തിരുവല്ല: സിഎസ്‌ഐ മദ്ധ്യകേരള മഹാ ഇടവകയുടെ നേതൃത്വത്തിൽ ഓതറയിൽ നിർമ്മിച്ച പരിസ്ഥിതി-ആത്മീയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബിഷപ്പ് റവ  തോമസ് കെ ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അഭാവത്തിലാണ് ചടങ്ങിന്റെ അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഉദ്ഘാടനം നിർവ്വഹിച്ചത്.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഒരു വിഭാഗത്തിന്റെ മാത്രം കടമയല്ല എല്ലാവരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായിത്തന്നെ പരിസ്ഥിതിയുടെ സംരക്ഷണത്തെയും കാണണം. സുഖലോലുപതയും സൗകര്യങ്ങളും വർദ്ധിക്കുമ്പോൾ നാം പരിസ്ഥിതിയെ മറക്കുന്നത് വരുന്ന തലമുറയെ മറക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. 47 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കേന്ദ്രം അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി ഉയർത്തുമെന്ന് ബിഷപ്പ് പറഞ്ഞു. കേന്ദ്രത്തിന് ഏദൻ എന്ന് നാമകരണം നൽകി.

പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. വികസനമെന്നാൽ ഉള്ളതിനെ തച്ചുടച്ച് കൂടുതൽ സുഖസൗകര്യങ്ങൾ ഒരുക്കുന്നതാണെന്ന ചിന്ത അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുൻപ് കുപ്പിയിൽ വെള്ളം വിൽപ്പനയ്‌ക്കെത്തുന്ന ഇടമായി കേരളം മാറുമെന്ന് ആരും കരുതിയില്ല. ഇന്ന് ലാഭകരമായ വ്യവസായമായി കുപ്പിവെള്ള കമ്പിനികൾ മാറിയിരിക്കുന്നു. വികസനത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇത് ഇപ്പോഴത്തെ തലമുറയ്ക്ക് തന്നെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. രാഷ്ട്രനേതാക്കൾ പരിസ്ഥിതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന കാലമാണ്. നമ്മുടെ ഭരണാധികാരികളും വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസക് എംഎൽഎ, ആന്റോ ആന്റണി എംപി, പഞ്ചായത്ത് പ്രസിഡന്റ് എൻ രാജീവ്, ജോൺ മാത്യു, സിഎസ്‌ഐ സിനഡ് പരിസ്ഥിതി വിഭാഗം ഡയറക്ടർ ഡോ മാത്യു കോശി പുന്നയ്ക്കാട്, സിഎസ്‌ഐ പരിസ്ഥിതി കൺവീനർ റവ ജിജി ജോസഫ്, നിർമ്മാണ കമ്മിറ്റി കൺവീനർ എം എം തോമസ്, റവ ഉമ്മൻ ജോർജ്ജ്, റവ ജോൺ ഐസക്, റവ മാത്യൂസ് ഇലഞ്ഞിക്കൽ, സ്റ്റീഫൻ ജെ ദാനിയൽ, റോയി തോമസ് എന്നിവർ പ്രസംഗിച്ചു. 80 പേർക്കുള്ള താമസ സൗകര്യത്തോടുകൂടിയ ക്യാംപ് സെന്ററാണ് സിഎസ്‌ഐ സഭയുടെ നേതൃത്വത്തിൽ ഓതറയിൽ നിർമ്മിച്ച ഇക്കോ സ്പിരിച്വാലിറ്റി സെന്ററിലുള്ളത്.