- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന് എന്റെ കഴിവറിയാം, പാനൽ ചർച്ച കൊണ്ട് എന്ത് ഗുണം? നിലവിലെ ഡിപിആറിൽ പല അബദ്ധങ്ങളുണ്ട്; അതൊക്കെ തിരുത്താതെ റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കാൻ പോകുന്നില്ല; സിൽവർ ലൈൻ പദ്ധതിയിലെ ആശങ്ക തീർക്കാനുള്ള പാനൽ സംവാദത്തിൽ ക്ഷണിച്ചാത്തതിൽ ഇ ശ്രീധരന്റെ പ്രതികരണം ഇങ്ങനെ
മലപ്പുറം: ഇടതു സർക്കാറിന്റെ സ്വപ്‌ന പദ്ധതിയെന്ന് അഭിപ്രായപ്പെടുന്ന സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) മാറ്റി പുതിയ ഡിപിആർ ഉണ്ടാക്കുകയാണെങ്കിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് മെട്രോമാൻ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ പദ്ധതി അനുസരിച്ച് റെയിൽവേ ബോർഡിന്റെ അനുമതി കിട്ടാൻ പ്രയാസമാണ്. ഡിപിആറിൽ പല അബദ്ധങ്ങളുണ്ട്. അതൊക്കെ തിരുത്താതെ റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കാൻ പോകുന്നില്ലെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.
നിലവിൽ സർക്കാർ നടത്താനിരിക്കുന്ന പാനൽ ചർച്ച നേരത്തെ തന്നെ നടത്തേണ്ടതായിരുന്നു. പ്രവൃത്തികൾ തുടങ്ങിയതിന് ശേഷമല്ല ചർച്ച നടത്തേണ്ടത്. നിലവിൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അനുമതി കിട്ടുമോ എന്ന കാര്യം തന്നെ സംശയമാണ്. ആദ്യം പ്രോജക്ട് സമർപ്പിച്ച് റെയിൽവേ ബോർഡിന്റെ സമ്മതം വാങ്ങട്ടെ. റെയിൽവേ ബോർഡ് തന്നെ വിളിച്ച് അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നൽകുകയുള്ളൂ എന്നും ഇ ശ്രീധരൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് പാനൽ ചർച്ചയാണ്. അതിൽ പങ്കെടുത്താലും ഇല്ലെങ്കിലും ഒരു മാറ്റവും വരാൻ പോകുന്നില്ല. ഇതിൽ എന്നെ വിളിച്ചാലും പോകില്ലായിരുന്നു. പാനൽ ചർച്ച കൊണ്ട് എന്താണ് ഗുണമുള്ളത്? സർക്കാരിന് ഒരു അന്തിമ തീരുമാനം എടുക്കാൻ സാധിക്കുമോ? അങ്ങനെയാണെങ്കിൽ തീർച്ചയായും വന്നേനെ. ഇപ്പോൾ സർക്കാർ അന്തിമ തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണ്. അങ്ങനെയുള്ള സ്ഥിതിക്ക് പാനൽ ചർച്ചയിൽ പോകേണ്ട ആവശ്യമില്ല. സർക്കാരിന് എന്റെ കഴിവ് അറിയാം. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മൂന്ന് പ്രാവശ്യം കത്തുകളിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ റിപ്പോർട്ടും ഈ റിപ്പോർട്ടും തമ്മിൽ രാവും പകലും വ്യത്യാസമുണ്ട്. ആ പ്രോജക്ട് നിലത്ത് കൂടിയല്ല പോകുന്നത്. എലവേറ്റഡ് അല്ലെങ്കിൽ ഭൂമിക്കടിയിൽ കൂടിയാണ്. മാത്രമല്ല ആ പ്രോജക്ടിന് ഭൂമി ഏറ്റെടുക്കൽ വളരെ കുറവാണ്. പ്രോജക്ടിന്റെ എസ്റ്റിമേറ്റും സാങ്കേതിക വിവരങ്ങളും കൃത്യമായിരുന്നു. എന്നാൽ ഈ പ്രോജക്ട് അങ്ങനെയല്ല.
