കൊച്ചി: മലയാളികളുടെ അഭിമാനമാണ് ഇ ശ്രീധരൻ. പാമ്പൻ പാലവും കൊങ്കൺ റെയിൽ പാതയും ഡൽഹി മെട്രോയും ഒരുക്കി ഇന്ത്യയുടെ മെട്രോമാനായി മാറിയ മലയാളി. ഒരു പ്രതിബന്ധത്തിനും ശ്രീധരൻ എന്ന എഞ്ചിനിയറെ തോൽപ്പിക്കാനായില്ല. 46 ദിവസം കൊണ്ട് പുനർനിർമ്മിച്ച പാമ്പൻപാലും ഇന്നും വിസ്മയം. കൊങ്കണും പറയാനുള്ള ശ്രീധരന്റെ വിജയ കഥയാണ്. കേരളത്തിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായി കൊച്ചി മെട്രോയുമായി സഹകരിച്ചു. എന്നാൽ അഴിമതി മോഹമുള്ള ഉദ്യോഗസ്ഥർ പാരയുമായി എത്തി. വിട്ടുകൊടുക്കാതെ ശ്രീധരൻ നിലയുറപ്പിച്ചപ്പോൾ കൊച്ചിയിൽ മെട്രോ ഓടി. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോയായിരുന്നു ശ്രീധരൻ മനസ്സിൽ. സർക്കാരിന്റെ നിർദ്ദേശ മാനിച്ച് എല്ലാ പ്രാരംഭ ജോലിയും നടത്തി. പക്ഷേ ഒന്നും ആരും മുന്നോട്ട് കൊണ്ടു പോകുന്നില്ല. ഇതിന്റെ വേദനയോടെ ശ്രീധരൻ പദ്ധതി ഉപേക്ഷിക്കുകയാണ്.

ഒടുവിൽ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡി.എം.ആർ.സി.) പിൻവാങ്ങുകയാണ്. ഇതുസംബന്ധിച്ച കത്ത് സർക്കാരിന് ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ ഫെബ്രുവരി 28-ന് നൽകി. എന്നാൽ, സർക്കാർ മറുപടി നൽകിയിട്ടില്ല. പദ്ധതിയിൽ സർക്കാരിനുള്ള താത്പര്യക്കുറവിൽ നിരാശ അറിയിച്ചുകൊണ്ടാണ് ഇ. ശ്രീധരന്റെ പിന്മാറ്റമെന്ന് ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ആധുനിക പൊതുഗതാഗത സംവിധാനം ശക്തമാക്കാനുള്ള പദ്ധതിയുടെ സാധ്യതകൾ ഇതോടെ മങ്ങി. ഇരു നഗരങ്ങളിലുമായി 7,746 കോടിയുടെ പദ്ധതിയാണ് ഇതോടെ മുടങ്ങുന്നത്. ഇനി സഹകരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് ശ്രീധരൻ. ശ്രീധരന്റെ പിന്മാറ്റത്തോടെ ലൈറ്റ് മെട്രോയും നിലയ്ക്കും. പദ്ധതിക്കു വേണ്ടി തുറന്നിരുന്ന ഡി.എം.ആർ.സി. ഓഫീസുകൾ മാർച്ച് ഒന്നുമുതൽ പ്രവർത്തിക്കുന്നില്ല. പതിനഞ്ചോടെ ഓഫീസുകൾ പൂർണമായും അടയ്ക്കും. മാർച്ച് എട്ടിന് ശ്രീധരൻ എല്ലാം തുറന്നു പറഞ്ഞേക്കും.

ശ്രീധരൻ ആദ്യമായി തോൽക്കുകയാണ്. അതും സ്വന്തം നാട്ടിൽ. സർക്കാരിന്റെ മെല്ലെപ്പോക്കും അവഗണനയും കാരണം മെട്രോമാൻ മതിയാക്കുകയാണ്. മൂന്നുവർഷമായി ഇവിടെ പ്രയത്‌നിക്കുകയാണ്, കൃത്യമായി കാര്യങ്ങൾ നീക്കിയെങ്കിൽ ലൈറ്റ്‌മെട്രോ ഇപ്പോൾ ഓടിത്തുടങ്ങുമായിരുന്നു. കേരളത്തിനുശേഷം അപേക്ഷ നൽകിയ ലഖ്‌നൗവിൽ 10കിലോമീറ്റർ മെട്രോ ഓടിത്തുടങ്ങി. ഞങ്ങൾ വെറുതേ പിന്നാലെ നടന്നിട്ട് കാര്യമില്ലല്ലോ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും താത്പര്യമില്ല. കഴിഞ്ഞ നവംബറിൽ പുതുക്കിയ ഡി.പി.ആർ നൽകിയിട്ട് പൂഴ്‌ത്തിവച്ചിരിക്കുകയാണ്. കേന്ദ്രത്തിനയച്ചിരുന്നെങ്കിൽ ബഡജറ്റിൽ ഇടംപിടിച്ചേനെ. കേന്ദ്രത്തിൽ എനിക്കുള്ള സ്വാധീനം ഉപയോഗിച്ച് അനുമതി നേടിയെടുക്കുമായിരുന്നു. പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് ഒരുമാസംമുൻപ് നോട്ടീസ് നൽകി. ഓഫീസ് പൂട്ടുന്നതായി അറിയിച്ചു. ചർച്ചയ്ക്ക് വിളിക്കാനുള്ള സൗമനസ്യം പോലുമില്ല. കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി തനിക്ക് സമയംഅനുവദിച്ചില്ല. സ്വന്തംനാട്ടിലെ പദ്ധതിക്കായി ആഗ്രഹിച്ചു. മടുത്തു, ഇനി മതിയാക്കുകയാണ്-ഇ. ശ്രീധരൻ വേദനയോടെ പറയുകയായിരുന്നു.

