മലപ്പുറം: മലപ്പുറം കൊടിഞ്ഞിയിൽ ഇസ്ലാംമതം സ്വീകരിച്ച പുല്ലാണി ഫൈസലിനെ കൊലപ്പെടുത്തിയ കേസിൽ എട്ടു പ്രതികൾ അറസ്റ്റിൽ. ഫൈസലിന്റെ സഹോദരിയുടെ ഭർത്താവ് വിനോദ് ഉൾപ്പെടെയുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. വിനോദിനെ കൂടാതെ ഹരിദാസൻ, ഷാജി, സുനി, സജീഷ്, പ്രദീപ്, ജയപ്രകാശ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരിൽ ആർഎസ്എസ് നേതാക്കളും ഉള്ളതായി സൂചനയുണ്ട്.

കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും കൃത്യത്തിന് സഹായിച്ചവരെയുമാണ് മലപ്പുറം ഡിവൈ.എസ്‌പി പി.എം. പ്രദീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയവരെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർ വലയിലായതായി സൂചനയുണ്ട്. നന്നമ്പ്ര, കൊടിഞ്ഞി, ചുള്ളിക്കുന്ന് സ്വദേശികളായ ഫൈസലിന്റെ സഹോദരി ഭർത്താവ് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രൻ പുല്ലാണി സജീഷ് (32), കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ പുളിക്കൽ ഹരിദാസൻ (30), ഇയാളുടെ ജ്യേഷ്ഠൻ ഷാജി (39), ചാനത്ത് സുനിൽ (39), കളത്തിൽ പ്രദീപ് (32), കൊടിഞ്ഞിയിലെ ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരായ പാലത്തിങ്ങൽ പള്ളിപ്പടി ലിജു എന്ന ലിജീഷ് (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്ത ഭടനുമായ കോട്ടയിൽ ജയപ്രകാശ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകരാണ് പിടിയിലായ പ്രതികൾ. കഴിഞ്ഞ 19ന് പുലർച്ചെ ഭാര്യാപിതാവിനെയും മാതാവിനെയും താനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കൊണ്ടുവരാൻ ഓട്ടോറിക്ഷയുമായി പോകുംവഴി കൊടിഞ്ഞി ഫാറൂഖ് നഗറിൽ ബൈക്കിലത്തെിയ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫൈസൽ ഇസ്ലാം സ്വീകരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ജൂലൈയിൽ ഫൈസൽ നാട്ടിലത്തെിയപ്പോൾ ഭാര്യയും മൂന്ന് മക്കളും ഇസ്ലാം സ്വീകരിച്ചു. സഹോദരിയെയും മക്കളെയും മതം മാറ്റുമെന്ന് ഭയന്നതിനാൽ സഹോദരി ഭർത്താവായ വിനോദ് തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രാദേശിക നേതാക്കളായ ഹരിദാസൻ, ഷാജി, സുനിൽ, സജീഷ് എന്നിവരെ സമീപിക്കുകയായിരുന്നു. ഇവർ സംഘടനയുടെ പരപ്പനങ്ങാടിയിലെ നേതാക്കളെ വിവരമറിയിച്ചു.

ഒക്ടോബർ മാസത്തിൽ ഷാജി, സജീഷ്, സുനിൽ, വിനോദ്, പ്രദീപ്, ഹരിദാസൻ, പരപ്പനങ്ങാടിയിലെ സംഘടന നേതാവ് ജയപ്രകാശൻ എന്നിവർ മേലേപ്പുറം എന്ന സ്ഥലത്ത് ഒത്തുചേർന്നാണ് ഗൂഢാലോചന നടത്തിയത്. വിവരം തിരൂരിലെ പ്രമുഖ ഹിന്ദുത്വ സംഘടന നേതാവിനെ അറിയിക്കുകയും ചെയ്തു. തിരൂരിലെ നേതാവിന്റെ നിർദേശപ്രകാരം മൂന്നുപേർ 19ന് പുലർച്ചെ കൊടിഞ്ഞിയിലത്തെി കൃത്യം നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഫൈസൽ താനൂരിലേക്ക് പോകുന്നുണ്ടെന്ന വിവരം ലിജു എന്ന ലിജേഷാണ് സംഘത്തിന് കൈമാറിയത്.

സൗദി അറേബ്യയിലെ റിയാദ് ബദിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു കൊണ്ടരിക്കുമ്പോഴാണ് അനിൽകുമാർ ഇസ്ലാം മതം സ്വീകരിച്ച് ഫൈസൽ എന്ന പേര് സ്വീകരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഫൈസലിന്റെ അമ്മാവനും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഗൾഫിൽ നിന്നും അവധി കഴിഞ്ഞ് ഞായറാഴ്ച മടങ്ങാനിരിക്കുമ്പോഴാണ് ഫൈസൽ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. ഇതിനിടെയിൽ പൊന്നാനി മഊനത്തുൽ ഇസ്ലാമിൽ വച്ച് ഭാര്യയും മൂന്ന് മക്കളും ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി.