പുതിയ സിൽവർ ലൈൻ ഡിപിആർ ഉണ്ടാക്കാനും തന്റെ അഭിപ്രായങ്ങളും അറിയാൻ സർക്കാർ സമീപിക്കുകയാണെങ്കിൽ ആ ക്ഷണം തീർച്ചയായും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പുന്നയിച്ച വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്ന സംവാദത്തിൽ ഇ ശ്രീധരനെ ക്ഷണിക്കാത്ത സംഭവം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശ്രീധരൻ പ്രതികരണവുമായി രംഗത്തുവന്നത്. ഇ ശ്രീധരനെ സർക്കാർ ഗൗരവത്തോടെ കേൾക്കണമെന്ന് ഡോ. ആർ വി ജി മേനോനും വ്യക്തമാക്കിയിരുന്നു.
റെയിൽവേ വികസനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിദഗ്ധൻ ഇ ശ്രീധരൻ ആണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീധരനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനാണ് ഡോ ആർ വി ജി മേനോൻ. ഇടതുപക്ഷ സഹയാത്രികൻ. എന്നാൽ ആർ വി ജിയും കെ റെയിലിനെ എതിർക്കുന്നു. എന്നിട്ടും സർക്കാരിന്റെ കെ റെയിൽ ചർച്ചയിലേക്ക് ആർ വി ജിയെ ക്ഷണിച്ചു. ഈ സാഹചര്യത്തിലാണ് സംവാദത്തിന് കരുത്ത് കിട്ടണമെങ്കിൽ ശ്രീധരൻ വേണമെന്ന് ആർ വി ജി തന്നെ പറയുന്നത്. ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ ഏതു പാർട്ടിക്ക് വേണ്ടി നിന്നു എന്നുള്ളതല്ല കാര്യം. അദ്ദേഹത്തിന് ഈ കാര്യത്തിലുള്ള അറിവാണ് പ്രധാനം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈ വിഷയത്തിൽ പറയാനുള്ളത് സർക്കാർ ശ്രദ്ധിക്കേണ്ടതാണ്. അത് ഗൗരവബുദ്ധിയോടെ തന്നെ സർക്കാർ പരിഗണിക്കേണ്ടതാണ്-ആർ വി ജി കൂട്ടിച്ചേർത്തു.
ഗതാഗത പ്രശ്‌ന പരിഹാരത്തിനാണെങ്കിൽ സിൽവർ ലൈനല്ല, പാത ഇരട്ടിപ്പിക്കലാണ് വേണ്ടത്. അതോടൊപ്പം സിഗ്നലിങ് ആധുനികവത്കരിക്കണം. സിൽവർ ലൈനോ ബുള്ളറ്റ് ട്രെയിനോ പോലുള്ള തീരെ സ്റ്റോപ്പ് കുറവായ ട്രെയിനുകളല്ല നമുക്ക് ആവശ്യമെന്നും ആർ വി ജി മേനോൻ പറയുന്നു. ഇപ്പോഴെങ്കിലും കെ റെയിലും സർക്കാരും ജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ കേൾക്കാൻ തീരുമാനിച്ചത് നല്ല കാര്യമാണ്. പാനൽ ചർച്ചകളിലൂടെ തീരുമാനമെടുക്കാൻ പറ്റുന്നതല്ല. പാനൽ ചർച്ചയല്ല എല്ലായിടത്തും തുറന്ന ചർച്ച തന്നെ വേണം. എങ്കിലേ എല്ലാ കാഴ്ചപ്പാടുകളും പ്രതിഫലിക്കുകയുള്ളൂ.
ഡിപിആറിൽ വേണ്ട കാര്യങ്ങൾ ഇല്ല. സാധാരണ ഡിപിആറിൽ കാണേണ്ട പല സംഗതികളും ഇല്ല. ഡിപിആറിൽ ഉണ്ടാകേണ്ട ആവശ്യഘടകം ബദലുകളുടെ പരിശോധനയാണ്. വേണ്ടത്ര പരിസ്ഥിതി പഠനം നടന്നതായി ഡിപിആറിൽ പറയുന്നില്ല. പിണറായി വിജയനേയും ആർ വി ജി പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. സിൽവർ ലൈൻ ആരുടേയോ സ്വപ്നമായിട്ട് കാര്യമില്ല. ജനങ്ങളുടെ സ്വപ്നമായാലേ ജനം ത്യാഗം സഹിക്കൂ. എന്തു വില കൊടുത്തും നടപ്പാക്കുമെന്നത് ശാസ്ത്രീയ സമീപനം അല്ലെന്നും ആർവിജി മേനോൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