തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഇക്കണോമിക് ഒഫൻസസ് വിങ്ങ് നിലവിൽവന്നു. പുതിയ വിങ്ങിന്റെ പ്രവർത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുള്ള സാമ്പത്തികത്തട്ടിപ്പുകൾക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിനന്റെ പുതിയ ആസ്ഥാന മന്ദിരം, പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ കെട്ടിടം, വിവിധ ജില്ലകളിലെ ഫോറൻസിക് സയൻസ് ലാബുകൾ, പൊലീസ് സ്റ്റേഷനുകളിലെ വനിത ശിശു സൗഹൃദ ഇടങ്ങൾ, കാസർകോട്ടെ നവീകരിച്ച ജില്ലാ പൊലീസ് ആസ്ഥാനം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും മുന്നിലാണെങ്കിലും മലയാളികളാണ് എറെയും സാമ്പത്തിക തട്ടിപ്പിൽപ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടും മലയാളികൾ വീണ്ടും ചതിക്കുഴികളിൽ പെടുന്നു. ഉടനടി വായ്പ ലഭ്യമാക്കുന്ന ആപ്പുകൾ മുഖേന വായ്പ എടുത്ത് തട്ടിപ്പിന് ഇരയാകുന്നവരും നിരവധിയാണ്.

ഇത് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനാണ് സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റാന്വേഷണത്തിൽ മുൻപരിചയവുമുള്ള ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ഇക്കണോമിക് ഒഫൻസസ് വിങ്ങിന് രൂപം നൽകിയത്. ഇതിനായി 226 എക്സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയൽ തസ്തികകളും സൃഷ്ടിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കി നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള ശ്രമം അടുത്തിടെയായി കണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിന് വിഘാതമാകുന്ന ഒന്നും ഇവിടെ സംഭവിക്കരുതെന്ന് സ്റ്റേറ്റ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള പൊലീസ് ഏജൻസികൾ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്പെഷ്യൽ ബ്രാഞ്ച് സംവിധാനം നല്ല നിലയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂർ സിറ്റി, വയനാട് എന്നീ ആറ് ജില്ലകളിലാണ് ജില്ലാ ഫോറൻസിക് സയൻസ് ലാബോറട്ടറികൾ നിലവിൽ വന്നത്. തുമ്പ, പൂന്തുറ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി, പേരാവൂർ, വെള്ളരിക്കുണ്ട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ വനിതാ ശിശു സൗഹൃദഇടങ്ങൾ, കേരള പൊലീസ് അക്കാദമിയിലെ പൊലീസ് റിസർച്ച് സെന്റർ, പി.റ്റി നേഴ്സറി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.