ഗാന്ധിനഗർ: രാജ്യത്തെ ദേശീയ ശക്തികളിൽ നിന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുന്ന ഗുജറാത്തിലെ ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്വാന്റെ കത്ത് വിവാദത്തിൽ. സംഭവത്തിൽ ആർച്ച് ബിഷപ്പിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിച്ചു. എന്നാൽ പ്രാർത്ഥിക്കാൻ പറയുന്നത് എങ്ങനെ തെറ്റാകുമെന്നാണ് ബിഷപ്പിന്റെ ചോദ്യം.

ദേശീയ ശക്തികൾ രാജ്യത്തെ പൂർണ്ണമായി കൈയിലെടുക്കുന്ന അവസ്ഥയാണ്. എന്നാൽ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന് ഇതിൽ മാറ്റമുണ്ടാക്കാൻ കഴിയും. ഈ തെരഞ്ഞെടുപ്പ് ഫലം പ്രാധാന്യമുള്ളതാണ്, അത് രാജ്യമൊട്ടാകെ പ്രത്യാഘാതങ്ങളും അലയൊലികളും സൃഷ്ടിക്കും. അത് രാജ്യത്തിന്റെ പ്രയാണത്തെ സ്വാധീനിക്കും.രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകർച്ചയിലാണ്. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നായിരുന്നു ആർച്ച് ബിഷപ്പ് കത്തിലൂടെ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിൽ മതവും ജാതിയും കലർത്തരുതെന്നാണ് നിയമം. ഇതാണ് ആർച്ച് ബിഷപ്പ് ലംഘിച്ചതെന്നാണ് ഉയരുന്ന ആരോപണം.

ഭരണഘടനാപരമായ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നു. പള്ളികളിലും നമ്മുടെ സ്ഥാപനങ്ങളിലും ആക്രമണം നടക്കാത്ത ദിവസം പോലുമില്ല. ന്യൂനപക്ഷങ്ങൾക്കിടയിലും പട്ടികജാതിക്കാർക്കിടയിലും പാവങ്ങളിലും അരക്ഷിതാവസ്ഥ വളരുകയാണ്. കത്തിൽ പറയുന്നു. ഗുജറാത്ത് നിയമസഭയിലേക്ക് ഭരണഘടനയോട് വിശ്വാസമുള്ളവരെയും വിവേചനമില്ലാതെ മനുഷ്യരെ ബഹുമാനിക്കുന്നവരെയും തെരഞ്ഞെടുക്കാൻ ബിഷപ്പുമാർ വിശ്വാസികളോട് നിർദ്ദേശിക്കണം. പ്രാർത്ഥനകൾ നമ്മുടെ രാജ്യത്തെ ദേശീയ ശക്തികളിൽ നിന്ന് രക്ഷിക്കും. മ്വകാൻ കത്തിൽ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദമായത്. ഇത് ബിജെപിക്ക് എതിരാണെന്നാണ് ഉയരുന്ന വാദം. ബിജെപിയെ തോൽപ്പിക്കാനുള്ള ആഹ്വാനമാണ് കത്തെന്നും വാദമെത്തി. ഇതോടെയാണ് പ്രശ്‌നം ഇലക്ഷൻ കമ്മീഷന്റെ മുമ്പിലെത്തിയത്.

ഇത് പരസ്യമാക്കാനുള്ള കത്തല്ല, പ്രാർത്ഥനക്കുള്ള അപേക്ഷയാണ്. മുൻപ് തെരഞ്ഞെടുപ്പുകൾ നടന്നപ്പോഴും താൻ ഇങ്ങനെ ചെയ്തിരുന്നു. വിശ്വാസികൾക്ക് ദിശാബോധം നൽകാനാണിത്.മുൻപും മനഃസാക്ഷിയനുസരിച്ച് വോട്ട് ചെയ്യാൻ വിശ്വാസികളെ പ്രേരിപ്പിച്ചിട്ടുണ്ട്-ഇതാണ് ആർച്ച് ബിഷപ്പിന്റെ വിശദീകരണം. ഏതായാലും കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായി. സഭ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഇടപെടുന്നതെന്തിനെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഗുജറാത്ത് വോട്ടർമാരിൽ 0.51 ശതമാനമാണ് ക്രിസ്ത്യാനികൾ.

പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്നവർ. രണ്ടു വർഷം മുൻപ് ആർച്ച് ബിഷപ്പായ മ്വകാൻ ഗുജറാത്തിലെ മുതിർന്ന ആർച്ച് ബിഷപ്പുമാരിൽ ഒരാളാണ്. ആർച്ച് ബിഷപ്പനെതിരേ മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ വിനയ് ജോഷി ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിന്മേലാണ് നടപടി.