- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറക്കത്തിലായിരുന്നതിനാൽ ആർക്കും പുറത്തേക്കോടി രക്ഷപ്പെടാനായില്ല; അഫ്ഗാനെ ശ്മശാനഭൂമിയാക്കി ഭൂകമ്പത്തിൽ മരണസംഖ്യ 1000 കടന്നു; ഹിന്ദുക്കുഷ് മലനിരകളിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരം; അഫ്ഗാനിലേത് രണ്ടു ദശകത്തിലെ ഏറ്റവും മാരകമായ ഭൂകമ്പം
കാബൂൾ: ഉറക്കത്തിലായിരുന്നതിനാൽ ആർക്കും പുറത്തേക്കോടി രക്ഷപ്പെടാനായില്ല. കൂട്ടനിലവിളികളുടെ മണിക്കൂറുകളാണ് കടന്നുപോയത്. നേരം പുലർന്നതോടെയാണ് രക്ഷാപ്രവർത്തനം നടത്താനായത്. തകർന്ന വീടുകൾക്കടിയിൽ ശരീരഭാഗങ്ങൾ മാത്രം പുറത്തുകാണാവുന്ന അവസ്ഥയിലായിരുന്നു മിക്കവരും. തല തകർന്നും കൈകാലുകൾ ചതഞ്ഞും കിടന്ന ശരീരങ്ങളെയാണ് രക്ഷാപ്രവർത്തകർക്ക് കാണാനായത്.അഫ്ഗാനിസ്ഥാനിൽ അനുഭവപ്പെട്ട രണ്ടു ദശകത്തിലെ തന്നെ മാരകമായ ഭുകമ്പത്തിലെ കാഴ്‌ച്ചകൾ ഇങ്ങനെയാണ്..
അഫ്ഗാനിസ്ഥാനിലെ തെക്കു-കിഴക്കൻ മേഖലയായ പക്ടിക പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേറെപ്പേർ മരിക്കുകയും ആയിരത്തിയഞ്ഞൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെ (ഇന്ത്യൻസമയം പുലർച്ചെ 2.30) ഉണ്ടായ ഭൂകമ്പം റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിൽവരെ പ്രകമ്പനം അനുഭവപ്പെട്ടു. പക്ടിക പ്രവിശ്യയിലെ ഭൂമിക്കടിയിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. 500 കിലോമീറ്റർ ദൂരെവരെ പ്രകമ്പനം അനുഭവപ്പെട്ടു.പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള തെക്കുകിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ദുരന്ത മേഖല.
കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ കുട്ടികളും സ്ത്രീകളും അടക്കം കൂടുതൽപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. റോഡുകൾ തകർന്നതു കാരണം രക്ഷാപ്രവർത്തനം വൈകി. കനത്ത പേമാരിയും പ്രതിസന്ധി സൃഷ്ടിച്ചു. മതിയായ ചികിത്സാസംവിധാനം ഇല്ലാത്തതിനാൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടർ മാർഗമാണ് വിദൂര നഗരങ്ങളിലെ ആശുപത്രികളിലെത്തിച്ചത്.രക്ഷാ പ്രവർത്തനത്തിനാവശ്യമായ സംവിധാനങ്ങൾ കുറവായതിനാൽ യഥാസമയം ദുരന്ത മേഖലയിൽ എത്താനും കാലതാമസം നേരിട്ടു.
അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് പാക്കിസ്ഥാൻ മെറ്റീരിയോളജിക്കൽ വിഭാഗം അറിയിച്ചു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഹിന്ദുക്കുഷ് മലനിരകൾ സ്ഥിരം ഭൂചലന മേഖലയാണ്.ദശകങ്ങൾ നീണ്ട യുദ്ധം മൂലം അടിസ്ഥാന സൗകര്യം, ഒറ്റപ്പെട്ട മേഖലകളിൽ പലതിലും പരിമിതമായി മാത്രമേ വികസിച്ചിട്ടുള്ളൂ. പല വീടുകളുടെയും അവസ്ഥ മോശമാണ്. അവിടങ്ങളിൽ രക്ഷാപ്രവർത്തനം എത്തുന്നതും ദുഷ്‌കരമാണ്. അങ്ങനെ വരുമ്പോൾ മരണസംഖ്യ ഇനിയും വർധിച്ചേക്കാം.
പക്ടിക പ്രവിശ്യയിലെ ഗായൻ, ബർമാൽ, സിറോക് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഗായനിലെ ഒരു ഗ്രാമം പൂർണ്ണമായും തകർന്നു. മണ്ണും മറ്റും കൊണ്ട് നിർമ്മിച്ച കെട്ടുറപ്പില്ലാത്ത വീടുകളിലാണ് ജനങ്ങൾ പാർക്കുന്നത്. മൊബൈൽ ടവറുകൾ അടക്കം തകർന്നതിനാൽ പുറംലോകവുമായുള്ള ആശയവിനിമയവും താറുമാറായി.താലിബാൻ നേതാവും അഫ്ഗാൻ പ്രധാനമന്ത്രിയുമായ മുഹമ്മദ് ഹസൻ അഖുന്ദ് ലോകരാജ്യങ്ങളോട് സാമ്പത്തികസഹായം അഭ്യർത്ഥിച്ചു.
അഫ്ഗാനിൽ കഴിഞ്ഞ വർഷം താലിബാൻ ഭരണമേറ്റതോടെ യുഎസ് സേനയും പ്രധാന രാജ്യാന്തര സന്നദ്ധസംഘടനകളും സ്ഥലം വിട്ടിരുന്നു. അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനം താലിബാൻ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയാണ്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും ഇനിയും പ്രവർത്തനക്ഷമമാക്കിയിട്ടില്ല. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ വിമാന സർവീസുകൾ നടത്തുന്നുള്ളൂ. അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ട്.
താലിബാൻ നേതാവ് ഹിബത്തുല്ല അഖുൻസാദ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുണ്ഡ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് രക്ഷാപ്രവർത്തനം ചർച്ച ചെയ്തു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് അഹമ്മദ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അഫ്ഗാൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യ അറിയിച്ചു. സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ദുരന്തത്തിൽപെട്ടവർക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.
രണ്ടു പതിറ്റാണ്ടിനിടെ അഫ്ഗാൻ നേരിടുന്ന ഏറ്റവും വിനാശകരമായ ഭൂചലനമാണിത്. 1998 ൽ ഇതേ തീവ്രതയുള്ള ഭൂചലനം അഫ്ഗാന്റെ വടക്കുകിഴക്കൻ മേഖലയിൽ 4500 പേരുടെ മരണത്തിനിടയാക്കിയിരുന്നു. 1997 ൽ ഹിന്ദുക്കുഷ് മലനിരകളിലുണ്ടായ ഭൂചലനത്തിൽ 848 പേർ കൊല്ലപ്പെട്ടു. 2015 ൽ അഫ്ഗാനിലും പാക്കിസ്ഥാനിലുമായുണ്ടായ ഭൂചലനത്തിൽ ഇരുന്നൂറിലേറെ പേർ മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