- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ വോട്ടവകാശം യാഥാർഥ്യമാകുന്നു; ഇ- തപാൽ വോട്ടിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി; നടപ്പാക്കുന്നതിന് മുൻപ് പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താൻ നിർദ്ദേശം
ന്യൂഡൽഹി: വിദേശത്ത് ജോലിയുള്ളതു കൊണ്ട് മാത്രം വോട്ടു ചെയ്യാൻ സാധിക്കാത്ത ഇന്ത്യക്കാർക്ക് വോട്ടു ചെയ്യാൻ ഒടുവിൽ അവസരം ഒരുങ്ങുന്നു. പ്രവാസികൾക്ക് ഇ- തപാൽ വോട്ട് ഏർപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം അനുമതി നൽകി. ഇത് നടപ്പാക്കുന്നതിന് മുൻപ് പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താൻ വിദേശകാര്യമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ നിർദേശിച്ചു.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേകാര്യമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള സാധ്യത ഇതോടെ ഉയർന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേന്ദ്ര നിയമകാര്യ സെക്രട്ടറിക്ക് അയച്ച കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പ്രവാസികളുടെ നീണ്ടക്കാലത്തെ ആവശ്യമാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്.
നിലവിൽ ഇ- തപാൽ വോട്ട് സംവിധാനം പ്രതിരോധ സേന ഉൾപ്പെടെ വിവിധ സർക്കാർ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുവദിച്ചിട്ടുണ്ട്. പ്രവാസി സംഘടനകൾ ഉൾപ്പെടെയുള്ളവയുടെ നിവേദനങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മറുനാടന് ഡെസ്ക്