തിരുവനന്തപുരം: ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. ഉയിർപ്പ് ഞായർ ദിനത്തോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടക്കുന്നു.

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള അമ്പതു നോമ്പാചരണത്തിന്റെ അവസാന ആഴ്ചയെ ഉയിർപ്പിന്റെ പ്രത്യാശയോടെയാണ് വിശ്വാസികൾ സ്വീകരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിമുതൽ തന്നെ ദേവാലയങ്ങളിൽ അഗ്‌നി, ജല ശുദ്ധീകരണ കർമങ്ങൾക്ക് ശേഷം ഉയിർപ്പിന്റെ തിരുക്കർമങ്ങൾ നടന്നു. ഇന്ന് രാവിലെയും വിവിധ സമയങ്ങളിലായി ദേവാലയങ്ങളിൽ കുർബാന നടക്കും. ഇതോടെ അൻപതുദിവസം നീണ്ടുനിന്ന വിശ്വാസികളുടെ വലിയ നോമ്പിനും സമാപനമാകും.

പീഡാനുഭവ സ്മരണപുതുക്കി വെള്ളിയാഴ്ച വിവിധ പ്രമുഖ ദേവാലയങ്ങളിൽ ദുഃഖവെള്ളി ആചരണം നടന്നു. പ്രധാന ദേവാലയങ്ങളിൽ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച പ്രാർത്ഥനാ ചടങ്ങുകൾ ഇന്ന് രാവിലെയും തുടരും. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി കുരിശ്ശിലേറിയ യേശുദേവൻ മൂന്നാംനാൾ ഉയിർന്നെഴുന്നേറ്റത്തിന്റെ സ്മരണയിലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. ക്രിസ്ത്രീയ ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുകൂടി. പ്രാർത്ഥനകളിലും ശുശ്രൂഷകളിലും പാതിരാ കുർബാനയിലും പങ്കെടുത്തു.

എറണാകുളം സെന്റ്‌മേരീസ് കത്തീഡ്രലിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൽ മാർ ജോർജ്ജ് ആലഞ്ചേരി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പരസ്പരം സ്‌നേഹിക്കാനാണ് യേശു നമ്മെ പഠിച്ചതെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. കൊച്ചി സെന്റ് ഫ്രാൻസിസ് കത്തീഡ്രലിലും മറ്റ് ദേവാലയങ്ങളിലും പ്രാർത്ഥനാചടങ്ങുകൾ നടന്നു.

തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ലത്തീൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഡോ.സൂസെപാക്ക്യം നേതൃത്വം നൽകി. കോഴിക്കോട്ടും വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനകൾ നടന്നു. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമായി വിശ്വാസികൾ മെഴുകുതിരികൾ കത്തിച്ചു. കോഴിക്കോട് ദേവമാതാ പള്ളിയിൽ നടന്ന പാതിരാക്കുർബാനക്ക് അതിരൂപത ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലക്കൽ നേതൃത്വം നൽകി.