'ഒരു രാജ്യം ഒരൊറ്റ നികുതി' എന്ന ചരിത്രപരമായി നികുതി പരിഷ്‌കാരത്തിലേക്ക് രാജ്യം എത്തിനിൽക്കുമ്പോൾ സാക്ഷാത്കരിക്കപ്പെട്ടത് വർഷങ്ങളായി നിരവധി പേർ നടത്തിയ പ്രയത്‌നം. സാമ്പത്തിക വിദഗ്ധനായിരുന്ന രാജ ചെല്ലയ്യ (1922-2009) ആണ് രാജ്യത്തെ നികുതി പരിഷ്‌കരണത്തിനു തുടക്കമിട്ടതെന്നു പറയാം. 1991-ൽ നികുതി പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം പരോക്ഷ നികുതി സമ്പ്രദായം സമൂലം പരിഷ്‌കരിക്കണമെന്ന നിർദ്ദേശം ഉന്നയിച്ചിരുന്നു.

ജിഎസ്ടി നിർദേശിച്ചില്ലെങ്കിലും ഏകീകൃത നികുതി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്ടറായിരുന്ന അമരേശ് ബഗ്ചിയാണ്. അദ്ദേഹം 1993ൽ സമർപിച്ച റിപ്പോർട്ടാണു മൂല്യ വർധന നികുതി (വാറ്റ്) സംബന്ധിച്ച ചർച്ചകൾക്കു തുടക്കം കുറിച്ചത്. അതേ റിപ്പോർട്ടിൽനിന്നാണ് ജിഎസ്ടി ചർച്ചകളുടെ ആരംഭവും.

വാറ്റ് തത്വത്തെ അടിസ്ഥാനമാക്കിയുള്ള ജിഎസ്ടി സമ്പ്രദായം സ്വീകരിക്കണമെന്നു ശുപാർശ ചെയ്തതു വിജയ് കേൽകർ അധ്യക്ഷനായി നിയോഗിക്കപ്പെട്ട സമിതിയാണ്. ധന വകുപ്പ് സെക്രട്ടറിയായും ധനകാര്യ കമ്മിഷൻചെയർമാനായും മറ്റും പ്രവർത്തിച്ചിട്ടുള്ള കേൽകർ പ്രത്യക്ഷ നികുതികളുടെ കാര്യത്തിലും പരിഷ്‌കാരങ്ങൾ നിർദേശിച്ചിരുന്നു.

ജിഎസ്ടിയെപ്പറ്റി പഠിക്കാൻ വാജ്പേയി സർക്കാർ നിയോഗിച്ചത് ബംഗാൾ ധന മന്ത്രി അസിംദാസ് ഗുപ്തയുടെ നേതൃത്വത്തിലുള്ള സമിതിയെയായിരുന്നു. ഇക്കണോമെട്രിക്സിൽ അസാധാരണ വൈഭവമുണ്ടായിരുന്ന ഗുപ്തയാണു ജിഎസ്ടിക്കുവേണ്ടി ഏറ്റവും കൂടുതൽ പ്രയത്‌നിച്ച രാഷ്ട്രീയ നേതാവ്.

രാജ്യത്താദ്യമായി വിൽപനനികുതി ഏർപ്പെടുത്താൻ നിർദേശിച്ചത് ഒരു മലയാളിയാണ്. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായിരുന്ന ഡോ.പി.ജെ. തോമസ്. 1937-ലെ ഇടക്കാല മദ്രാസ് സർക്കാരിൽ മുഖ്യ സാമ്പത്തികോപദേഷ്ടാവായിരുന്നു അദ്ദേഹം.

മദ്യനിരോധനം ഏർപ്പെടുത്തുന്നതുമൂലം സർക്കാരിനുണ്ടാവുന്ന സാമ്പത്തിക നഷ്ടം നികത്തുന്നതിനായിരുന്നു അന്നു വിൽപന നികുതിയേർപ്പെടുത്താൻ തീരുമാനിച്ചത്. 1942 മുതൽ 1948 വരെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു പി.ജെ.തോമസ്. 1957ൽ ഇഎംഎസിന്റെ ശുപാർശപ്രകാരം പിജെ തോമസ് രാജ്യസഭയിലെത്തുകയും ചെയ്തു.