ലോകകപ്പ് ഫുട്‌ബോൾ ലഹരിയിൽ നിന്ന് പിൻവാങ്ങിത്തുടങ്ങിയ ലോകജനതയാകമാനം ഇപ്പോൾ എബോള ഭീതിയുടെ പിടിയിൽ അമർന്നിരിക്കുകയാണ്. അതങ്ങ് ആഫ്രിക്കയിലല്ലേ യെന്നോർത്തായിരിക്കും ചിലർ സമാധാനിക്കുന്നത്. എന്നാൽ വിമാനയാത്രക്കാരിലൂടെ ലോകത്ത് എവിടെയും എബോളയെത്താമെന്ന സാധ്യത ഇവരുടെ സമാധാനത്തെയും തല്ലിക്കെടുത്തുന്നു. എന്നാൽ ഈ മഹാരോഗത്തെക്കുറിച്ച് പേടിയുണ്ടെന്നല്ലാതെ ഇതിനെ സംബന്ധിച്ച ശാസ്ത്രീയമായ കാര്യങ്ങളൊന്നും പലർക്കുമറിയില്ല. ഇതിന് ചികിത്സയുണ്ടോയെന്നും പിടിപെട്ടാൽ ചികിത്സയിലൂടെ രക്ഷപ്പെടുമോയെന്നുള്ള കാര്യങ്ങളെക്കുറിച്ചും പലരും അജ്ഞരുമാണ്.

ലൈബീരിയയിലെയും സീറ ലിയോണിലെയും നിരവധി ലോക്കൽ ഹെൽത്ത് വർക്കർമാരും രണ്ട് ഡോക്ടർമാരും എബോള ബാധിച്ച് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ എബോളയെ സംബന്ധിച്ച അടിസ്ഥാന വസ്തുതകളെപ്പറ്റിയുള്ള ബോധവൽക്കരണ ശ്രമങ്ങൾ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുകയാണ്. അത്തരം ചില അടിസ്ഥാന വസ്തുതകളാണ് ഇനി പ്രതിപാദിക്കുന്നത്.

എന്താണ് എബോള?


എബോള അപകടകാരിയായ ഒരു വൈറസാണ്. മൃഗങ്ങളിൽ നിന്നാണത് ആദ്യം മനുഷ്യരിലേക്കെത്തിയത്. ഹെമോർഹാഗിക് ഫീവർ എന്ന രോഗമാണ് ഇത് വരുത്തി വയ്ക്കുന്നത്. ഇതു മൂലം ഞെരമ്പുകൾ പൊട്ടുകയും തൽഫലമായി ശരീരത്തിന്റെ ആന്തരികഭാഗങ്ങളിൽ നിന്ന് രക്തവാർച്ചയുണ്ടാവുകയും ചെയ്യുന്നു. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗംബാധിതരായ 10ൽ ഒമ്പത് പേരും മരിക്കുമെന്നുറപ്പാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാകുന്നതും മരണത്തിന് വഴിയൊരുക്കുന്നു. 1976ലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ എബോള നദിക്കടുത്തുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ നിന്നായിരുന്നു ഇതിന്റെ ഉത്ഭവം.

സർക്കാരുകൾ എന്തു കൊണ്ടാണ് പെട്ടെന്ന് ആശങ്കയിലാകുന്നത്?


ആഫ്രിക്കയിൽ നിന്നും വിമാനയാത്രക്കാരിലൂടെ ലോകത്ത് എവിടെയും എബോളയെത്താം. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരവാസികളിലാണ് ഇത് എളുപ്പത്തിൽ പടർന്ന് പിടിക്കുന്നത്. ഗിനിയയിൽ എബോള അതിന്റെ തലസ്ഥാനമായ കോണക്രൈ വരെ എത്തിയിട്ടുണ്ട്.

എന്താണ് ലക്ഷണങ്ങൾ?


