- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തപാൽ ബാലറ്റ് ഇരട്ടിപ്പിന്റെ വ്യാപ്തി കമ്മിഷൻ അന്വേഷിക്കുന്നു; മൊത്തം തപാൽ ബാലറ്റുകളുടെയും കണക്കു ശേഖരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കലക്ടർമാർക്കു നിർദ്ദേശം നൽകി; ഇടതുപക്ഷ സർവീസ് സംഘടനാ നേതാക്കൾ കള്ളക്കളിക്ക് കൂട്ടു നിന്നെന്ന് സൂചനകൾ; കണക്കെടുപ്പിലേക്ക് കാര്യങ്ങളെത്തുമ്പോൾ അങ്കലാപ്പ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉയർത്തി കൊണ്ടുവന്ന ഇരട്ടവോട്ടു വിഷയം കുറിക്കു തന്നെയാണ് കൊണ്ടത്. ഇതോടെ കള്ളവോട്ടുകളെ നല്ലവിധത്തിൽ തടയാൻ സാധിച്ചു. ഇപ്പോൾ ചെന്നിത്തല തന്നെ വീണ്ടും ഉയർത്തിയ തപാൽ ബാലറ്റ് വിഷയവും ഏറെ ഗൗരവത്തോടെ അന്വേഷിക്കാൻ ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ. മൂന്നര ലക്ഷം വരുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റിലെ ഇരട്ടിപ്പ് എത്രത്തോളം ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കുന്നത്.
നിയോജകമണ്ഡലങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിൽ തപാൽ ബാലറ്റിൽ വോട്ടു രേഖപ്പെടുത്തി നൽകിയ ഉദ്യോഗസ്ഥർക്കു വീണ്ടും തപാലിൽ ബാലറ്റ് ലഭിച്ച സാഹചര്യത്തെക്കുറിച്ചാണ് അന്വേഷണം. ഇക്കാര്യം പരിശോധിക്കാൻ അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗളിനെ ചുമതലപ്പെടുത്തിയതായി ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു.
ഒരിക്കൽ വോട്ടു ചെയ്തവർക്കു തന്നെ വിവിധ ജില്ലകളിൽ തപാൽ ബാലറ്റുകൾ ലഭിച്ചു തുടങ്ങിയത് ബുധനാഴ്ച മുതലാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇത്തരം ബാലറ്റുകൾ വന്നതിന്റെ തെളിവുകൾ പുറത്തുവന്നു. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. തഴവ എച്ച്എസ്എസ് അദ്ധ്യാപകൻ കെ.ബാബുവിനാണ് വോട്ടിട്ട ശേഷം വീണ്ടു ബാലറ്റ് കിട്ടിയത്. അന്വേഷിക്കാൻ റിട്ടേണിങ് ഓഫീസർമാർക്ക് കൊല്ലം കളക്ടർ നിർദ്ദേശം നൽകി. സമാനമായ രീതിയിൽ പല ഉദ്യോഗസ്ഥർക്കും ബാലറ്റ് കിട്ടിയെന്നും സംശയമുണ്ട്. ക്രമക്കേടിനെ പറ്റി വ്യക്തിപരമായ പരാതികൾ കിട്ടിയിട്ടില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ പറയുന്നു. പല രാഷ്ട്രീയ പാർട്ടികളും ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷിക്കാൻ റിട്ടേണിങ്ങ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
പാറശ്ശാലയിലും തപാൽ വോട്ട് ഇരട്ടിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. വാട്ടർ അതോററ്റിയിലെ ഉദ്യോഗസ്ഥനാണ് വീണ്ടും തപാൽ വോട്ട് വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇത്തവണ തപാൽ വോട്ട് ചെയ്യൂന്നതിന് പ്രത്യേക കേന്ദ്രം ഒരുക്കിയിരുന്നു. മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് തപാൽ വോട്ടിന് അർഹതയുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് 1 മുതൽ 3 വരെയായിരുന്നു ഈ സൗകര്യം. മൂന്നിന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്ന ഉദ്യോഗസ്ഥർക്കാണ് ഇനി തപാൽ വോട്ട് ചെയ്യാൻ അവസരമുള്ളത്.
