- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്നത്തെ ബഫർ സോൺ നാളത്തെ റിസർവ് ഫോറസ്റ്റ്; നിയന്ത്രണങ്ങൾ ജനങ്ങളെ കുടിയൊഴിയാൻ നിർബന്ധിക്കുന്നതാണ്; ബത്തേരിയുടെ വികസനത്തിന് തടയിടരുത്'; വയനാടിന്റെ ചിറകരിയുന്ന ബഫർ സോൺ ഉത്തരവിനെതിരെ പ്രമേയം പാസാക്കി ബത്തേരി നഗരസഭ
വയനാട്: വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖലയാക്കണമെന്ന സുപ്രീംകോടതി വിധിക്ക് എതിരെ പ്രമേയം പാസ്സാക്കി സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിൽ. ജനങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതാണ് കോടതി ഉത്തരവെന്നും, ജനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം അപ്രായോഗികമാണെന്നും പ്രമേയത്തിൽ പറയുന്നു. ഏകകണ്ഠമായാണ് സിപിഎം ഭരിക്കുന്ന ബത്തേരി നഗരസഭ ഈ പ്രമേയം പാസ്സാക്കിയത്.
സംരക്ഷിത വന മേഖലകളുടെ അതിർത്തിക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിർബന്ധമായും വേണമെന്ന ഈ ഉത്തരവിലൂടെ വയനാട്ടിലെ പ്രധാനപ്രദേശങ്ങളെല്ലാം പരിസ്ഥിതി ദുർബല പ്രദേശമായി മാറുമെന്നും ബത്തേരി താലൂക്കിനെയും പട്ടണത്തെയും കാര്യമായി ബാധിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള കോടതി വിധി നടപ്പിലായാൽ വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ബാധിക്കുക ബത്തേരി നഗരത്തെയാണ്.
ബത്തേരി നഗരസഭാ പ്രമേയത്തിന്റെ ഉള്ളടക്കം
'സുൽത്താൻ ബത്തേരി അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന പട്ടണമാണ്. ബത്തേരിയുടെ വികസനത്തിന് തടയിടരുത്. വയനാടിന്റെ ചിറകരിയുന്ന, വയനാടിനെ ജയിലിൽ അടയ്ക്കുന്ന ഉത്തരവാണ് സുപ്രീംകോടതിയുടേത്', പ്രമേയം പറയുന്നു. നഗരത്തിലെ വിവിധ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവ ഈ വിധിയിലൂടെ നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. ഇന്നത്തെ ബഫർ സോൺ നാളത്തെ റിസർവ് ഫോറസ്റ്റ് ആയിരിക്കും. ബഫർ സോണിലെ നിയന്ത്രണങ്ങൾ ജനങ്ങളെ കുടിയൊഴിയാൻ നിർബന്ധിക്കുന്നതാണ്. ജനങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതാണിത്. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളെയാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. ആയതിനാൽ ഇതിനോട് ബത്തേരി നിയമസഭ ശക്തമായി പ്രമേയത്തിലൂടെ പ്രതിഷേധിക്കുന്നു - പ്രമേയം വ്യക്തമാക്കുന്നു.
ഇവിടെ കെട്ടിടനിർമ്മാണം, ഖനനം, മറ്റ് തരത്തിലുള്ള ഭൂവിനിയോഗങ്ങൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ വരും. ഇപ്പോൾത്തന്നെ വയനാട് കടുത്ത പ്രയാസങ്ങൾ നേരിടുകയാണ്. ബത്തേരി നഗരസഭയിലെ ജനസംഖ്യയിൽ 26 ശതമാനം ഗോത്രവർഗക്കാരായ ജനങ്ങളെ ബാധിക്കുന്നതും ജനജീവിതം പ്രതിസന്ധിയിലാക്കുന്നതുമായ ഈ ഉത്തരവ് പിൻവലിക്കണമെന്നും നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
വിഷയത്തിൽ പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കാനായി ബത്തേരി നഗരസഭ സർവകക്ഷിയോഗവും ചേർന്നു. ജനകീയ പ്രതിഷേധം എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാനായിരുന്നു യോഗം. ഈ മാസം പതിനാലാം തീയതി ബത്തേരിയിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംരക്ഷിത വനത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ഇന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. ഏഴിടത്തും പൂർണമായും കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ പുനപരിശോധന ഹർജി നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം.
പരിസ്ഥിതിലോലമേഖല സംബന്ധിച്ചുള്ള ഉത്തരവിനെക്കുറിച്ച് കേന്ദ്രസർക്കാരിന് മുന്നിൽ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജനവാസ മേഖലകൾ ഒഴിവാക്കി സംസ്ഥാനം കൊടുത്ത റിപ്പോർട്ട് പരിഗണനയിൽ ഇരിക്കെയാണ് ഈ ഉത്തരവ് വന്നത്. പൊതു താല്പര്യം കണക്കിലെടുത്ത് പരിധി കുറയ്ക്കാൻ സംസ്ഥാനം ആവശ്യപ്പെടും. വനം പരിസ്ഥിതി മന്ത്രാലയത്തെ അടക്കം സമീപിച്ചു തിരുത്തിക്കുക എന്നതാണ് മുന്നിലുള്ള വഴി. അത് സംസ്ഥാനം ചെയ്യും. എംപവേർഡ് കമ്മിറ്റിയെയും സമീപിക്കും - റോഷി അഗസ്റ്റിൻ പറയുന്നു.
നിയമപരമായി നേരിടാൻ കേരളം
വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന-നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നുമാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടത്. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ പരിസ്ഥിതി ലോലമാക്കാനുള്ള ഉത്തരവിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം. ജനങ്ങളുടെ താൽപര്യം മുൻനിർത്തി സുപ്രീം കോടതിയെയും കേന്ദ്ര സർക്കാരിനെയും സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു.
പരിസ്ഥിതിലോല ഉത്തരവ് മറികടക്കാൻ എല്ലാ ശ്രമങ്ങളും സംസ്ഥാനം നടത്തുമെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനു ശേഷം മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം. വനസംരക്ഷണത്തിനായി സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടെ സുപ്രീം കോടതിയെയും കേന്ദ്ര സർക്കാരിനെയും അറിയിക്കും. എന്നാൽ ഈ വിഷയത്തിൽ കേന്ദ്രം പൂർണമായി ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുള്ളത്. ഇവയുടെ ഒരോ കിലോമീറ്റർ ചുറ്റളവിൽ ഖനനത്തിനും വൻതോതിലുള്ള നിർമ്മാണങ്ങൾക്കും മില്ലുകൾ ഉൾപ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിർണയിച്ചിരുന്നത്. കോടതി ഉത്തരവോടെ കേരളം ഇതുവരെ സ്വീകരിച്ച ഇത്തരം നടപടികളെല്ലാം റദ്ദാകും.
മറുനാടന് മലയാളി ബ്യൂറോ