചാനലുകളുണ്ട്. ഇതുകൂടാതെ മലയാളം, തമിഴ്, ആസാമീസ് ചാനലുകളാണ് ഇപ്പോൾ തുടങ്ങാൻ പോകുന്നത്. കേരളത്തിൽ വാർത്താസംപ്രേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകളുടെ കുത്തക തകർക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. മറ്റ് ചാനലുകളിലെ പ്രമുഖർക്ക് വൻശമ്പളമാണ് റിലയൻസിന്റെ വാഗ്ദാനം. കടുത്ത മത്സരമാണ് മലയാളം വാർത്താ ചാനലുകൾക്കിടയിൽ നിലവിലുള്ളത്. പ്രേക്ഷകരുടെ എണ്ണത്തിൽ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ മാതൃഭൂമിയും മനോരമയും ഉണ്ട്. വൻ മുതൽമുടക്കിൽ ഈ സമവാക്യം പൊളിക്കലാണ് ന്യൂസ് കേരള 18ന്റെ ലക്ഷ്യം.