- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിയെ ഇനി പേടിക്കണം; ജസ്റ്റിസ് വി.കെ.മോഹനൻ ജുഡീഷ്യൽ അന്വേഷണം റദ്ദാകാൻ സാധ്യത; അധികാരങ്ങൾ സുപ്രീംകോടതി ശരിവച്ചതോടെ സ്വർണക്കടത്ത് -കറൻസി കടത്ത് കേസുകളിൽ അന്വേഷണം ശക്തമാകും; ഉത്തരവ് പിണറായി സർക്കാരിന് തിരിച്ചടിയാകുന്നത് ഇങ്ങനെ
തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) തൊടാൻ ഇനി ആർക്കുമാവില്ല. ഇ.ഡിയുടെ മൊഴിയെടുപ്പിനും നടപടികൾക്കും പൂർണ സംരക്ഷണം നൽകിയും രഹസ്യാത്മകമായ അന്വേഷണത്തിന് നിയമസാധുത നൽകിയും സുപ്രീംകോടതി ഉത്തരവിട്ടതോടെ, കേരളത്തിലെ സ്വർണക്കടത്ത്, കറൻസിക്കടത്ത് കേസുകളിലടക്കം ഇനി ഇ.ഡി അന്വേഷണം അതിശക്തമാവും. ഇ.ഡിയുടെ വിപുലമായ അധികാരങ്ങൾ സുപ്രീം കോടതി ശരിവെച്ചതോടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ പേരിൽ ഇ.ഡിക്കെതിരേ സർക്കാർ പ്രഖ്യാപിച്ച ജസ്റ്റിസ് വി.കെ.മോഹനൻ ജുഡീഷ്യൽ അന്വേഷണം റദ്ദാകാനും സാദ്ധ്യതയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ഈ കമ്മീഷന്റെ പ്രവർത്തനം തടഞ്ഞ് ഉത്തരവിറക്കിയത്. സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരേ സർക്കാർ സെപ്റ്റംബറിൽ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഈ ഹർജിയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇടയ്ക്കിടെ ഹൈക്കോടതി സർക്കാരിന്റെ അപ്പീൽ പരിഗണിച്ച് മാറ്റിവയ്ക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ അഡിഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാനുള്ള സാവകാശം തേടുമ്പോഴാണ് അപ്പീൽ മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ മാസവും കേസ് പരിഗണിച്ച് മാറ്റിവച്ചതാണ്. ഇത് മറച്ചുവച്ചാണ് ജുഡീഷ്യൽ കമ്മീഷന്റെ കാലാവധി ആറുമാസം നീട്ടിയെന്ന് മന്ത്രിസഭാ തീരുമാനമെടുത്തത്.
പി.എംഎൽഎയുടെ 5,8(4),15,17,19 വകുപ്പുകളിലെ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. പരിശോധനകൾ നടത്താനും അറസ്റ്റിനും സ്വത്ത് കണ്ട് കെട്ടാനും ഇ.ഡിക്ക് അധികാരമുണ്ടെന്നും ഈ വകുപ്പുകൾ ഭരണഘടനാപരമാണെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ കാരണം വ്യക്തമാക്കേണ്ടതില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത കുറ്റാരോപിതനാണെന്ന നിയമത്തിലെ സെക്ഷൻ 24 ഭരണഘടനാപരമാണെന്നും കോടതി ശരിവച്ചു. ആക്ടിലെ സെക്ഷൻ 45 ൽ വ്യക്തമാക്കിയ ജാമ്യത്തിനുള്ള ഇരട്ട വ്യവസ്ഥകളും സാധുതയുള്ളതാണ്. എന്നാൽ അറസ്റ്റിന്റെ സമയത്ത് എന്തിനാണ് അറസ്റ്റെന്ന കാര്യം കുറ്റാരോപിതനോട് വ്യക്തമാക്കണം. ഇ.ഡി കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ കുറ്റാരോപിതന് ഇ.സിഐ.ആർ നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സുപ്രീം കോടതി തള്ളി. ഇതോടെ ഇ.ഡിക്ക് കൂടുതൽ രഹസ്യാത്മകമായി അന്വേഷണം നടത്താനാവും.