റോയൽ ആർമി മെഡിക്കൽ കോർപ്‌സിലെ ഡോ.ടോം ഫ്‌ലെട്ച്ചർ ഗിനിയയിലും സീറ ലിയോണിലും എബോള ബാധിതരെ ചികിത്സിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങളാണ് എബോളയ്ക്കുണ്ടാകുകയെന്നാണ് അദ്ദേഹം പറയുന്നത്. അതായത് പനി, തലവേദന, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ തുടങ്ങിയവയായിരിക്കും പ്രകടമാവുക. തുടർന്ന് കടുത്ത വയറിളക്കവും ഛർദ്ദിയും പ്രകടമാകുന്നു. വൈറസിന്റെ ഇൻക്യുബേഷൻ കാലാവധി രണ്ടുദിവസം മുതൽ മൂന്നാഴ്ച വരെയാകാം.

വന്യമൃഗങ്ങളുടെ ഇറച്ചിയുമായി എന്താണ് ബന്ധം?

വന്യമൃഗങ്ങളുടെ ഇറച്ചി തിന്നാൽ എബോള വരാനുള്ള സാധ്യത കൂടുതലാണ്. മഴക്കാടുകളിലെ എബോള ബാധിച്ച മൃഗങ്ങളെ കൊന്നു തിന്നുമ്പോഴും അവയെ തൊട്ടാൽ പോലും എബോള മനുഷ്യരിലേക്ക് പകരും. ആഫ്രിക്കയിലുള്ളവർ ചിമ്പാൻസികളെ കൊന്നു തിന്നാറുണ്ട്. എബോള ബാധിച്ച് ചിമ്പാൻസികൾ, വവ്വാലുകൾ തുടങ്ങിയവയിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലായുള്ളത്. കള്ളക്കടത്തിലൂടെ വന്യമൃഗങ്ങളുടെ മാംസത്തിലൂടെ എബോള രാജ്യത്ത്ത്താനുള്ള സാധ്യതയെയും അധികൃതർ ഭയപ്പെടുന്നു.

എബോള പകരുന്നതെങ്ങനെ?

ഇൻഫ്‌ളുവൻസ, ക്ഷയം തുടങ്ങിയവയെപ്പോലെ വായുവിലൂടെ എബോള പകരുകയില്ല. എന്നാൽ രോഗിയുടെ സ്രവങ്ങളിലൂടെയാണ് എബോള വൈറസ് മറ്റുള്ളവരിലേക്കെത്തുന്നത്. അതിനാൽ രോഗികളുടെ കുടുംബാംഗങ്ങൾക്കും ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും ഇത് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ.ഫ്‌ലെറ്റ്‌ച്ചെർ പറയുന്നു.

എബോള ബാധിച്ചവരെ തൊട്ടെന്ന് സംശയം തോന്നിയാൽ എന്ത് ചെയ്യണം?

അത്തരത്തിലൊരു സംശയമുണ്ടായാൽ നിങ്ങളുടെ ജിപിയെ ഉടൻ ബന്ധപ്പെടണം. ഒരു വിമാനത്തിൽ രോഗബാധിതനായ ഒരാളുണ്ടെങ്കിൽ അയാൾ മറ്റു യാത്രക്കാരുമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാധ്യ കൂടുതലാണ്.

എങ്ങനെയാണ് എബോള ചികിത്സിക്കുന്നത്?

എബോളയ്ക്ക് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനെതിരെയുള്ള ആന്റി വൈറസ് മരുന്നുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ലോകമാകമാനം നടക്കുകയാണ്. രോഗം ഭേദമായവരുടെ ശരീരത്തിലുണ്ടാവുന്ന ആന്റി ബോഡികൾക്ക് എബോള വൈറസിനെ ഇല്ലാതാക്കാൻ കഴിയുമോയെന്നതിനെ സംബന്ധിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ കുറെയാളുകൾ തക്കസമയത്തുള്ള ചികിത്സയിലൂടെ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഡോ.ഫ്‌ലെറ്റ്‌ച്ചെർ പറയുന്നത്. ആന്റി ബയോട്ടിക്കുകളും ഫ്‌ലൂയിഡുകളും ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സയാണ് ഇന്ന് പ്രയോഗിക്കുന്നത്. രോഗത്തിന്റെ തുടക്കത്തിൽ കണ്ടെത്തുന്നത് രക്ഷപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.