ഒരിക്കൽ വോട്ടു ചെയ്തതിനാൽ ബാലറ്റ് ഇനി ആവശ്യമില്ലെന്നു വ്യക്തമാക്കുന്ന കത്തുകൾ സഹിതം വരണാധികാരിക്കു ചില ഉദ്യോഗസ്ഥർ തിരികെ നൽകി. ബാലറ്റ് ഇരട്ടിപ്പ് സംബന്ധിച്ച് അന്വേഷണത്തിന് കൊല്ലം കലക്ടർ ഉത്തരവിട്ടു. തിരുവനന്തപുരം കലക്ടർ പ്രാഥമിക അന്വേഷണം നടത്തി. വിവാദമായതോടെ ബാലറ്റുകൾ ലഭിച്ച ഉദ്യോഗസ്ഥർ പലരും വിവരം പുറത്തു പറയാതിരിക്കുകയാണ്. അതേസമയം, ഇടതുപക്ഷ സർവീസ് സംഘടനാ നേതാക്കൾ ചിലയിടങ്ങളിൽ ബാലറ്റുകൾ ശേഖരിച്ചതായി പരാതികളുണ്ട്. ഈ ബാലറ്റ് ഉപയോഗിച്ചു വീണ്ടും വോട്ടു ചെയ്താൽ ഇരട്ടിപ്പ് തിരിച്ചറിയാൻ മാർഗമില്ല. വോട്ടെണ്ണൽ ദിനമായ മെയ് 2നു രാവിലെ 8 മണി വരെ ലഭിക്കുന്ന തപാൽ ബാലറ്റുകൾ വരണാധികാരികൾ സ്വീകരിക്കും.
അതേസമയം കണക്കെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇക്കൂട്ടർക്ക് അങ്കലാപ്പ് തുടങ്ങിയിട്ടുണ്ട്. ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടു ചെയ്തവരുടെ തപാൽ ബാലറ്റുകൾ കവറിലാക്കി അതതു വരണാധികാരികൾ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന തപാൽ ബാലറ്റുകൾ ഉദ്യോഗസ്ഥർ പോൾ ചെയ്താൽ അതും വരണാധികാരികളുടെ പക്കലെത്തും. സ്ട്രോങ് റൂം ഇപ്പോൾ തുറക്കാനാവില്ല. അതിനാൽ വോട്ടെണ്ണൽ ദിനം മാത്രമേ ഇനി ബാലറ്റ് പരിശോധന സാധിക്കൂ. അതു തന്നെ ശ്രമകരമാണ്.
എത്ര പേർ ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ടു ചെയ്തുവെന്ന കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കാത്തതിനാൽ തപാൽ ബാലറ്റുകളുടെ പോളിങ് സംബന്ധിച്ചു ഒട്ടും സുതാര്യതയുമില്ല. മൊത്തം തപാൽ ബാലറ്റുകളുടെയും കണക്കു ശേഖരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ കലക്ടർമാർക്കു നിർദ്ദേശം നൽകി. എത്ര എണ്ണം പ്രിന്റ് ചെയ്തു, അവയിൽ എത്ര എണ്ണം വിതരണം ചെയ്തു, എത്ര എണ്ണം പോൾ ചെയ്തു. ഇവയുടെ കൗണ്ടർഫോയിലുകൾ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ ശേഖരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ
1. വോട്ടേഴ്സ് ലിസ്റ്റിലെ വ്യാജവോട്ടർമാരെ കണ്ടെത്താനും അവർ കള്ളവോട്ട് ചെയ്യുന്നത് ഒരു പരിധിവരെ തടയാനും യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.
2. എന്നാൽ, ഇപ്പോൾ തപാൽ വോട്ടിൽ വ്യാപകമായ തിരിമറി നടക്കുകയാണ്. ഇത് ഫലപ്രദമായി തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
3. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
4. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ട് ചെയ്ത ഇവർക്ക് ഇപ്പോൾ തപാൽ വോട്ടിനുള്ള ബാലറ്റും പോസ്റ്റലായും വരികയാണ്.
5. ഇവർ വീണ്ടും തപാൽ വോട്ട് ചെയ്താൽ അത് ഇരട്ടിപ്പാവും. മൂന്നരലക്ഷത്തോളം തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥർ ഉണ്ട് എന്നതിനാൽ ഇതും തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാവും.
6. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ടു ചെയ്തവർക്ക് ഇപ്പോൾ അവരുടെ വീട്ടിലെ വിലാസത്തിലോ ഓഫീസ് വിലാസത്തിലോ ആണ് പോസ്റ്റൽ ബാലറ്റുകൾ ലഭിക്കുന്നത്.
7. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ടു ചെയ്തവരെ വോട്ടർ പട്ടികയിൽ മാർക്ക് ചെയ്യേണ്ടതായിരുന്നു. അതു നോക്കി ഒരിക്കൽ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാൽ വോട്ട് അയയ്ക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അതിൽ വീഴ്ച പറ്റിയിരിക്കുകയാണ്. ഇത് മനപ്പൂർവ്വം ചെയ്തതാണോ എന്നതും പരിശോധിക്കേണ്ടതാണ്.
8. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് ഞാൻ ഇന്ന് പരാതിൽ നൽകുന്നുണ്ട്. അഞ്ച് നിർദ്ദേശങ്ങളും ഞാൻ മുന്നോട്ടു വയ്ക്കുന്നു.
