തിരുവനന്തപുരം: വിദേശ യാത്രകഴിഞ്ഞ് തിരിച്ചെത്തിയാലുടൻ ലൈറ്റ് മെട്രോയിൽ മെട്രോ മാൻ ഇ ശ്രീധരൻ നിലപാട് വ്യക്തമാക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയിൽ നിന്ന് ശ്രീധരനെ ഒഴിവാക്കാനുള്ള കള്ളക്കളികൾ അതിരുവിട്ടതാണ് ശ്രീധരനെ ചൊടിപ്പിക്കുന്നതെന്നും വ്യക്തമാക്കിയുരുന്നു. മറുനാടൻ റിപ്പോർട്ട് ശരിവച്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ രംഗത്ത് വന്നു. ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള ശേഷി സർക്കാരിനില്ലെന്ന് ശ്രീധരൻ തുറന്നടിച്ചു. ഇനിയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ കാത്തിരിക്കില്ലെന്നും ശ്രീധരൻ വ്യക്തമാക്കി. ഇതോടെ ലൈറ്റ് മെട്രോ പദ്ധതയിൽ നിന്ന് ശ്രീധരൻ പിന്മാറുമെന്ന് വ്യക്തമായി. കൊച്ചി മെട്രോ നിർമ്മാണം പൂർത്തിയാകുന്നതോടെ കേരള സർക്കാരുമായുള്ള സഹകരണവും മെട്രോ മാൻ അവസാനിപ്പിക്കും.

കോഴിക്കോട് ലൈറ്റ് മെട്രോയുടെ കൺസൾട്ടൻസി കരാറിൽ സംസ്ഥാന സർക്കാരിൽ നിന്ന് ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇ ശ്രീധരനും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും പദ്ധതിയിൽ നിന്ന് പിന്മാറുമെന്നതിന്റെ സൂചനയാണ് ശ്രീധരൻ നൽകുന്നത്. ലൈറ്റ് മെട്രോയ്ക്കായി ഡിഎംആർസി കേരളത്തിൽ പ്രത്യേക ഓഫീസുകൾ തുറന്നിരുന്നു. എന്നാൽ ലൈറ്റ് മെട്രോ ശ്രീധരന് നൽകുമെന്ന് മുഖ്യമന്ത്രി പറയുന്നതല്ലാതെ ഒന്നും നടന്നില്ല. അതിനിടെ കേരളത്തിലെ കമ്മീഷൻ മോഹികളായ ഉദ്യോഗസ്ഥർ ശ്രീധരനെ ഒഴിവാക്കാൻ കള്ളക്കളിയും നടത്തി. ഇതിൽ മനസ്സ് മടുത്താണ് മെട്രോ മാന്റെ പ്രതികരണം ഇപ്പോൾ പുറത്തുവരുന്നത്. ലൈറ്റ് മെട്രോകൾ നടപ്പിലാക്കാൻ കേരള സർക്കാരിന് ശേഷിയില്ലെന്ന് ശ്രീധരൻ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിപറഞ്ഞ് ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ ശ്രീധരൻ പറഞ്ഞു.

ലൈറ്റ് മെട്രോ വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുമെന്നും ഇങ്ങനെപോയാൽ ഡിഎംആർസി ഓഫീസുകൾ പൂട്ടേണ്ടിവരുമെന്നും ശ്രീധരൻ പറഞ്ഞു. സാമ്പത്തിക സഹായത്തിന് ജപ്പാൻ മുന്നോട്ട് വന്നിട്ടുണ്ട്. എന്നിട്ടാണ് ഇതെല്ലാമെന്നാണ് ശ്രീധരന്റെ അഭിപ്രായം. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ശ്രീധരൻ പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗവും അന്തിമ തീരുമാനം എടുത്തില്ലെങ്കിൽ ലൈറ്റ് മെട്രോയിൽ നിന്ന് ശ്രീധരൻ പിന്മാറും. ലൈറ്റ് മെട്രോ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. അന്തിമ അനുമതിക്കായി കേന്ദ്ര സർക്കാരിന് അയയ്ക്കുകയും ചെയ്തു. എന്നാൽ നിർമ്മാണത്തിനുള്ള കൺസൾട്ടന്റായി ഡിഎംആർസിയെ നിശ്ചയിച്ചതായി അതിൽ പറയുന്നുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന തലത്തിലേക്ക് കാര്യങ്ങളുടെ പോക്ക്.

