കൊച്ചി: കേന്ദ്രം നിർദ്ദേശിച്ച ഈസ് ഓഫ് ലിവിങ് സർവേ പൂർത്തിയാക്കാൻ അവസാന മണിക്കൂറിലെ ഓട്ടത്തിന് കേരളം. സർവേയ്ക്കായി ലഭിച്ച 8 മാസത്തിൽ ഏഴും പാഴാക്കിയെന്നതാണ് വസ്തുത. ഇന്നാണ് നടപടികൾക്കു തുടക്കമിടുന്നത്. ഈ മാസം 31നാണു സർവേ പൂർത്തീകരിക്കേണ്ടത്.

കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും നടപ്പാക്കിയ കേന്ദ്ര --സംസ്ഥാന പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് 'ഈസ് ഓഫ് ലിവിങ്' സർവേ. 2011 ലെ സാമൂഹ്യ --സാമ്പത്തിക -ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതി പ്രവർത്തനങ്ങളാണ് സർവേയിലൂടെ വിലയിരുത്തുന്നത്. പഴയ സാമൂഹ്യ -സാമ്പത്തിക സെൻസസ് പട്ടികയിലുള്ള ഗുണഭോക്താക്കളുടെ നിലവിലുള്ള ജീവിത സൗകര്യങ്ങളുടെ വിവരം ശേഖരിക്കും

ഇല്ലായ്മയിൽ കഴിയുന്ന ഗ്രാമീണ കുടുംബങ്ങളെ കണ്ടെത്തി, പ്രത്യേക ആനുകൂല്യങ്ങൾ നൽകേണ്ടവരെ നിശ്ചയിക്കുകയാണ് ലക്ഷ്യം. 2011 ലെ സാമൂഹികസാമ്പത്തികജാതി സർവേയിൽ ഉൾപ്പെട്ടവരിൽ നിന്നാണു വിവരശേഖരണം നടത്തേണ്ടത്. ഭൂരിഭാഗം സംസ്ഥാനങ്ങളും മാസങ്ങൾക്കു മുൻപേ ഇതു പൂർത്തിയാക്കി വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞു. സംസ്ഥാനത്തു 15 ലക്ഷത്തോളം പേരുടെ വിവരശേഖരണമാണു നടത്തേണ്ടത്.

വിവര ശേഖരണത്തിനായി ആദ്യം നിശ്ചയിച്ചിരുന്നതു ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനെയായിരുന്നെങ്കിലും അവസാന നിമിഷം ഗ്രാമവികസന വകുപ്പിനു നൽകി. ഡേറ്റ എൻട്രി ചുമതല സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനാണ്. എന്യൂമറേറ്റർമാരായി നിശ്ചയിച്ചിട്ടുള്ള വിഇഒമാർക്കാണ് പഞ്ചായത്തുകളിൽ വിവരശേഖരണത്തിന്റെ ചുമതല. 15 ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

ഒന്നോ രണ്ടോ വിഇഒമാരാണു സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലുമുള്ളത്. ഇവർ 2000 പേരുടെ വരെ വിവരങ്ങൾ ശേഖരിക്കണം. ഓരോ പഞ്ചായത്തിലും വിലാസമില്ലാതെ ശരാശരി 1500 പേർ വീതം ഉണ്ടെന്നും ഇവരെ കണ്ടെത്തി 38 ചോദ്യങ്ങളും ഉപചോദ്യങ്ങളുമടങ്ങിയ ഫോം പൂരിപ്പിച്ചു വാങ്ങി പട്ടികയാക്കൽ ആണ് ചെയ്യേണ്ടത്. ഇതിന് 15 ദിവസം പോരെന്ന അഭിപ്രായം ജീവനക്കാർക്കിടയിൽ സജീവമാണ്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീടുകയറിയുള്ള വിവരശേഖരണം ഒഴിവാക്കാനും ജനപ്രതിനിധികൾ, കുടുംബശ്രീകൾ, ആശാവർക്കർമാർ തുടങ്ങിയവരെ ഉപയോഗപ്പെടുത്തി ആളുകളെ ഒരുമിച്ചു കൂട്ടി വിവരശേഖരണം നടത്താനുമാണു നിർദ്ദേശം. ഇതും കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമായി മാറും.

എന്നാൽ വിവാദങ്ങൾ ആവശ്യമില്ലെന്ന് സർക്കാർ കേന്ദ്രങ്ങളും പറയുന്നു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, തൊഴിലാളികൾ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് വിവരശേഖരണം നടത്തുക. ശേഖരിക്കുന്ന വിവരങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ മാത്രം ഗുണഭോക്താക്കളെ നേരിൽകാണും.

സർവേയുടെ ഡേറ്റാ എൻട്രിയും അപ്ലോഡിങ്ങും ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നടത്തും. സർക്കാർ പദ്ധതികളിലെ ഇനിയും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം ഗുണഭോക്താക്കളുടെ നിലവിലെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള ചോദ്യങ്ങളും ഉണ്ടാകും. വിവരശേഖരണ പ്രവർത്തനങ്ങൾ ജൂലൈ 20ന് അവസാനിക്കും. തദ്ദേശ സ്വയഭരണം-, ഗ്രാമവികസനം, പഞ്ചായത്ത്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പുകളും കുടുംബശ്രീ മിഷനും സർവേയുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്നും സർക്കാർ പറയുന്നു.