2015മുതൽ കാത്തിരുന്നിട്ടും മന്ത്രിമാരും ഉദ്യോഗസ്ഥരും നിഷേധഭാവത്തിലാണ്. സ്ഥലമെടുപ്പ് മുതൽ വിദേശകരാറുകൾവരെ എതിർപ്പുകളുടെ പ്രളയം കടന്നാണ് കൊച്ചിമെട്രോയെ ശ്രീധരൻ ട്രാക്കിലിറക്കിയത്. 36മാസംകൊണ്ട് ലൈറ്റ്‌മെട്രോ ഓടിച്ചിരിക്കുമെന്ന് കേരളത്തിനു വാക്കുനൽകിയ ശ്രീധരനെ കേരളത്തിൽ നിന്ന് ഓടിക്കുകയാണ്. സ്വകാര്യ പങ്കാളിത്തത്തിനായി വാദിച്ച ഉദ്യോഗസ്ഥർ തുടക്കംമുതൽ ശ്രീധരനെതിരായിരുന്നു. റോമിലെ കമ്പനിയെ കൊണ്ടുവരാനടക്കം ശ്രമിച്ചിരുന്നു. ഇനി ഇത് ശരിയാവുമെന്ന് ഒരുപ്രതീക്ഷയും ശ്രീധരനുമില്ല. മന്ത്രിമാരുമായി വ്യക്തിപരമായി ഒരുപ്രശ്‌നവുമില്ല. വെറുതേ നടക്കാൻ താത്പര്യമില്ലാതെ തോറ്റുമടങ്ങുന്നു-നിരാശയോടെ ശ്രീധരൻ പറയുന്നു. ഇനി കൈക്കൂലിക്കാർക്ക് ആശ്വസിക്കാം. ഏതാണ്ട് 7000 കോടിയുടെ രണ്ട് ലൈറ്റ് മെട്രോകൾ നടപ്പാക്കുമ്പോൾ അതിൽ 700 കോടി കമ്മീഷൻ ഇനത്തിൽ ഉദ്യോഗസ്ഥർക്ക് തന്നെ കിട്ടും. കൊച്ചി മെട്രോയിൽ ഈ കമ്മീഷൻ കിട്ടാത്തത് പലരുടേയും ഉറക്കം കെടുത്തിയിരുന്നു.

ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടിയുള്ള മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് ഡി.എം.ആർ.സി.യുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. നിർമ്മാണത്തിന്റെ ചുമതല ഡി.എം.ആർ.സി.ക്കു നൽകി 2016 സെപ്റ്റംബറിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാർ ഒപ്പിട്ടില്ല. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക ജോലികളുമായി ഡി.എം.ആർ.സി. മുന്നോട്ടുപോയി. മേൽപ്പാലങ്ങളുടെ രൂപരേഖ തയ്യാറാക്കി കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ആർ.സി.എൽ.) കൈമാറി. 2017 ഡിസംബറിൽ ചേർന്ന കെ.ആർ.സി.എൽ. ബോർഡ് യോഗത്തിൽ മേൽപ്പാല നിർമ്മാണച്ചുമതല ഡി.എം.ആർ.സി.യെ ഒഴിവാക്കി ദർഘാസ് വിളിച്ച് നൽകാൻ തീരുമാനിച്ചു. ഇത് നേരത്തേയുള്ള ഉത്തരവിന് വിരുദ്ധമാണെന്നും ഡി.എം.ആർ.സി.യുമായി കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇ. ശ്രീധരൻ സർക്കാരിന് കത്ത് നൽകി. ഫെബ്രുവരി 15-നകം മറുപടി നൽകണമെന്നും ഇല്ലെങ്കിൽ പദ്ധതിയിൽനിന്ന് പിന്മാറുമെന്നും കത്തിലുണ്ട്. എന്നാൽ, സർക്കാർ ഇതിന് മറുപടി നൽകിയില്ല. തുടർന്നാണ് ഫെബ്രുവരി 28-ന് വീണ്ടും കത്ത് നൽകിയത്.

