വത്തിക്കാൻ : പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായ ശേഷമുള്ള ആദ്യ പാതിരാകുർബാനയിലും പ്രത്യേക പ്രാർത്ഥനകളിലും നിരവധി വിശ്വാസികൾ അണിചേർന്നു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി.

യുദ്ധത്തിന്റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യുക്രെയ്ൻ യുദ്ധം നേരിട്ട് പരാമർശിക്കാതെയാണ് മാർപ്പാപ്പയുടെ സന്ദേശം.അധിനിവേശ യുക്രെയ്ൻ നഗരമായ മെലിറ്റോപോളിന്റെ മേയറും മൂന്ന് യുക്രെയ്ൻ രാഷ്ട്രീയ നേതാക്കളും വത്തിക്കാനിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.

ശനിയാഴ്ച രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനയും നടന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ആദ്യമായാണ് പള്ളികളിൽ വിപുലമായ ഈസ്റ്റർ ആഘോഷങ്ങൾ നടക്കുന്നത്.എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ചു. തുടർന്ന് ഈസ്റ്റർ സന്ദേശം നൽകി.

മനുഷ്യർ കുടുംബ കലഹങ്ങളിൽ നിന്നും യുദ്ധങ്ങളിലേക്ക് പോകുകയാണ്. പകയും വിദ്വേഷവും നയിക്കുന്ന മനുഷ്യർ സമാധാനമില്ലാതെ ജീവിക്കുന്നു. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവർത്തികളിൽ നിന്ന് എല്ലാ ക്രൈസ്തവരും വിട്ടു നിൽക്കണമെന്നും കർദ്ദിനാൾപറഞ്ഞു.

ലത്തീൻ സഭയുടെ പാതിരാ കുർബാനയ്ക്ക് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ഉയിർപ്പിന്റെ തിരുകർമ്മങ്ങൾക്ക് ലത്തീൻ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നേതൃത്വം നൽകി.