ന്യൂഡൽഹി: അന്തർ സംസ്ഥാന ചരക്കു ഗതാഗതത്തിന് അടുത്ത ജൂൺ ഒന്നു മുതൽ ഇ- വേ ബിൽ നിർബന്ധമാക്കിയ തീരുമാനം ജി.എസ്.ടി. കൗൺസിൽ അംഗീകരിച്ചു. ജനുവരി 16 മുതൽ പരീക്ഷണാർഥം നടപ്പിലാക്കും. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ ചേർന്ന 24- ാമത് ജി.എസ്.ടി കൗൺസിലിന്റേതാണു തീരുമാനം. നികുതിവരവ് കുറഞ്ഞതോടെയാണ് ഇ-വേ ബിൽ സംവിധാനം നേരത്തെ തന്നെ നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഒക്ടോബറിൽ ലഭിച്ച 83,346 കോടി രൂപ ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ നികുതി വരുമാനമാണ്. സെപ്റ്റംബറിൽ 95,131 കോടി രൂപയായിരുന്നു നികുതിവരുമാനമായി ലഭിച്ചത്.

ഇ -വേ ബിൽ നിബന്ധന അനുസരിച്ച് 50,000 രൂപയിലേറെ വിലവരുന്ന ചരക്കുകൾ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരിടത്തേക്കു നീക്കുന്നതിനു മുമ്പേ ഓൺലൈനായി രജസ്റ്റർ ചെയ്യണം. ഒരു സംസ്ഥാനത്തിൽ തന്നെ 10 കിലോമീറ്ററിനുള്ളിലാണ് ചരക്ക് നീക്കമെങ്കിൽ ജി.എസ്.ടി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. ജി.എസ്.ടി. നിലവിൽ വന്നതോടെ ചരക്കു ഗതാഗതത്തിന് ഇലക്ട്രോണിക് വേ ബിൽ ആവശ്യമാണ്. ജി.എസ്.ടി നെറ്റ്‌വർക്കിന്റെ പൊതുപോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതോടെ ഒരു ഇ-വേ ബിൽ നമ്പർ ലഭിക്കും. ഇത് വിതരണക്കാരനും വാങ്ങുന്നയാൾക്കും ചരക്കുനീക്കത്തിന് വാഹനത്തിലും സൂക്ഷിക്കണം.

കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ ചേർന്ന 24ാമത് ജിഎസ്ടി കൗൺസിലാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. ജിഎസ്ടി നികുതി സ്ലാബുകളിൽ ഉൾപ്പെടാത്ത സാധനങ്ങളുടെ ചരക്കുനീക്കത്തിനും ഇ-വേ ബിൽ ബാധകമാണോ എന്ന കാര്യത്തിൽ ജിഎസ്ടി കൗൺസിൽ വ്യക്തത വരുത്തിയിട്ടില്ല. ജിഎസ്ടി നിലവിൽ വന്നതോടെ ചരക്കു ഗതാഗതത്തിന് ഇലക്ട്രോണിക് വേ ബിൽ ആവശ്യമാണ്. ജിഎസ്ടി നെറ്റ്‌വർക്കിന്റെ പൊതു പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതോടെ ഒരു ഇ-വേ ബിൽ നമ്പർ ലഭിക്കും. ഇത് വിതരണക്കാരനും വാങ്ങുന്നയാളും ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന വാഹനത്തിലും സൂക്ഷിക്കണം. ചരക്കുനീക്കത്തിന്റെ മുഴുവൻ വിവരങ്ങളും ഇബിഎൻ നമ്പറിനെ അടിസ്ഥാനമാക്കി അറിയാനാവും. 100 കിലോമീറ്റർ വരെ ഒരു ദിവസമാണ് ഇ-വേ ബിൽ സമയപരിധി. തുടർന്ന് വരുന്ന ഓരോ 100 കിലോമീറ്ററിനും ഒരു ദിവസം അധികമായി അനുവദിക്കും.

നിലവിലെ ഇൻവോയ്സുകളുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളും ചരക്കുനീക്കത്തിന്റെ പൂർണ വിവരങ്ങളും ജിഎസ്ടി വകുപ്പിന് ലഭ്യമാകുന്നില്ല. ഈ സ്ഥിതി ഇ-വേ ബില്ലുകൾ വരുന്നതോടെ ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടൽ. ജിഎസ്ടി നടപ്പിലായിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പ്രതിമാസ റിട്ടേൺപോലും ശരിയായ വിധം ഫയൽ ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ് വ്യാപാരികൾ. ഈ സാഹചര്യത്തിൽ ഇ-വേ ബിൽ കൂടി പെട്ടെന്ന് നടപ്പാക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന അഭിപ്രായവും ഉണ്ട്.

ജി.എസ്.ടി.യിൽ അതിർത്തികൾ ഇല്ലാത്തതിനാൽ ഒരു സംസ്ഥാനത്തിനകത്തുള്ള ചരക്കുകടത്തിനും ഇ - വേ ബിൽ ബാധകമാകും. അരലക്ഷം രൂപയ്ക്ക് മേലുള്ള സാധനങ്ങൾ കടത്തുന്നതിനാണ് ഇ - വേ ബിൽ വേണ്ടിവരിക. ഇതിനായി സാധനങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ചുരുങ്ങിയത് പത്തുകിലോമീറ്റർ മാറ്റാനും ഇത് വേണമെന്നാണ് നിയമം. മിനിമം ദൂരപരിധി കൂട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യം അടുത്ത യോഗം തീരുമാനിക്കും. ഇ - വേ ബിൽ കേരളത്തിന് നേട്ടമുണ്ടാക്കുമെന്ന് അധികൃതർ പറഞ്ഞു.

ഉദ്പാദന കേന്ദ്രങ്ങളിലെ നികുതി ഘടനയ്ക്ക് പകരം വില്പനയിടങ്ങളിലെ നികുതി ഘടനയിലേക്ക് നികുതി പിരിവ് മാറും. അത് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടും. ജി.എസ്.ടി വന്നതോടെ അന്തർ സംസ്ഥാന വില്പനയിൽ നിന്ന് കേരളത്തിന്റെ വരുമാനം 460 കോടിയിൽ നിന്ന് 890 കോടിയായി. സേവനം ഉൾപ്പെടെ 2,000 കോടിയുടെ പ്രതിമാസ വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.