ആലപ്പുഴ: ഇടത് മുന്നണി മുന്നേറ്റം നടത്തിയ ജില്ലയിൽ ഇക്കുറി അതുണ്ടാകുമോയെന്ന് പറയുക അസാധ്യമെങ്കിലും അരൂർ മണ്ഡലം ഇത്തവണയും ഉറപ്പിച്ചുതന്നെയാണ് ഇടതുമുന്നണി മുന്നോട്ടു പോകുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പല വമ്പന്മാരും കടപുഴുകുമെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ടെങ്കിലും അരൂരിൽ എ എം ആരിഫ് ഇടതുപക്ഷത്തിനായി വിജയം ആവർത്തിക്കുമെന്നു തന്നെയാണു വിലയിരുത്തൽ.

ആകെ 9 മണ്ഡലങ്ങളാണു ജില്ലയിലുള്ളത്. ഏഴും നിലവിൽ ഇടതിന്റെ കൈയിലാണ്. രണ്ടെണ്ണം മാത്രം യു ഡി എഫിന്. ഇക്കുറി ഇത്രയും പരിതാപകരമായ അവസ്ഥയാണു ആരുനേടുമെന്നത് പ്രവചിക്കാൻ തെരഞ്ഞെടുപ്പു നിരീക്ഷകർക്കു കഴിയാത്ത അവസ്ഥയാണുള്ളത്. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര,ചെങ്ങന്നൂർ, കുട്ടനാട് എന്നീ മണ്ഡലങ്ങളിൽ ഹരിപ്പാടും ചെങ്ങന്നൂരും മാത്രമാണ് യു ഡി എഫിനുള്ളത്. ആകെ വോട്ടർമാർ 15,32,680. സ്ത്രീവോട്ടർമാർക്ക് മേൽക്കൈയുള്ള ജില്ല. 8,08,829 സ്ത്രീകൾ.

ജില്ലയുടെ വടക്കെ അതിർത്തിയായ അരൂരിൽ ഇക്കുറി പോരാട്ടത്തിന് അത്രചൂടുപോരാ. സിറ്റിങ് എം എൽ എ യായ അഡ്വ എ എം ആരിഫിന് അനായസ വിജയം സമ്മാനിക്കാൻ കോൺഗ്രസ് ഇറക്കിയ സ്ഥാനാർത്ഥിയെന്ന പേരാണ് യു ഡി എഫ് സ്ഥാനാർത്ഥിയും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ. സി ആർ ജയപ്രകാശിനുള്ളത്. മൽസരങ്ങളിലെല്ലാം പരാജയം മാത്രം രുചിച്ചിട്ടുള്ള ജയപ്രകാശിന് അരൂരിലും അത്ര പ്രതീക്ഷയില്ല.

കോൺഗ്രസ് വിചാരിച്ചാൽ നേടാവുന്ന സീറ്റുതന്നെയാണ് അരൂർ. കാരണം കാലങ്ങളായി ജെ എസ് എസ് നേതാവ് കെ ആർ ഗൗരിയമ്മ കൈപിടിയിൽ വച്ചിരുന്ന മണ്ഡലം. പ്രയാധിക്യത്തെ മറന്നും ഗൗരിയമ്മ മൽസരിച്ചപ്പോഴെല്ലാം വിജയം മാത്രമായിരുന്നു. എന്നാൽ ആരിഫിന്റെ വരവും ഗൗരിയമ്മയുടെ ബലക്ഷയവും എൽ ഡി എഫിന് തുണയായി. 2006 ൽ പതിവ് ഗൗരിയമ്മ വിജയത്തിന് അറുതിയായി. പിന്നീട് വന്ന ആരിഫ് ഇപ്പോൾ തുടർച്ചയായി വിജയിച്ചു വരുന്നു. ഇതിന് തടയിടാൻ അഭ്രപാളികളിൽ നിന്നു സിദ്ദിഖിനെ ഇറക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.

എന്നാൽ, നടൻ മമ്മൂട്ടി ഇടപെട്ടതോടെയാണു സിദ്ദിഖിനെ പിൻവലിക്കാൻ തീരുമാനിച്ചതെന്നുള്ള വാർത്തകളും മണ്ഡലത്തിൽ പരക്കുന്നുണ്ട്. ആരിഫുമായി അടുത്ത ബന്ധമുണ്ട് മമ്മൂട്ടിക്ക്. സിനിമാലോകത്തു മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണു സിദ്ദിഖ്. ഇവർ പരസ്പരം ഏറ്റുമുട്ടിയാൽ ആരെ പിന്തുണയ്ക്കുമെന്ന പ്രതിസന്ധി മമ്മൂട്ടിക്കുമുണ്ടായിരുന്നുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാത്തതോടെ ഈ പ്രതിസന്ധിക്കു വിരാമമായി. യുവനേതാവിനെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് അരൂരിലെ ഇടതുപക്ഷ പ്രവർത്തകരും.