കോഴിക്കോട്: നീണ്ട പതിനാറു വർഷങ്ങൾക്കുശേഷം മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലിനെയും മഞ്ജുവാര്യരെയും ഒരുമിപ്പിക്കാൻ മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാവരും മത്സരിച്ചപ്പോൾ അതിനവസരം ലഭിച്ചത് സാക്ഷാൽ സത്യൻ അന്തിക്കാടിനാണ്. ശക്തമായ ഒരു തിരക്കഥ തിരഞ്ഞുനടന്ന സത്യന് ഒടുവിൽ അത് ലഭിച്ചത് മലയാളത്തിന്റെ പുതിയ തലമുറ എഴുത്തുകാരിൽ ഏറ്റവും മികച്ചയാളുടെ തൂലികയിൽനിന്നാണ്.

രണ്ടാംഭാവം, മീശമാധവൻ, മനസിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത്, ഫോട്ടോഗ്രാഫർ, റോസ് ഗിറ്റാറിനാൽ എന്നീ സിനിമകളുടെ സംവിധായകൻ തുടങ്ങിയ നിലകളിൽ മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന രഞ്ജൻ പ്രമോദിന്റെ തൂലികയിൽ പിറന്ന മറ്റൊരു സിനിമകൂടി മലയാളികളെത്തേടിയെത്തുന്നു. സത്യൻ അന്തിക്കാടിന്റെ 'എന്നും എപ്പോഴും' എന്ന സിനിമ റിലീസിനൊരുങ്ങുമ്പോൾ തന്റെ സിനിമാജീവിതം മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്.

ഞാൻ സിനിമയിൽനിന്ന് ഗ്യാപ്പ് എടുത്തിട്ടില്ല. മാറി നിന്നിട്ടുമില്ല. ഒരു സിനിമ കഴിഞ്ഞാലുടൻ അടുത്ത സിനിമ എന്ന ചിന്താഗതിക്കാരനല്ല ഞാൻ. ഒരു നല്ല സിനിമ രൂപപ്പെടുത്താൻ മാസങ്ങളും വർഷങ്ങളും പരിശ്രമിക്കുന്ന ശീലമുണ്ട്. ഇക്കാലയളവിൽ ഞാൻ ചില സിനിമകളുടെ പിന്നിലായിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി രണ്ടു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങൾകൊണ്ട് അത് മുടങ്ങി. സിനിമയിൽ എത്തുന്നതിനുമുമ്പ് ചെന്നൈയിൽ ഒരു പരസ്യക്കമ്പനി നടത്തിയിരുന്നു. ഇടക്കാലത്ത് അത് വീണ്ടും പുനരുജ്ജീവിപ്പിച്ചു. അങ്ങനെ പരസ്യവും ഡോക്യുമെന്ററികളും നിർമ്മിച്ചു സിനിമയോടൊപ്പം സഞ്ചരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായി സംവിധാനം ചെയ്ത സിനിമകൾക്കുവേണ്ടി ചിലപ്പോൾ മറ്റൊരു സംവിധായകരും പോകാത്ത വഴികളിലൂടെ സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. ഫോട്ടോഗ്രാഫറിലൂടെ ആദ്യമായാണ് മലയാള സിനിമയിൽ, ചിലപ്പോൾ ഇന്ത്യൻ സിനിമയിൽ യഥാർത്ഥ ആദിവാസികളെ അഭിനയിപ്പിക്കുന്നത്. മുത്തങ്ങയിലെ പൊലീസ് വേട്ടയെ ആസ്പദമാക്കി സിനിമയെടുത്തപ്പോൾ ജോഗി എന്നൊരു ആദിവാസിമാത്രമല്ല, മറ്റൊരു ആദിവാസികൂടി അവിടെ കൊല്ലപ്പെട്ടു എന്ന് ജനങ്ങളുടെ മുന്നിൽ വെളിപ്പെടുത്തുന്ന സിനിമയായിരുന്നു ഫോട്ടോഗ്രാഫർ. അന്ന് 'സിനിമ പൊട്ടി' എന്ന് പറഞ്ഞുനടന്നവർ ഇന്ന് അതിന്റെ ആരാധകരായി മാറിയിരിക്കുകയാണ്. ഞാനെടുത്ത രണ്ടു സിനിമകളും പൂർണ്ണ സംതൃപ്തിയോടെ തന്നെയാണ് ചെയ്തത്.

മഞ്ജുവാര്യർ-മോഹൻലാൽ കൂട്ടുകെട്ടിനുവേണ്ടി ഒരു തിരക്കഥ ചെയ്യുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് മാസങ്ങളോളം അതിനുവേണ്ടി പാടുപെട്ടു. എഴുത്തും സംവിധാനവുമെല്ലാം ഒരുപോലെയാണ് ഫീൽ ചെയ്യുന്നത്. അല്ലാതെ സംവിധായകൻ ആകുന്നതാണോ, തിരക്കഥാകൃത്താകുന്നതാണോ സന്തോഷം എന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ഒരു സിനിമയ്ക്കുവേണ്ടി എനിക്ക് എന്തുചെയ്യാൻ കഴിഞ്ഞു എന്നതാണ് സംതൃപ്തി നൽകുന്നത്. സിനിമയിൽ ഒരാൾ തനിച്ച് ഒന്നും ചെയ്യുന്നില്ല. അതൊരു ടീം വർക്കാണ്. എന്റെ സിനിമകളൊന്നും ഞാൻ ആസ്വദിച്ചിട്ടില്ല. മറ്റുള്ളവരുടെ സിനിമകൾ ആസ്വദിക്കാൻ കഴിയാറുണ്ട്.

എന്റെ തിരക്കഥയിൽ സിനിമ ചെയ്തവരെല്ലാം വീണ്ടും വീണ്ടും എന്നോട് സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെല്ലാം സമീപിച്ചിരുന്നു. എന്നാൽ, ഒരുപാടുകഥകൾ ഞാൻ ഒരുമിച്ച് തയ്യാറാക്കാറില്ല. പിന്നെ ജീവിതം മാറിമറിയുന്നതിനുവേണ്ടി സിനിമയെ ആശ്രയിച്ചിട്ടില്ല. ജീവിതത്തിൽ സ്വാതന്ത്യ്‌രം ആഗ്രഹിക്കുന്നതുകൊണ്ട് ഒരു സിനിമ കഴിഞ്ഞാലുടൻ അടുത്ത സിനിമയുടെ പിറകെ പോകാറില്ല എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് തിരുവണ്ണൂരാണ് സ്വദേശം. ഭാര്യ ജെസി തിരുനാവായ നാവാമുകുന്ദ സ്‌കൂളിൽ അദ്ധ്യാപിക. മക്കളായ സൗഗന്ധ്, സൗരഭ് എന്നിവർ ഭവൻസിൽ വിദ്യാർത്ഥികൾ. കഴിഞ്ഞ കുറച്ചുവർഷത്തിനുള്ളിൽ പാരീസ്, സ്വിറ്റ്‌സർലൻഡ്, ലണ്ടൻ, ഹിമാലയം, കാശി തുടങ്ങി നിരവധി സ്ഥലങ്ങളിൽ യാത്രചെയ്ത് ഒരുപാട് അനുഭവങ്ങൾ നേടി. എല്ലാ സിനിമകളേയും പോലെ 'എന്നും എപ്പോഴും' എന്ന സിനിമയും സംതൃപ്തിയോടെതന്നെയാണ് ചെയ്ത്‌തെന്നും അദ്ദേഹം പറഞ്ഞു.