പൊന്നാനിയിൽ നിന്നും മൂന്ന് ആഴ്‌ച്ചു മുമ്പാണ് കുടുംബം വീട്ടിലെത്തിയിരുന്നത്. റെയിൽവേ സ്റ്റേഷനിലിറങ്ങിയ നെയ്യാറ്റിൻകരയിലെ ഭാര്യവീട്ടുകാരെ കൂട്ടികൊണ്ടുവരാൻ പോകുന്ന വഴിയിൽ വച്ചായിരുന്നു ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കിലും ഒറു കാറിലുമായെത്തിയ സംഘം ഫൈസലിനെ പിന്തുടരുന്ന ദൃശ്യം തൊട്ടടുത്ത സിസി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കൊടിഞ്ഞി ഫാറൂഖ് നഗർ അങ്ങാടിക്കടുത്ത് വച്ചായിരുന്നു സംഘം ക്രിത്യം നടത്തിയത്.

ഫൈസലിന്റെ ബന്ധുക്കളിൽ ചിലരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവിലെത്തിച്ചത്. ഫൈസലിന്റെയും കുടുംബത്തിന്റെയും മതംമാറ്റം ആർഎസ്എസ് പ്രവർത്തകരായ ബന്ധുക്കൾ ചേർന്ന് പലതവണ ചർച്ച ചെയ്തിരുന്നു. ഫൈസലിന്റെ അമ്മ,
സഹോദരി എന്നിവരും ഇസ്ലാം മതവുമായി മാനസികമായി പൊരുത്തപ്പെട്ടിരുന്നു. മറ്റു കുടുംബാംഗങ്ങളും മതം മാറുമോയെന്ന ആശങ്ക വർദ്ധിച്ചതോടെ ബന്ധുക്കളിൽ ചിലരുടെ എതിർപ്പിന് മൂർച്ഛകൂടി. സൗമ്യസ്വഭാവക്കാരനായ ഫൈസൽ കുടുംബാംഗങ്ങൾക്കെല്ലാം വേണ്ടപ്പെട്ടവനായിരുന്നു. ആരും ആകർഷിക്കുന്ന വ്യക്തിത്വമാണ് ഫൈസലിന്. എന്നാൽ മതമൗലികവാദം തലക്കു പിടിച്ച ബന്ധുക്കളിൽ ചിലർ ബന്ധത്തിനു വില കൽപ്പിച്ചിരുന്നില്ല. ഫൈസലിന്റെ സഹോദരനും സഹോദരീ ഭർത്താവും എതിർപ്പ് പ്രകടമാക്കിയിരുന്നു.

കുടുംബാംഗങ്ങൾ കൂട്ടത്തോടെ മതം മാറുന്നുവെന്ന് ആർ.എസ്.എസിന്റെ പ്രാദേശിക നേതൃത്വത്തെയും മേൽഘടകങ്ങളെയും അറിയിച്ചു.
തുടർന്ന് പുറം നാട്ടുകാരായ ആർഎസ്എസ്, ബിജെപി നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യാനായി പലതവണ സഹോദരി ഭർത്താവിന്റെ വീട്ടിലും മറ്റു ബന്ധുക്കളുടെ അടുത്തും എത്തിയിരുന്നു. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ഈ രണ്ട് ആർഎസ്എസ് നേതാക്കളെ അറിയില്ലെന്നാണ് ഇവർ പറഞ്ഞിരുന്നത്. ജില്ലയിലെ ഉയർന്ന രണ്ട് ആർഎസ്എസ് നേതാക്കളും ബന്ധുക്കളും ചേർന്നാണ് ഫൈസലിനെതിരെയുള്ള കൃത്യം ആസൂത്രണം ചെയ്തത്. ഫൈസലിന്റെയും കുടുംബത്തിന്റെയും മതം മാറ്റ വിഷയം ആർഎസ്എസ്
നേതാക്കളുമായി ചർച്ച ചെയ്തിരുന്നതായി നേരത്തെ ചോദ്യം ചെയ്ത ബന്ധുക്കൾ സമ്മതിച്ചിരുന്നു.

കൊലപാതകത്തിനു പിന്നിലുള്ളവരെ കണ്ടെത്താനായി പൊലീസ് നിരവധി ഫോൺകോളുകളും കൊടിഞ്ഞി പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഗൾഫിലേക്ക് പോകുന്നതിന്റെ തലേ ദിവസമാണ് ഫൈസൽ കൊല്ലപ്പെട്ടത്.