- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ കുടുക്കാൻ ഇഡി ശ്രമിച്ചുവോ? ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആറിൽ ഇനി വിചാര കോടതിയുടെ പരിശോധന; സ്വർണ്ണ കടത്തിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ നിർണ്ണായകമാകും; ജ്യൂഡിഷ്യൽ അന്വേഷണത്തിനൊപ്പം കേന്ദ്ര ഏജൻസിയെ ഈ കോടതി ഇടപെടലും വലയ്ക്കുമോ?
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. സ്വർണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ പേരു പറയാൻ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണു ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലെ തെളിവുകളാകും പരിശോധിക്കുക.
ഇതേ വിഷയത്തിൽ സംസ്ഥാന സർക്കാർ ജ്യുഡീഷ്യൽ അന്വേഷണവും നടത്തുന്നുണ്ട്. ഈ കേസുകളെ കേന്ദ്ര ഏജൻസി എങ്ങനെ സമീപിക്കുമെന്നതാണ് വസ്തുത. എന്നാൽ കോടതിയെ ബോധിപ്പിക്കാനുള്ള തെളിവെല്ലാം ഇഡിയുടെ പക്കലുണ്ട്. അതുകൊണ്ട് തന്നെ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്ന പ്രതീക്ഷ ഇഡിക്കുണ്ട്. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത 2 എഫ്‌ഐആറുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജ തെളിവുണ്ടാക്കാൻ ശ്രമമുണ്ടായാൽ ബന്ധപ്പെട്ട കോടതിയാണു പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്നു വിലയിരുത്തിയാണു ക്രൈം ബ്രാഞ്ചിന്റെ എഫ്‌ഐആറുകൾ ഹൈക്കോടതി റദ്ദാക്കിയത്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ മുദ്രവച്ച കവറിൽ ഇഡിയുടെ പ്രത്യേക കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു കൈമാറാനും വിഷയത്തിൽ അന്വേഷണം വേണമോയെന്നു പ്രത്യേക കോടതിക്കു തീരുമാനിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണ വിവരങ്ങൾ പരിശോധിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഇതിനായി കേസ് ഈ മാസം 27നു വീണ്ടും പരിഗണിക്കും.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതി സ്വപ്ന സുരേഷിനെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതിനു സാക്ഷികളാണെന്നു 3 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ഇഡി ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ രേഖകൾ ക്രൈംബ്രാഞ്ച് ആരോപണത്തെ ദുർബലപ്പെടുത്തുന്നതായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിനു ശേഷമാണു കേരള പൊലീസ് ഇഡിക്കെതിരെ തിരിഞ്ഞത്. മുഖ്യമന്ത്രിയടക്കമുള്ളവരെ കേസിൽ പ്രതിചേർക്കാൻ ഇഡി ശ്രമിക്കുന്നതായുള്ള ആരോപണം ശക്തിപ്പെട്ടതോടെ കേന്ദ്ര ഏജൻസികൾക്ക് എതിരായ തുറന്ന യുദ്ധത്തിലേക്കു സംസ്ഥാന സർക്കാരും നീങ്ങി.
എഫ് ഐ ആറും മറ്റൊരു കോടതി ഉത്തരവും പരിശോധിച്ചാൽ ക്രൈംബ്രാഞ്ചിന്റെ കേസിൽ അസ്വാഭാവികതകളുണ്ടെന്ന് വ്യക്തം. ഈ എഫ് ഐ ആറും ഈ കോടതി ഉത്തരവും മറുനാടൻ പുറത്തു വട്ടിരുന്നു. ഇഡി സ്വപ്നാ സുരേഷിനെ കസ്റ്റഡിയിൽ ചോദ്യംചെയ്തപ്പോൾ സംസ്ഥാന പൊലീസിലെ വനിതാ ഓഫീസറുടെ സാന്നിധ്യം ഇല്ലായിരുന്നെന്നുവെന്ന് വ്യക്തമാക്കുന്ന വിശദാംശങ്ങളാണ് ഇത്. അതുകൊണ്ട് തന്നെ വനിതാ പൊലീസുകാരിയുടെ മൊഴിയിൽ സംശയമുണ്ട്. ഇതെല്ലാം വിചാരണ കോടതിയെ ഇഡി അറിയിക്കും.
ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇ.ഡി. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയിൽ ഹാജരാക്കിയത് ഓഗസ്റ്റ് 14-നാണ്. അന്നാണു ചോദ്യം ചെയ്യലിൽ വനിതാ പൊലീസുകാരുടെ സാന്നിധ്യം കോടതി നിർദ്ദേശിച്ചത്. അതിന് ശേഷം ഇഡി ചോദ്യം ചെയ്തിട്ടേ ഇല്ല. എഫ് ഐ ആറും കോടതി വിധിയും പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഓഗസ്റ്റ് 13ന് സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തിരുന്നു. അതിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കുറിച്ച് മൊഴി നൽകി. 2018ലെ പ്രളയ സഹായം തേടിയുള്ള ഗൾഫ് യാത്രയെ കുറിച്ചും പറയുന്നു-ഇതേ ഉത്തരവിലാണ് സ്വപ്നയ്ക്ക് ചോദ്യം ചെയ്യുമ്പോൾ വനിതാ ഉദ്യോഗസ്ഥരെ അനുവദിച്ച് കോടതി ഉത്തരവിട്ടത്. എന്നാൽ അതിന് ശേഷം സ്വപ്നയെ ചോദ്യം ചെയ്തില്ലെന്നാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