റോം: ഇറ്റലിയെ പിടിച്ചുകുലുക്കി വീണ്ടും ശക്തമായ ഭൂകമ്പം. മധ്യ ഇറ്റലിയിൽ നോർഷ്യയ്ക്കടുത്താണു റിക്ടർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്.

നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് വിവരം. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7.30നായിരുന്നു ഭൂകമ്പമുണ്ടായത്.

മധ്യ ഇറ്റലിയിലെ പെറൂജിയക്ക് തെക്കുകിഴക്ക് 68 കിലോമീറ്റർ അകലെ 108 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഇതുവരെ റിപ്പോർട്ടുകൾ വന്നിട്ടില്ല. ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങളിൽ നിന്ന് ആളുകൾ പുറത്തേക്ക് ഓടി. രണ്ടു മാസത്തിനു മുൻപുണ്ടായ ഭൂകമ്പത്തിൽ 300 പേരായിരുന്നു കൊല്ലപ്പെട്ടത്.

ഭൂകമ്പത്തിൽ വീടിനുള്ളിലെ വസ്തുക്കൾ കുലുങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റോമിന് പുറമെ പെറൂജിയയിലും റിമിനിയിലും അബ്രുസോയിലും നേപ്പിൾസിലും പ്രകമ്പനം അനുഭവപ്പെട്ടു.

സമീപഭാവിയിൽ ശക്തമേറിയ ഭൂകമ്പങ്ങൾ രാജ്യത്ത് ഉണ്ടായേക്കാമെന്ന് ഇറ്റാലിയൻ നാഷണൽ കമ്മീഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കുറഞ്ഞത് മൂന്ന് മേഖലകളെങ്കിലും ഭൂകമ്പ ഭീഷണിയാണെന്ന് കമ്മീഷൻ വിലയിരുത്തി.