മസ്‌കറ്റ്: റംസാൻ വ്രതസമയത്ത് പൊതു സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ഒമാനിൽ നിരോധനം. നിയമം ലംഘിക്കുന്നവർക്ക പിഴയും പത്ത് ദിവസം വരെ ജയിൽ വാസവും അനുഭവിക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

ഒമാനി പീനൽ കോഡ് ആർട്ടിക്കിൾ 320/10എ പ്രകാരമാണ് നടപടിയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.1 ഒമാൻ റിയാൽ മുതൽ 5 ഒമാൻ റിയാൽ വരെ പിഴയും ഒന്നു മുതൽ പത്ത് ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതുമാണ് കുറ്റമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ വർഷം നിയമം ലംഘിച്ചതിന്റെ പേരിൽ നിരവധി സ്വദേശികളും പ്രവാസികളും അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. മുസ്ലിം വംശജർ വിശുദ്ധ മാസമായി കണക്കാക്കുന്ന റംസാൻ നാളിൽ പകൽ സമയത്ത് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് നോമ്പ് അനുഷ്ടിക്കുമ്പോൾ മറ്റുള്ളവരും അതിനോട് സഹകരിക്കണമെന്നാണ് നിർദ്ദേശം.