(ഒന്ന്) ഇങ്ങനെ ഉണ്ടായിട്ടുള്ള ഇരട്ടിപ്പുകൾ ഉടൻ കണ്ടെത്തണം. രണ്ടാമത് ചെയ്ത വോട്ടുകൾ എണ്ണരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പു ഓഫീസർമാർക്കും റിട്ടേണിങ് ഓഫീസർമാർക്കും നിർദ്ദേശം നൽകണം.
(രണ്ട്) പോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് പോസ്റ്റൽ ബാലറ്റുകൾ അയയ്ക്കുന്നതിനു മുമ്പ് അവർ നേരത്തെ വോട്ട് ചെയ്തിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസർമാരും ജില്ലാ ഇലക്ട്രറൽ ഓഫീസർമാരും ഉറപ്പുവരുത്തണം.
(മൂന്ന്) പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത പോളിങ് ഉദ്യോഗസ്ഥരുടെയും തപാൽ വോട്ട് ്അയച്ചു കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
(നാല്) ഓരോ മണ്ഡലത്തിലും തപാൽ വോട്ടിന് ബാലറ്റ് പേപ്പറുകൾ പ്രിന്റ് ചെയ്തതു എത്ര എണ്ണം, ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തത് എത്ര, ബാക്കി റിട്ടേണിങ് ഓഫീസറുടെ കൈവശം ഉള്ളത് എത്ര എന്നതിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തുക.
(അഞ്ച്) ഓരോ മണ്ഡലത്തിലും ആകെ പ്രിന്റ് ചെയ്ത തപാൽ വോട്ടുകളുടെ എണ്ണം, അവയിൽ മുതിർന്ന പൗരന്മാർക്ക് വോട്ട് ചെയ്യാൻ അയച്ച് എത്ര, റിട്ടേണിങ് ഓഫീസറുടെ കയ്യിൽ ശേഷിക്കുന്നത് എത്ര എന്നത് സംബന്ധിച്ച കണക്കും പ്രസിദ്ധീകരിക്കണം.
ഈ ആവശ്യങ്ങൾ അടങ്ങിയ കത്ത് ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് ഇന്നു നൽകി.
9. 85 വയസ്സിനു മുകളിലുള്ള മുതർന്ന പൗരന്മാരുടെ വോട്ടുകൾ വീടുകളിൽ പോയി ശേഖരിച്ചതിനെപ്പറ്റിയും വ്യാപകമായ പരാതികൾ ലഭിച്ചിരിക്കുകയാണ്.
10. വീടുകളിൽ പോയി സീൽ വച്ച പ്രത്യേക കവറുകളിൽ വോട്ടുകൾ ശേഖരിച്ച് ബാലറ്റ് ബോക്സുകളിൽ ഇട്ടശേഷം അവ സ്ട്രോംഗ് റൂമുകളിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, ഈ നടപടി ക്രമം പലേടത്തും അട്ടിമറിക്കപ്പെട്ടു.
11. വോട്ടുകൾ കവറിലാക്കിയ ശേഷം പലേടത്തും അത് സീൽ ചെയ്യുകയോ, ബാലറ്റ് ബോക്സുകളിൽ ശേഖരിക്കുകയോ ചെയ്തിട്ടില്ല.
12 പെൻഷൻ കൊണ്ടു കൊടുത്ത ശേഷം അപ്പോൾതന്നെ വോട്ട് ചെയ്തു വാങ്ങിയ സംഭവങ്ങൾ നിരവധിയാണ്.
13. ഇടതുപക്ഷ അനുഭാവമുള്ള ഉദ്യോഗസ്ഥരെയാണ് ഇങ്ങനെ വോട്ട് കളക്റ്റ് ചെയ്യുന്നതിന് നിയോഗിച്ചത്. അവർ വ്യാപകമായി കൃത്രിമം നടത്തി.
14. വോട്ടർമാരെ ഭീഷണിപ്പെടുത്തിയ നിരവധി സംഭവങ്ങളുമുണ്ടായി.
15. യഥാർത്ഥ വോട്ടർ അറിയാതെ സിപിഎം. നേതാക്കളും ഉദ്യോഗസ്ഥരും ഒത്തു ചേർന്ന് കള്ളവോട്ട് ചെയ്ത പരാതിയും ഉണ്ടായിട്ടുണ്ട്.
16. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിൽ ചെന്നപ്പോഴാണ് വൃദ്ധരായ പലരും തങ്ങളുടെ വോട്ടുകൾ മറ്റാരോ ചെയ്തതായി അറിയുന്നത്. നിരവധി സ്ഥലങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച് പരാതി ഉണ്ടായിട്ടുണ്ട്.
17. പോസ്റ്റൽ വോട്ടിൽ തിരിമറി തടയുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.
മറുനാടന് മലയാളി ബ്യൂറോ