സ്വകാര്യ പങ്കാളത്തത്തോടെ നിർമ്മാണമെന്ന നിർദ്ദേശത്തെ ശ്രീധരൻ അംഗീകരിക്കുകയുമില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയ ശേഷം ഇത്തരം പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാർ കടുംപിടിത്തം നിൽക്കാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലൈറ്റ് മെട്രോയിൽ നിന്ന് പിന്മാറാൻ ശ്രീധരന്റെ തീരുമാനം. മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. രണ്ടാഴ്ചയ്ക്കകം അനിശ്ചിതത്വം മാറ്റുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ഒരു തീരുമാനവും വന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാകും പിന്മാറ്റം. കൊച്ചി മെട്രോയുടെ നിർമ്മാണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായാണ് ഡിഎംആർസിയുടെ വിലയിരുത്തൽ. എന്നാൽ കൊച്ചി മെട്രോയെ പ്രതീക്ഷയോടെ കാണുന്ന പലർക്കും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളോട് താൽപ്പര്യക്കുറവുണ്ട്. മെട്രോ യാത്രയുടെ സുഖ സൗകര്യങ്ങൾ കൊച്ചിയിൽ മാത്രം മതിയെന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ട് തന്നെ കൊച്ചി കേന്ദ്രീകരിച്ചുള്ള ഈ ലോബി ലൈറ്റ് മെട്രോ പദ്ധതികളെ അട്ടിമറിക്കുമെന്ന നിരീക്ഷണവും ഡിഎംആർസിക്കുണ്ട്. അതുകൊണ്ട് കൂടിയാണ് കടുത്ത നിലപാടിൽ ശ്രീധരൻ എത്തുന്നത്.

ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോയുടെ ഉത്തരവദിത്തത്തിനായി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ശ്രീധരന്റെ വിലയിരുത്തൽ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്ര സർക്കാരിനോട് ചേർന്നാണ് ശ്രീധരൻ പ്രവർത്തിക്കുന്നത്. റെയിൽവേയുടെ ആധുനിക വൽക്കരണം ഉൾപ്പെടെ നിരവധി ഉത്തരവാദിത്തവുമുണ്ട്. ഈ സാഹചര്യത്തിൽ ലൈറ്റ് മെട്രോയ്ക്കായി കാത്തിരിക്കേണ്ടെന്നാണ് ഡിഎംആർസിയുടെ നിലപാട്. ലൈറ്റ് മെട്രോയ്ക്കായി ആഗോള ടെൻഡർ വിളിക്കണമെന്നാണ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. സെൻട്രൽ വിജിലൻസ് കമ്മീഷണറുടെ മാർഗ്ഗ രേഖയാണ് ഇവർ ഉയർത്തിക്കാട്ടുന്നത്. തീർത്തും അടിസ്ഥാന രഹിതമാണ് ഈ വാദങ്ങൾ. 2014 സംസ്ഥാന ധന വകുപ്പ് തന്നെ ഒരു ഉത്തരവ് ഇറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കരാറുകൾ നേരിട്ട് നൽകാമെന്നാണ് ഈ ഉത്തരവ് വിശദീകരിക്കുന്നത്.

