- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണർ സ്ഥാനത്തോട് താൽപ്പര്യമില്ല, മുഖ്യമന്ത്രിയാകാൻ തയ്യാർ; പാലക്കാട്ടുനിന്ന് മത്സരിക്കാനാണ് കൂടുതൽ താൽപ്പര്യം; ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം; അധികാരത്തിൽ എത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കും; അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകും; രാഷ്ട്രീയം പറഞ്ഞ് ഇ ശ്രീധരൻ
ന്യൂഡൽഹി: മുഖ്യമന്ത്രിയാകാൻ തയ്യാറെന്നും ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. വാർത്താ ഏജസിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 'മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ല. ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് ബിജെപിയിൽ ചേർന്നത്. അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കും'- അദ്ദേഹം പറഞ്ഞു. പാലക്കാട്ടുനിന്ന് മത്സരിക്കാനാണ് താത്പര്യമെന്നും ഇ ശ്രീധരൻ സൂചിപ്പിച്ചു.
ഭരണഘടനാ പദവിയായ ഗവർണർക്ക് കൂടുതൽ അധികാരമില്ല. അതു കൊണ്ട് തന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയത്. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരൻ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറയുകയുണ്ടായി.
കേരളത്തിൽ പ്രളയമുണ്ടായതിന്റെ കാരണം പോലും സർക്കാർ കണ്ടുപിടിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതൊരു മനുഷ്യനിർമ്മിത പ്രളയമാണ്, സ്വാഭാവികമല്ല. ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാൻ എന്ത് ചെയ്യണം എന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോൾ പിന്നെ പുനരധിവാസം സർക്കാറിന്റെ നേട്ടമായി പറയാൻ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
'കേരളത്തിലേക്ക് വ്യവസായങ്ങൾ വരണം. കഴിഞ്ഞ 20 വർഷമായി ഒരു നല്ല വ്യവസായം കേരളത്തിൽ വന്നിട്ടില്ല. വരാൻ സമ്മതിക്കുന്നില്ല ഇവിടുത്തെ ആൾക്കാർ. ആ സ്വഭാവം മാറണം. വ്യവസായങ്ങൾ വരാതെ ആളുകൾക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സിൽവർ ലൈൻ. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാൻ പോകുന്നില്ല. അവർക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.' - ശ്രീധരൻ പറഞ്ഞു.
അനുമതി ലഭിച്ച പല റെയിൽവേ പ്രോജക്റ്റും എൽഡിഎഫ് സർക്കാർ വേണ്ടെന്ന് വെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലമ്പൂർ നഞ്ചംകോട് ലൈൻ, തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ ഇതൊന്നും വേണ്ട അവർക്ക്. ശരിക്കും സംസ്ഥാനത്തിന് ആവശ്യമായ പ്രോജക്റ്റുകൾ എടുക്കുന്നില്ല. പകരം, അവർക്ക് സൗകര്യം പോലെ, പേര് വർദ്ധിപ്പിക്കുന്ന പ്രോജക്റ്റുകളാണ് എടുക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു. ചെയ്യുന്ന കർമം നാടിന് ഉപകാരപ്പെടണം എന്നതാണ് ചിന്തയെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കിൽ പലാരിവട്ടം പാലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. പാലാരിവട്ടം ഞങ്ങൾ എടുത്തില്ലെങ്കിൽ അത് കഴിയാൻ ഒരു 18 മാസമെടുക്കും. അതുവരെ നാട്ടുകാർക്ക് വലിയ ഉപദ്രവമായിരിക്കും. തങ്ങൾ അഞ്ചര മാസം കൊണ്ടാണ് പൂർത്തിയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് ഇ ശ്രീധരനെയാകും. കേരളത്തിൽ ശ്രീധരനുള്ള പൊതുപിന്തുണ വലുതാണ്. സിപിഎമ്മിനും കോൺഗ്രസിനും പോലും വ്യക്തിപരമായി എതിർക്കാൻ ആവാത്ത കറകളഞ്ഞ വ്യക്തിത്വം. കൊച്ചി മെട്രോയുടെ പ്രവർത്തനം പൂർത്തിയാക്കി ഔദ്യോഗിക ജീവിതത്തിന് വിശ്രമം നൽകുമെന്ന് പ്രഖ്യാപിച്ച ശ്രീധരൻ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ അത് ബിജെപിയുടെ കേരളത്തിനായി ഒളിപ്പിച്ചുവച്ച രഹസ്യ തന്ത്രം കൂടിയാണ്. പ്രധാനമന്ത്രിയായി ഏഴു കൊല്ലം മുമ്പ് അധികാരത്തിൽ എത്തിയപ്പോൾ കാബിനറ്റ് റാങ്കിൽ ഇ ശ്രീധരൻ മന്ത്രിയാകുമെന്ന് ഏവരും കരുതി. എന്നാൽ അതുണ്ടായില്ല. അതിവേഗ മെട്രോയുടെ നിർണ്ണായക ചുമതലകൾ ശ്രീധരന് നൽകി. റെയിൽവേയുടെ നയരൂപീകരണത്തിലും പങ്കാളിയാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ശ്രീധരനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളെത്തി. എന്നാൽ അന്നൊന്നും മോദി ഒന്നും ചെയ്തില്ല. കാരണം കേരളത്തിലേക്ക് കാത്തു സൂക്ഷിച്ച രഹസ്യായുധമായിരുന്നു ശ്രീധരൻ. ഇനി കേരളത്തിലും ബിജെപി കേന്ദ്ര നേതൃത്വം സജീവ ഇടപെടൽ നടത്തും.
ദ്വീർഘമായ കർമ്മപദത്തിൽ നിന്നും രാഷ്ട്രീ വഴിയിലേക്ക് പോകുമ്പോൾ ഇ ശ്രീധരന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. കൊച്ചി മെട്രോ എന്ന ആശയം 2008ൽ തുടങ്ങി 2012ൽ പൂർത്തിയായി. ശ്രീനഗറിലെയും ജമ്മുവിലെയും ലൈറ്റ് മെട്രോ പദ്ധതികളിലും ദാൽ തടാകത്തിന്റെ പുനരുദ്ധാരണത്തിലുമാണ് വിരമിക്കലിന് ശേഷം ശ്രീധരൻ സജീവമാകുക എന്നായിരുന്നു റിപ്പോർട്ടുകൾ. വിരമിച്ചശേഷം പൊന്നാനിയിലെ വീട്ടിലായിരുന്നു ശ്രീധരൻ. ഇതിനിടെ കെ സുരേന്ദ്രനും കൂട്ടരും അദ്ദേഹത്തെ വീട്ടിലെത്തി കണ്ടിരുന്നു. ഇതെല്ലാം വ്യക്തമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് കാര്യങ്ങൾ നീക്കി. ഇതെല്ലാം ഫലം കണ്ടു. അങ്ങനെ ബിജെപിക്കാരനായി ഇ ശ്രീധരൻ.
ശ്രീധരൻ ബിജെപിയിൽ എത്തുമ്പോൾ കൂടുതൽ പ്രമുഖരും ഈ വഴിക്ക് വരും. നേരത്തെ മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയുടെ ഭാഗമായി. ഇരിങ്ങാലക്കുടയിൽ മത്സരിക്കാനും സന്നദ്ധ അറിയിച്ചു. ടിപി സെൻകുമാർ അടക്കമുള്ളവർ താൽപ്പര്യ പട്ടികയിൽ ഉണ്ട്. ഇവരെ എല്ലാം ശ്രീധരന്റെ വരവ് സ്വാധീനിക്കും. അങ്ങനെ എങ്കിൽ കേരളത്തിൽ ഉടനീളം സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയവർ മത്സര രംഗത്തുണ്ടാകും. അങ്ങനെ കേരളത്തിൽ മികച്ച വിജയം നേടാനാകും ബിജെപിയുടെ ശ്രമം. മറ്റ് പാർട്ടികളിൽ ഇടഞ്ഞു നിൽക്കുന്നവർക്കും ബിജെപി സ്വാഗതം അരുളും. അങ്ങനെ ശ്രീധരന്റെ മുഖമുയർത്തി കേരളത്തിൽ അട്ടിമറി സാധ്യതകൾ തേടുകയാണ് മോദിയും അമിത് ഷായും.
മറുനാടന് മലയാളി ബ്യൂറോ