മുംബൈ: മഹാരാഷ്ട്രയിലെ സർക്കാറിനെ മറിച്ചിടുക എന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണ്. ഇതിന് വേണ്ടി ഇപ്പോൾ ഇഡിയെ കളത്തിൽ ഇറക്കിയിരിക്കയാണ് കേന്ദ്രം. ഇതിന്റെ തുടക്കമെന്നോണം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ ആറ് കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) താൽകാലികമായി കണ്ടുകെട്ടി.

താക്കറെയുടെ ബന്ധു ശ്രീധർ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ താനെ വർത്തക് നഗറിലെ 'നീലാംബരി' പദ്ധതിയിലെ 11 അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഇഡി കണ്ടു കെട്ടലിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്തുവന്നു. ശിവസേന എംപി സഞ്ജയ് റാവത്താണ് വിമർശിച്ചു രംഗത്തുവന്നത്.

ഗുജറാത്ത് പോലെ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇ.ഡി ഓഫീസുകൾ അടച്ചതായി തോന്നുന്നവെന്ന് അദ്ദേഹം പരിഹസിച്ചു. ബംഗാളിലോ മഹാരാഷ്ട്രയോ ഇ.ഡിയുടെ പീഡനത്തിന് വഴങ്ങില്ലെന്നും മമതാ ബാനർജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജിയെ ചോദ്യംചെയ്ത സംഭവം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് പോലുള്ള വലിയ സംസ്ഥാനങ്ങളിൽ ഇ.ഡി ഓഫീസ് അടച്ചതായി തോന്നുന്നു. എല്ലാം സംഭവിക്കുന്നത് മഹാരാഷ്ട്രയിലാണ്. മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയും ഉപദ്രവിക്കപ്പെടുന്നു. പക്ഷേ ബംഗാളോ മഹാരാഷ്ട്രയോ അതിൽ കുലുങ്ങില്ല, സഞ്ജയ് റാവത്തിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഉദ്ധവ് താക്കറെയുടെ ഭാര്യയുടെ സഹോദരനാണ് ശ്രീധർ മാധവ്. ശ്രീധറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ശ്രീ സായിബാബ ഗൃഹനിർമ്മിതി പ്രൈവറ്റ് ലിമിറ്റഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണം നടക്കുന്ന പുഷ്പക് ബുള്ളിയൻ എന്ന കമ്പനിയിൽ നിന്നുള്ള ഫണ്ട് സായിബാബ ഗൃഹനിർമ്മിതി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രോജക്ടുകളിൽ നിക്ഷേപിച്ചതായാണ് കേന്ദ്ര ഏജൻസി ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രിൽ 4 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നവാബ് മാലിക്.