ഇ.ഡി കേസുകളിലെ ജാമ്യത്തിനുള്ള കർശന വ്യവസ്ഥ ഭരണഘടനാപരമാണ്. ജാമ്യത്തിനുള്ള ഇരട്ട വ്യവസ്ഥകൾ അടങ്ങുന്ന പി.എംഎൽഎ നിയമത്തിലെ സെക്ഷൻ 45 ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ട്. പ്രഥമ വിവര റിപ്പോർട്ട് മുഴുവനായി പ്രതിക്ക് നൽകേണ്ട സാഹചര്യമില്ല. കേസിൽ പ്രതിയായി തടവിലായാൽ ആവശ്യമെങ്കിൽ കോടതി വഴി വാങ്ങാം. ഇ.ഡി കേസിൽ വിചാരണ മാറ്റണമെന്ന ഹർജികൾ ഹൈക്കോടതികളിലേക്ക് മാറ്റണം. ജാമ്യത്തിനായി അതത് കോടതികളെയാണ് സമീപിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2002 പ്രകാരം കുറ്റകൃത്യവുമായി ബന്ധപ്പെട്ട വ്യക്തിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്(ഇ.സിഐ. ആർ) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
1973 കോഡിന്റെ വ്യവസ്ഥകളനുസരിച്ച് നിർബന്ധമായും രേഖപ്പെടുത്തുകയും പ്രതിക്ക് നൽകേണ്ടതുമായ എഫ്.ഐ. ആറുമായി ഇ.സിഐ.ആറിനെ തുലനം ചെയ്യുവാൻ കഴിയില്ല. കോടതി നിരീക്ഷിച്ചു. ഇ.സിഐ.ആർ എന്നത് എൻഫോഴ്‌സ്മെന്റ് വകുപ്പ് ഉണ്ടാക്കിയ ആഭ്യന്തര രേഖയാണെന്നും ഇത് എല്ലാ കേസുകളിലും ബന്ധപ്പെട്ട വ്യക്തികൾക്ക് നൽകേണ്ടത് നിർബ്ബന്ധമല്ലെന്നും കോടതി വ്യക്തമാക്കി. ഇ.സിഐ.ആറിന്റെ പകർപ്പ് ബന്ധപ്പെട്ടവർക്ക് നൽകുന്നത് നിർബ്ബന്ധമാക്കിയാൽ 2002 ലെ നിയമപ്രകാരം ബന്ധപ്പെട്ട ആളുകളുടെ സ്വത്ത് അറ്റാച്ച് ചെയ്യുന്ന നടപടി പരാജയപ്പെടാൻ സാദ്ധ്യതയുണ്ട്. കോടതി ചൂണ്ടിക്കാട്ടി. സി.ആർ.പി.സി സെക്ഷൻ 154 പ്രകാരം രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ അധികാര പരിധിയിലെ മജിസ്‌ട്രേറ്റിന് കൈമാറേണ്ടതാണ്. എന്നാൽ ഇ.സിഐ.ആറിൽ ഈ നടപടിക്രമം പാലിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ ഇത്തരത്തിലുള്ള അനുബന്ധ വ്യവസ്ഥകളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതും കേരളത്തിലെ കേസുകളിൽ നിർണായകമാവും. ബിനീഷ് കോടിയേരിയുടെ കേസിലടക്കം ഇ.സിഐ.ആറുകളിലൂടെയാണ് അന്വേഷണ വിവരങ്ങൾ പുറത്തറിഞ്ഞിരുന്നത്.
ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തതിനെത്തുടർന്ന് മോഹനൻ കമ്മിഷൻ സ്വമേധയാ അന്വേഷണം നിർത്താനിരുന്നതാണ്. 2021 മാർച്ച് 26 ന് ചേർന്ന മന്ത്രിസഭാ യോഗത്തിനു പിന്നാലെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ വിശദമായ ഉത്തരവ് ഇറക്കാനായിരുന്നില്ല. മെയ് പത്തിനാണ് ജുഡിഷ്വൽ അന്വേഷണത്തിന്റെ വിജ്ഞാപനവും ടേംസ് ഓഫ് റഫറൻസും പുറത്തിറക്കിയത്. ആറുമാസമായിരുന്നു കാലാവധി. ജൂൺ 11ന് കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിൽ തെളിവുകൾ തേടി കമ്മിഷൻ റിട്ട. ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനൻ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഇതുമായി ബന്ധപ്പെട്ട് വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നാണ് കമ്മിഷൻ തെളിവുകൾ തേടിയത്. തെളിവുകൾ ജൂൺ 26ന് മുൻപ് കമ്മിഷന് സമർപ്പിക്കണമായിരുന്നു. ഇതിൽ കമ്മിഷന്റെ ഹിയറിങ് ആരംഭിച്ചിട്ടില്ല. ആർക്കും നോട്ടീസ് അയച്ചിട്ടുമില്ല. ജുഡീഷ്യൽ ഉദ്യോഗസ്ഥരും ഒമ്പത് സ്റ്റാഫും അടങ്ങുന്നതാണ് കമ്മിഷൻ.
അന്വേഷണ വിഷയങ്ങൾ ഇവയാണ്- സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സരേഷിനെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസി നിർബന്ധിച്ചോ, മറ്റൊരു പ്രതിയായ സന്ദീപ് നായരെ സ്പീക്കർക്കെതിരെ ആരോപണമുന്നയിക്കാൻ നിർബന്ധിച്ചോ, കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ടോ,
മറ്റേതെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ, ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാൽ, ഗൂഢാലോചനയ്ക്കു പിന്നിലെ വ്യക്തികളെ കണ്ടെത്തുക, കമ്മിഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന ഇതുമായി ബന്ധപ്പെട്ട മറ്റേതു വസ്തുതകളെപ്പറ്റിയും അന്വേഷിക്കുക. കേന്ദ്ര ഏജൻസികൾക്കെതിരല്ല ജുഡീഷ്യൽ അന്വേഷണമെന്നും അവർ നിയമ വിരുദ്ധമായ നടപടികൾ എടുത്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നതെന്നുമാണ് ജസ്റ്റിസ് വി.കെ. മോഹനൻ നേരത്തേ പറഞ്ഞത്. കമ്മിഷന് മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും റിപ്പോർട്ട്. ജനങ്ങൾക്ക് കമ്മിഷന് മുന്നിൽ പരാതി അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര ഏജൻസികൾക്കെതിരായ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയ ശേഷമായിരുന്നു മോഹനൻ കമ്മീഷന്റെ പ്രവർത്തനം ഹൈക്കോടതി സ്‌റ്രേ ചെയ്തത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന് പ്രതികളായ സ്വപ്നയും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതും, ക്രൈം ബ്രാഞ്ചെടുത്ത രണ്ടു കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിഷനെ നിയോഗിച്ചതും. സമാന്തരമായ മറ്റ് അന്വേഷണങ്ങൾ സ്വർണക്കടത്ത് കേസിലെ അന്വേഷണത്തെ അട്ടിമറിക്കുമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇത് ആത്യന്തികമായി പ്രതികൾക്കു ഗുണംചെയ്യും. കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചന അന്വേഷിക്കാനാണ് ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ച് മെയ് ഏഴിന് വിജ്ഞാപനമിറക്കിയത്. ക്രൈംബ്രാഞ്ചെടുത്ത കേസുകൾ റദ്ദാക്കിയ ഹൈക്കോടതി വിധിയനുസരിച്ച്, ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടത് ഇ.ഡിയുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്