അതുകൊണ്ട് തന്നെ ലൈറ്റ് മെട്രോയുടെ നിർമ്മാണക്കരാർ ഡൽഹി സർക്കാരിന്റെ ഭാഗമായ ഡിഎംആർസിക്ക് നൽകാം. ഇതു മറച്ചുവച്ചാണ് പൊതു മരാമത്ത് ഉദ്യോഗസ്ഥർ ആഗോള ടെൻഡർ എന്ന വാദമുയർത്തുന്നതെന്നാണ് ഡിഎംആർസിയുടെ നിലപാട്. ഇതൊക്കെ പദ്ധതിയിൽ നിന്ന് തങ്ങളെ ഒഴിവാക്കാനുള്ള ഗൂഡ നീക്കമെന്നാണ് വിലയിരുത്തൽ. 2010 ഒക്ടോബറിലാണ് പദ്ധതി രൂപരേഖയ്ക്ക് മന്ത്രി സഭ അംഗീകാരം നൽകിയത്. പത്ത് മാസമായി ഒരടി പോലും മുന്നോട്ട് പോയിട്ടില്ല. 6728 കോടി രൂപയുടെ പദ്ധതിയിൽ ഇരുപത് ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും 60 ശതമാനം വായ്പയുമായിരിക്കണമെന്നാണ് ഡിഎംആർസിയുടെ നിലപാട്. ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് സംസ്ഥാന സർക്കാരും വഹിക്കണം. പദ്ധതിയുടെ മുടക്കു മുതൽ തിരിച്ചു പിടിക്കാൻ കാലമേറെയാകുമെന്നതിനാൽ സ്വകാര്യ പങ്കാളിത്തം പദ്ധതിയെ തകർക്കുമെന്നാണ് ശ്രീധരന്റെ പക്ഷം. ഇക്കാര്യം വാക്കുകളിലൂടെ മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ രേഖമൂലം ഉറപ്പൊന്നും നൽകിയിട്ടില്ല.

പത്ത് മാസത്തെ കാലതാമസത്തിലൂടെ 280 കോടി രൂപയുടെ അധിക ചെലവ് പദ്ധതിക്ക് ഇനിയുണ്ടാകും. പണപ്പെരുപ്പവും രൂപയുടെ വിലയിടിവുമെല്ലാം ചെലവു കൂട്ടും. പത്തുകൊല്ലത്തിന് ശേഷമുള്ള തിരിച്ചടവിൽ വായ്പ നൽകാനും വിദേശ സ്ഥാപനങ്ങൾ തയ്യാറാണ്. ഇതെല്ലാം രേഖമൂലം സർക്കാരിനെ ശ്രീധരൻ അറിയിക്കുകയും ചെയ്തു. എന്നിട്ടും പ്രതികരണമില്ല. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതുപോലെ ഡി.എം.ആർ.സി.യുടെ സേവനം പ്രയോജനപ്പെടുത്തിയാണ് രണ്ട് മെട്രോ പദ്ധതികളും നടപ്പാക്കുമെന്ന് തന്നെയാണ് ഈ വാദങ്ങളോട് സർക്കാരിന്റെ പ്രതികരണം. ഡി.എം.ആർ.സി. സമർപ്പിച്ച വിശദമായ പഠനറിപ്പോർട്ടിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസിയുടെ(ജൈയ്ക്ക) വായ്പ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനാകും.

ഡി.എം.ആർ.സി.യുടെ പഠനറിപ്പോർട്ടനുസരിച്ച്, ലൈറ്റ്‌മെട്രോ പദ്ധതി പൂർത്തീകരിക്കുന്നതിന് തിരുവനന്തപുരത്തിന് 4219 കോടി രൂപയും കോഴിക്കോടിന് 2509 കോടി രൂപയുമാണ്‌ െചലവ് കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കരമന മുതൽ ടെക്‌നോസിറ്റി വരെ 21.82 കിലോമീറ്ററാണ് ലൈറ്റ്‌മെട്രോ പദ്ധതി. കോഴിക്കോട്ട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.30 കിലോമീറ്ററാണ് ദൈർഘ്യം.