മെൽബൺ: മാരക വൈറസായ എബോളയെ നേരിടാൻ രാജ്യം സജ്ജമാണെന്നുള്ള സർക്കാർ ഉറപ്പുകൾക്കു മേൽ ആശങ്ക പരത്തിക്കൊണ്ട് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ പുറത്തുവിട്ടു. ഓസ്‌ട്രേലിയ എബോളയുടെ നിഴലിലാണെന്നും വരും മാസങ്ങളിൽ രാജ്യത്ത് എബോള ബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം എബോള ബാധിക്കുമെങ്കിലും ഇതേത്തുടർന്നുള്ള മരണനിരക്ക് തീരെ കുറവായിരിക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ലോകമെമ്പാടും എബോള പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയെ അതിൽ നിന്നും മാറ്റിനിർത്താനാവില്ല. അതുകൊണ്ടു തന്നെ ഏതു സമയത്തും എബോള ഇവിടെയെത്തുമെന്നും പ്രതീക്ഷിക്കാം. എബോള ബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് പടരാനുള്ള സാഹചര്യം ഇവിടെ കുറവാണെന്നും ഇത്തരം സാഹചര്യത്തെ നേരിടാൻ രാജ്യം തയാറാണെന്നും നോസൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ പ്രഫ. ബാർബറ മക്പാക്ക് വ്യക്തമാക്കി.

അതേസമയം, എബോള ബാധിതരുടെ മരണം കഴിഞ്ഞ വർഷം അവസാനത്തേതിനേക്കാൾ ഇരട്ടിയായതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഹെൽത്ത് സിസ്റ്റംസ് ഫിനാൻസിങ് ഡയറക്ടർ ഡേവിഡ് ഇവാൻസ് അറിയിച്ചു. എബോളയ്‌ക്കെതിരേ വാക്‌സിൻ കണ്ടെത്തിയെന്ന അവകാശ വാദം ഉയർന്നിട്ടുണ്ടെങ്കിലും ഇത് പരീക്ഷിക്കുന്നത് അടുത്ത ജനുവരിയിലായിരിക്കുമെന്നും വക്താവ് അറിയിച്ചിട്ടുണ്ട്. എബോള ബാധിതരെ ശുശ്രൂഷിക്കുന്ന സന്നദ്ധപ്രവർത്തകരിലും മറ്റും ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നൽകാനാണ് ഡബ്ല്യൂഎച്ച്ഒ തീരുമാനിച്ചിരിക്കുന്നത്.