ടോക്കിയോ:: ജപ്പാനിലെ ഫുകുഷിമ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിനു പിന്നാലെ 20 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി. ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സൂനാമി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഭൂചലനം തലസ്ഥാനമായ ടോക്കിയോയെ പിടിച്ചുകുലുക്കിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഫുകുഷിമ തീരത്ത് 60 കിലോമീറ്റർ അടിയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആർക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല. വൈദ്യുതി നഷ്ടമായ വീടുകളിൽ ഏഴു ലക്ഷത്തോളം എണ്ണം ടോക്കിയോയിലാണെന്ന് വൈദ്യുതി വിതരണ കമ്പനി അറിയിച്ചു. വടക്കുകിഴക്കൻ മേഖലയിലെ 1,56,000 ലക്ഷം വീടുകൾ ഇരുട്ടിലായെന്നു ടൊഹോകു ഇലക്ട്രിക് പവർ പ്രതികരിച്ചു.

സാഹചര്യത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നു പ്രധാനമന്ത്രി ഫുമിയോ കിഷിദ മാധ്യമങ്ങളോടു പറഞ്ഞു. ഫുകുഷിമ ആണവ പ്ലാന്റിന്റെ സ്ഥിതി പരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ജപ്പാനിലെ ട്രെയിൻ ഗതാഗതവും താറുമാറായി.

രാത്രി 11:36 ന് (14.36 ജിഎംടി) ഭൂചലനം ഉണ്ടായതിന് തൊട്ടുപിന്നാലെ, തീരത്തിന്റെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ടോക്കിയോ നഗരത്തിൽ മാത്രം ഏഴ് ലക്ഷത്തോളം വീടുകളാണ് ഇരുട്ടിലായത്. ഫുകുഷിമ ആണവ നിലയത്തിന് ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത ഉണ്ടായിട്ടുണ്ടോ എന്നകാര്യം പരിശോധിച്ചു വരികയാണെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയച്ചു.

ഭൂചലനത്തിന് പിന്നാലെ, ടോക്കിയോയിലെയും ഫുക്കുഷിമയിലെയും വൈദ്യുതി, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായി. 11 വർഷം മുമ്പ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും തകർന്ന വടക്കൻ ജപ്പാന്റെ ഭാഗമാണ് ഈ പ്രദേശം. അന്നത്തെ ഭൂമികുലുക്കം ആണവ നിലയത്തിന്റെ തകർച്ചയ്ക്കും കാരണമായിരുന്നു.

2011-ലെ ദുരന്തത്തിന് ശേഷം തണുപ്പിക്കൽ സംവിധാനങ്ങൾ തകരാറിലായ ഫുകുഷിമ ഡെയ്ച്ചി ആണവനിലയം പ്രവർത്തിപ്പിക്കുന്ന ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി ഹോൾഡിങ്സ് സമാനമായ എന്തെങ്കിലും നാശനഷ്ടങ്ങൾ ഇത്തവണയും ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളിൽ ഒരു മീറ്റർ (3-അടി) വരെ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് ഏജൻസിയുടെ മുന്നറയിപ്പ്. സുനാമി ചില പ്രദേശങ്ങളിൽ ഇതിനകം എത്തിയിട്ടുണ്ടാകാമെന്ന് NHK ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.

വിവരശേഖരണത്തിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി ഫുകുഷിമയുടെ തെക്ക് ഭാഗത്തുള്ള ഇബാരാക്കി പ്രിഫെക്ചറിലെ ഹ്യാകുരി താവളത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ അയച്ചതായി ജപ്പാന്റെ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തെത്തുടർന്ന് TEPCO സേവനം നൽകി വരുന്ന ടോക്കിയോ മേഖലയിൽ 2 ദശലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ഇല്ലെന്ന് സ്ഥാപനം തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.

ടോക്കിയോ ഉൾപ്പെടെ കിഴക്കൻ ജപ്പാന്റെ വലിയ ഭാഗങ്ങളിൽ ഭൂചലനമുണ്ടായിട്ടുണ്ട് അവിടെ കെട്ടിടങ്ങൾ ശക്തമായി ആടിയുലച്ചു. എന്നാൽ കെട്ടിടം തകർന്ന് വീഴുന്നത് ഉൾപ്പടേയുള്ള കാര്യങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.സുരക്ഷാ പരിശോധനകൾക്കായി തങ്ങളുടെ മിക്ക ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചതായി ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയും അറിയിച്ചിട്ടുണ്ട്.