പാലം നിർമ്മാണത്തിൽ കോടികളാണ് അഴിമതിയായി ഒഴുകുക. പത്ത് ശതമാനമാണ് കൈക്കൂലിയായി നൽകുക. അതായത് 10 കോടിയുടെ പദ്ധതിയിൽ ഒരു കോടി ഉദ്യോഗസ്ഥർക്ക് കിട്ടും. ശ്രീധരൻ വന്നതോടെ ഇത് ഇല്ലാതെയായി. പത്ത് കോടിയുടെ പണി ശ്രീധരന് കൊടുത്താലും ഒന്നും കിട്ടില്ല. പത്ത് കോടിയുടെ പാലം അഞ്ച് കോടിക്ക് പൂർത്തിയാക്കി ബാക്കി സർക്കാരിന് തിരിച്ചു നൽകുന്നതാണ് ശ്രീധരന്റെ രീതി. കൊച്ചി മെട്രോയുടെ പല പാലങ്ങളും ഇത്തരത്തിൽ പൂർത്തിയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥ ലോബി ശ്രീധരനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. കൊച്ചി മെട്രോയുടെ പണി പോലും ശ്രീധരന് നൽകാതിരിക്കാൻ കള്ളക്കളി സജീവമായിരുന്നു.

ഇ. ശ്രീധരൻ പിന്മാറിയതോടെ കേരളത്തിന്റെ മെട്രോ പദ്ധതികളിൽ ഭാവിയിലും പൊതുമേഖലാ സ്ഥാപനമായ ഡി.എം.ആർ.സി. പങ്കെടുക്കാനുള്ള സാധ്യത മങ്ങി. ഫലത്തിൽ ഇനി കേരളത്തിൽ മെട്രോ പദ്ധതി നടപ്പാക്കണമെങ്കിൽ സർക്കാരിന് സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടി വരും. പൂർണമായും പി.പി.പി. ആയി മെട്രോ പദ്ധതികൾ ലാഭകരമായി നടപ്പാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ ഏജൻസികൾ മെട്രോപദ്ധതികൾ നടപ്പാക്കിയാൽ ഉയർന്ന നിർമ്മാണച്ചെലവും ഉയർന്ന യാത്രാനിരക്കുമാകും വരിക.

ലൈറ്റ് മെട്രോ പദ്ധതിയുടെ തുടക്കംമുതൽ തന്നെ ഇതിനെതിരായി ശക്തമായ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. പദ്ധതി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ആവശ്യമില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഡി.എം.ആർസി.യെ ഒഴിവാക്കി മത്സരാധിഷ്ഠിത ആഗോള ദർഘാസ് വിളിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. ഇത് കൈക്കൂലി ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നു. ചില രാഷ്ട്രീയക്കാരും ഒപ്പം കൂടി. സിപിഎം നേതാവായ വി ശിവൻകുട്ടി അടക്കമുള്ളവർ മുമ്പ് ശ്രീധരന്റെ സത്യസന്ധത ചോദ്യം ചെയ്തിരുന്നു. അപ്പോഴും എല്ലാം ശ്രീധരൻ തന്നെ ചെയ്യുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.

ലൈറ്റ് മെട്രോയിൽ ഉദ്യോഗസ്ഥ എതിർപ്പുകൾ മറികടന്ന് മുൻ യു.ഡി.എഫ്. സർക്കാർ ശ്രീധരൻ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആർ.സി.യെത്തന്നെ താത്കാലിക കൺസൾട്ടന്റായി നിയോഗിച്ച് മുന്നോട്ടുപോകുകയായിരുന്നു. ഇതാണ് തന്ത്രപരമായി അട്ടിമറിക്കുന്നത്. അതിനിടെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി സർക്കാർ നടപ്പാക്കും. കേന്ദ്രത്തിന്റെ പുതിയ മെട്രോ നയമനുസരിച്ച് പദ്ധതിക്ക് അനുമതി തന്നിട്ടില്ല. അതാണ് കാലതാമസമെന്നാണ് അവരുടെ വാദം. വിഷയത്തോട് പ്രതികരിക്കാൻ ചീഫ്സെക്രട്ടറി പോൾ ആന്റണി തയ്യാറായില്ല. പുതുക്കിയ പഠന റിപ്പോർട്ട് ഗതാഗതസെക്രട്ടറിക്കു കൈമാറിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.