ക്കഴിഞ്ഞ തിങ്കളാഴ്ച അതിരാവിലെ ന്യൂസിലാൻഡിൽ 7.8 മാഗ്‌നിറ്റിയൂഡിലുണ്ടായ ഭൂകമ്പം അതീവ ശക്തിയുള്ളതും ചില പ്രത്യേകതയുള്ളതുമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. തൽഫലമായി കടൽ രണ്ട് മീറ്റർ ഇറങ്ങിപ്പോയതാണ് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്. ഭൂകമ്പത്തെ തുടർന്ന് ഇത്തരത്തിൽ കടൽ ഇറങ്ങിപ്പോകുന്നത് തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്. ഭൂകമ്പത്തിൽ അനേകം റോഡുകൾ തകരുകയും നിരവധി വീടുകൾ കൽക്കൂമ്പാരങ്ങളാവുകയും ചെയ്തിരുന്നു.

ഇത്രയും ശക്തമായ ഭൂകമ്പമായിരുന്നിട്ട് കൂടി ആകെ മരിച്ചത് വെറും രണ്ട് പേർ മാത്രമായിരുന്നുവെന്നതും അത്ഭുതം ജനിപ്പിക്കുന്നു. ഭൂകമ്പം വിതച്ച നാശത്തിന്റെ ഏരിയൽ ഫോട്ടോകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ന്യൂസിലാൻഡിന്റെ തെക്കൻ ദ്വീപായ കൈകൗറയുടെ വടക്ക് തീരപ്രദേശത്തുണ്ടായ നാശനഷ്ടത്തിന്റെ തോത് ഇത് വെളിപ്പെടുത്തുന്നുണ്ട്.

ഭൂകമ്പത്തെ തുടർന്ന് ഇന്നലെ കടുത്ത മഴയും കാറ്റും മധ്യ ന്യൂസിലാൻഡിനെ വീണ്ടും കഷ്ടപ്പാടിലാഴ്‌ത്തിയിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ നാശനഷ്ട ഭീഷണിയുയരുകയും ചെയ്തിരുന്നു. ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഭീഷണി ഇത് വർധിപ്പിക്കുകയും ചെയ്തിരുന്നു. ഭൂകമ്പമുണ്ടായതിന് ശേഷം 1000ത്തിൽ അധികം ടൂറിസ്റ്റുകളെയും തദ്ദേശവാസികളെയും ചെറിയ കടലോര പട്ടണത്തിൽ നിന്നും സേന ഹെലികോപ്റ്ററും നാവികസേനാ കപ്പലും ഉപയോഗിച്ച് ഒഴിപ്പിച്ചിരുന്നു. കുറച്ച് ദിവസം മുമ്പ് വരെ കടൽ വെള്ളത്തിൽ മുങ്ങി നിന്നിരുന്നതും കക്കയും കടൽപ്പായലും മറ്റ് കടൽ ജീവികളും പറ്റിപ്പിടിച്ച പാറകളിൽ ചിലത് ഭൂകമ്പത്തെ തുടർന്ന് കടൽ പിൻവാങ്ങിയതിനെ തുടർന്ന് പുറത്തായിരിക്കുന്ന കാഴ്ച ദയനീയമാണ്. ഇവയിലുണ്ടായിരുന്ന ജീവികൾ വെള്ളത്തിന് പുറത്തായ അവസ്ഥയാണുള്ളത്. ഇവയിൽ മിക്കവയും ചത്ത് മലച്ച് കിടക്കുന്ന ചിത്രങ്ങൾ കരളലയിപ്പിക്കുന്ന കാഴ്ചയാണ്.

ഇതാദ്യമായിട്ടല്ല ഈ ദ്വീപിൽ ഭൂകമ്പമുണ്ടാകുന്നതെങ്കിലും അതിനെ തുടർന്ന് കടൽ ഇത്തരത്തിൽ പിൻവാങ്ങുന്നത് ആദ്യമായിട്ടാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. താൻ ഈ പ്രതിഭാസം ആദ്യമായിട്ടാണ് കാണുന്നതെന്നാണ് മറൈൻ ജിയോളജിസ്റ്റായ ഡോ. ജോഷു മൗണ്ട്ജോയ് പറയുന്നത്. ഞായറാഴ്ച അർധരാത്രി 12 മണിക്കായിരുന്നു ക്രിസ്റ്റ് ചർച്ചിന് വടക്ക് ആദ്യം ഭൂകമ്പമുണ്ടായത്.തുടർന്ന് രണ്ട് പ്രധാനപ്പെട്ട ചലനങ്ങൾ കൂടി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ഒന്ന് 6.3 മാഗ്‌നിറ്റിയൂഡിലുള്ളതായിരുന്നു. ഇതിന്റെ പ്രഭവസ്ഥാനം ചെവിയോട്ടിലായിരുന്നു. മറ്റൊന്ന് 5.8 മാഗ്‌നിറ്റിയൂഡിലുള്ളതായിരുന്നു.കൈകൗറയെന്നത് ഒരു മത്സ്യബന്ധനപട്ടണവും ജനകീയമായ തിമിംഗല നിരീക്ഷണബേസുമാണ്.ഇതിനെ ചുറ്റിപ്പറ്റി പർവതങ്ങളുമുണ്ട്. ഇവിടെ ഭൂകമ്പത്തെ തുടർന്ന് വൻതോതിൽ മണ്ണിടിച്ചിടിച്ചിലുണ്ടായി റോഡുകളും റെയിലും താറുമാറിലായിട്ടുണ്ട്.

മോശപ്പെട്ട കാലാവസ്ഥ കാരണം ഇന്നലെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾ കൈകൗറയിൽ തടസപ്പെട്ടുവെന്നാണ് മിനിസ്ട്രി ഓഫ് സിവിൽ ഡിഫെൻസ് എമർജൻസി മാനേജ്മെന്റ് ഡയറക്ടറായ സാറാഹ് സ്റ്റുവർട്ട് ബ്ലാക്ക് വെളിപ്പെടുത്തുന്നത്. ഇവിടുത്തെ കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റത്തിൽ ആശങ്കയേറെയുണ്ടെന്നും അവർ പ്രതികരിക്കുന്നു. ഇവിടെ ഇനിയും മണ്ണിടിച്ചിലുണ്ടാകാനും വെള്ളപ്പൊക്കത്തിനും സാധ്യതയേറെയുണ്ടെന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അവർ പറയുന്നു.