ന്യൂഡൽഹി: പ്രവാസികൾക്ക് ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാൽ വോട്ട് അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യും. ജോലി ചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എല്ലാവർക്കും അവസരം ഒരുക്കാനാണ് ഇത്.

ബാലറ്റ് പേപ്പർ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ പ്രവാസി വോട്ടർക്കു ലഭ്യമാക്കുക, വോട്ടു രേഖപ്പെടുത്തിയശേഷം തപാൽമാർഗം തിരികെയെത്തിക്കുക എന്നതാണ് ഇ-തപാൽ വോട്ട് രീതി. ഇതു പരീക്ഷണാടിസ്ഥാനത്തിൽ ഒന്നോ രണ്ടോ മണ്ഡലത്തിൽ നടപ്പാക്കിയശേഷം പോരായ്മകളുണ്ടെങ്കിൽ പരിഹരിച്ച് എല്ലാ മണ്ഡലങ്ങളിലും നടപ്പാക്കാമെന്നാണു ധാരണ. ഇന്ത്യൻ പാസ്‌പോർട്ട ഉള്ള വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള ആർക്കും ഏതു രാജ്യത്ത് നിന്നും വോട്ട് ചെയ്യാമെന്ന സാഹചര്യം വരും.

ഇന്ത്യയിൽ പകരക്കാരെ (പ്രോക്‌സി) ഉപയോഗിച്ചുള്ള വോട്ട് അല്ലെങ്കിൽ ഭാഗികമായി ഇലക്‌ട്രോണിക് സംവിധാനത്തിലുള്ള തപാൽ വോട്ട് എന്നിവ അനുവദിക്കാവുന്നതാണെന്നു കോടതിക്കു നൽകിയ റിപ്പോർട്ടിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിരുന്നു. തുടർനടപടി എങ്ങനെയെന്നു വ്യക്തമാക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനത്തിലെത്തിയത്. നിയമ ഭേദഗതിയിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാർ ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നു നിയമമന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ സൗകര്യം ആവശ്യപ്പെട്ടു ദുബായിലെ ഡോ. വി.പി. ഷംഷീർ നൽകിയ ഹർജി കോടതി 12നു പരിഗണിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ പ്രോക്‌സി വോട്ട് അനുവദിക്കാമെന്നും ആദ്യം അതിനു നടപടിയെടുക്കാമെന്നുമാണു കേന്ദ്രം ആലോചിച്ചത്. എന്നാൽ, പകരം വോട്ട് രീതി ദുരുപയോഗിക്കപ്പെടാമെന്നു വിലയിരുത്തപ്പെട്ടു. ഇ-തപാൽ വോട്ട് നടപ്പാക്കാനുള്ള നിയമഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കാനാണു ശ്രമം. ഇക്കാര്യം ഗാന്ധിനഗറിലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരന്ദ്ര മോദി പ്രഖ്യാപിക്കുമെന്നാണ് സൂചന.