- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുക്കാൻ തേച്ചത് പാണ്ടാകുമോ? സർക്കാറിനെ വെള്ളപൂശാൻ ഇ.ഡിക്കെതിരെ കേസെടുക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ദ്ധർ; പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾക്കെതിരെ ഇ.ഡി കോടതിയിലേക്ക് നീങ്ങുമ്പോൾ സർക്കാറും വെട്ടിലാകും; 'പൊലീസ് സഖാക്കളെയും' കാത്തിരിക്കുന്നത് വമ്പൻ പണി
കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ നിന്നും തലയൂരാൻ വേണ്ടി സർക്കാർ എല്ലാ വിധത്തിലും പരിശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇഡിക്കെതിരെ കേസെടുക്കാനുള്ള സാധ്യതകളും സർക്കാർ ആരാഞ്ഞിരുന്നു. സ്വർണ്ണക്കടത്തു കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരേ ധൃതിപിടിച്ച് കേസെടുക്കുന്നത് സർക്കാരിന് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തൽ. സർക്കാറിന് തെരഞ്ഞെടുപ്പു കാലത്ത് തുണയാകുന്ന വിധത്തിലുള്ള മൊഴിയാണ് സന്ദീപ് നൽകിയിരുന്നത്.
ഈ പരാതി കോടതിയുടെ പരിഗണനയിലാണ്. പുറത്തുവരാത്ത രേഖയായതിനാൽ കോടതിയലക്ഷ്യമാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. നിയമോപദേശം തേടാമെങ്കിലും പൊതുരേഖയാകാത്തിടത്തോളം കേസെടുക്കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോടതി നടപടികൾക്കു മുന്നേ സർക്കാർ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകാനാണ് ഇ.ഡി. തീരുമാനം.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് മൊഴിയായി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് നൽകിയ ജാമ്യാപേക്ഷയിൽ പരാമർശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി.ക്കെതിരേ കേസെടുക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപിന്റെ കത്തിന്റെയും അടിസ്ഥാനത്തിൽ കേസെടുക്കാമെന്നാണ് ഉപദേശം ലഭിച്ചിരിക്കുന്നത്.
ശബ്ദരേഖയിൽ സർക്കാർ കേസെടുക്കാൻ സാധ്യത കുറവാണ്. സുരക്ഷാഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശബ്ദസന്ദേശം നൽകിയതെന്ന് ഇ.ഡി.ക്ക് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ ഒപ്പുസഹിതമാണ് സ്വപ്നയിൽനിന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എംഎൽഎ.) ഇ.ഡി. മൊഴി ശേഖരിച്ചത്. ഇത് തെളിവുമൂല്യമുള്ളതിനാൽ ശബ്ദരേഖ വിവാദത്തിൽ ക്രൈംബ്രാഞ്ചിന് സ്വപ്ന നൽകിയ മൊഴിയെക്കാൾ പ്രാധാന്യമുണ്ട്.
ജയിൽ സൂപ്രണ്ട് മുഖാന്തരം സന്ദീപ് കോടതിക്ക് അയച്ച ഹർജിയിൽ കോടതി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഹർജിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കോടതിക്ക് പൊലീസിനോട് കേസെടുക്കാൻ നിർദേശിക്കാം. അല്ലെങ്കിൽ ഇ.ഡി. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാം. ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താറുമുണ്ട്. ഇത്തരം നടപടികളിലേക്ക് പോയാൽമാത്രമേ പരാതി പൊതുരേഖയാവുകയുള്ളൂ.
അതേസമയം സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘത്തെ 'പ്രതിക്കൂട്ടിലാക്കുന്ന' നീക്കങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോൾ രണ്ട് ഏജൻസികൾ തമ്മിലുള്ള ഏറ്റുമുട്ടലായും അത് മാറും. ഇ.ഡിയുടെ വിശ്വാസ്യത തകർക്കുന്ന ആരോപണങ്ങളും നീക്കങ്ങളും വ്യക്തമാക്കി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും.കോടതിയുടെ ഇടപെടലില്ലാതെ ഇത്തരം നീക്കങ്ങളെ തടയാൻ കഴിയില്ലെന്നതിനാലാണ് സർക്കാരിന്റെ ഇതുവരെയുള്ള നീക്കങ്ങൾ വ്യക്തമാക്കി ഇ.ഡി അപേക്ഷ നൽകുന്നത്. ഇങ്ങനെ വന്നാൽ സർക്കാറിന് അനുകൂലമായ വിധത്തിൽ മൊഴി നൽകിയ പൊലീസിലെ 'സഖാക്കളും' വെട്ടിലാകും.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖയെത്തുടർന്ന് ഇ.ഡിക്കെതിരെ കേസെടുക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാരിന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞ ദിവസം നിയമോപദേശം നൽകിയിരുന്നു. സ്വപ്ന സുരേഷിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സർക്കാരിനെതിരെ നീങ്ങാൻ ഇ.ഡിയും ഒരുങ്ങുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതാണ് ആരോപണങ്ങളുടെ തുടക്കം.
തന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ നിർദ്ദേശപ്രകാരം അവരുടെ ഫോണിൽ നിന്ന് മറ്റൊരാളോടു താൻ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നതെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. തന്നെ കേസിൽ നിന്ന് രക്ഷിക്കാൻ കഴിവുള്ളവർ പുറത്തുണ്ടെന്നും അവർ രക്ഷിക്കുമെന്നും സിവിൽ പൊലീസ് ഉദ്യോഗസ്ഥ ഉറപ്പുനൽകിയെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. ഈ മൊഴികളുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇ.ഡി കോടതിയെ സമീപിക്കുന്നത്.
ആരോപണവിധേയയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും സംഭവത്തിന്റെ ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെയും നടപടി വേണമെന്നാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെടുക. സ്വപ്നയുടെ സുരക്ഷയ്ക്ക് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് കേരള പൊലീസാണ്. ഇതിലുൾപ്പെടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.
അതിനിടെ സ്വർണക്കടത്തു കേസിൽ പ്രതിയായ സ്വപ്നയുടെ രഹസ്യമൊഴി കസ്റ്റംസ് പുറത്തുവിട്ടതിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ അനുമതി തേടി കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ചെയർമാനും സിപിഎം നേതാവുമായ കെ.ജെ. ജേക്കബ് അഡ്വക്കേറ്റ് ജനറലിനു നൽകിയ ഹർജിയിലെ തുടർനടപടികൾ മാർച്ച് 24 ലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