കൊച്ചി: കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ടിറക്കി വിദേശ ഫണ്ടു സ്വീകരിച്ച കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി സിഇഒ, ഡപ്യൂട്ടി സിഇഒ എന്നിവരെ ചോദ്യം ചെയ്യും. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്‌സിസ് ബാങ്ക് മേധാവികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യാപക ക്രമക്കേട് നടന്നത് ബോധ്യമായ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്.

മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കുന്നതിന് സർക്കാർ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി റിസർവ് ബാങ്കിനോട് ആരാഞ്ഞിരുന്നു. ഇത് വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്ന വിവരവും അന്വേഷണ പരിധിയിൽ വരും. കിഫ്ബിക്കു വേണ്ടി മസാലബോണ്ടിൽ ആരെല്ലാം നിക്ഷേപിച്ചു, നിക്ഷേപിച്ചവരുടെ വ്യക്തി വിവരങ്ങൾ തുടങ്ങിയവയും അന്വേഷിക്കുന്നുണ്ട്.

കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണ് മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിലൂടെ നടന്നതെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നേരത്തെ കണ്ടെത്തിയിരുന്നു. ഇതുവരെയുള്ള കടമെടുപ്പു സർക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കേന്ദ്രത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കിൽ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പു പോലും പാടില്ലെന്നാണ് ഭരണഘടനയിൽ പറയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് ഈ വ്യവസ്ഥയുടെ ലംഘനമാണെന്നാണു സിഎജിയുടെ മറ്റൊരു കണ്ടെത്തൽ. കിഫ്ബിയെ സർക്കാർ സ്ഥാപനമായി സിഎജി കാണുമ്പോൾ ഒരു കോർപറേറ്റ് സ്ഥാപനമെന്ന പോലെയാണ് കേരള സർക്കാർ വ്യാഖ്യാനിച്ചിരുന്നത്.

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്ന രീതിയാണിത് കിഫ്ബിയിലൂടെ നടപ്പാക്കിയത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കായാണു മുഖ്യമായും മസാല ബോണ്ടുകൾ വഴി കടമെടുക്കുന്നത്. കിഫ്ബി മസാല ബോണ്ടുകൾ വഴി 2150 കോടി രൂപയാണ് സമാഹരിച്ചത്. മോട്ടർ വാഹന നികുതിയുടെ വിഹിതം, പെട്രോളിയം സെസ്, മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, ടേം ലോൺ, നബാർഡ് ലോൺ, നോർക്ക ലോൺ തുടങ്ങിയ മാർഗങ്ങളിലൂടെയായിരുന്നു കിഫ്ബിയുടെ ധനസമാഹരണം.

ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്), ഇൻഫ്രാസ്‌ട്രെക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഐഎൻവിഐടി), ഇൻഫ്രാസ്ട്രക്ച്ചർ ഡെബ്റ്റ് ഫണ്ട് (ഐഡിഎഫ്) എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങൾ സാധ്യമായത്. ഗതാഗതം, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ജല ശുചീകരണം എന്നീ മേഖലകളിലെ വികസനമാണ് കിഫ്ബിയിലൂടെ സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിട്ടത്.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) രൂപീകരിച്ചത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. എൽഡിഎഫ് സർക്കാർ 2016ൽ അധികാരമേറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്‌ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.

2016 - 17ലെ ബജറ്റ് പ്രസംഗത്തിൽ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് ധനമന്ത്രി ടി.എം. തോമസ് ഐസക് കിഫ്ബിയെക്കുറിച്ചു പരാമർശിച്ചത്. കിഫ്ബി ആക്ടിന്റെ ചട്ടങ്ങൾ പരിഷ്‌ക്കരിക്കും. ഇതുവഴി സെബിയും ആർബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാർഗങ്ങൾ ഉപയോഗപ്പെടുത്താൻ കിഫ്ബിയെ സജ്ജമാക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. എന്നാൽ മസാല ബോണ്ടിനോട് ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

കെ ഫോൺ, പെട്രോകെമിക്കൽ ആൻഡ് ഫാർമ പാർക്ക്, തീരദേശമലയോര ഹൈവേ, പവർ ഹൈവേ, ലൈഫ് സയൻസ് പാർക്ക്, ഹെടെക് സ്‌കൂൾ പദ്ധതി തുടങ്ങിയവയാണ് കിഫ്ബിയുടെ പ്രധാന പദ്ധതികൾ. വിവിധ വകുപ്പുകൾക്ക് കീഴിലായി 54391.47 കോടി രൂപ ചെലവ് വരുന്ന 679 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ടെൻഡർ ചെയ്തത് 364 പദ്ധതികളാണ്. 14133.42 കോടി രൂപയാണ് ടെൻഡർ തുക. ഇതിൽ തന്നെ 11639.78 കോടി രൂപ ചെലവ് വരുന്ന 303 പദ്ധതികളുടെ നിർമ്മാണ പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതു വരെയായി 5189.68 കോടി രൂപ കരാറുകാർക്ക് വിതരണം ചെയ്തു.

നിക്ഷേപകർക്കുള്ള പണത്തിന്റെ മടക്കിക്കൊടുക്കലിനും കടം എടുത്ത തുകയുടെ വീണ്ടെടുപ്പിനുമായി സർക്കാരിൽനിന്ന് ലഭിക്കേണ്ട എല്ലാ തുകയും ഓഗസ്റ്റ് മാസത്തിലെ അവസാന പ്രവർത്തി ദിവസത്തിനു മുൻപ് മടക്കികൊടുക്കും എന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്.

മോട്ടർ വാഹന നികുതി തുടക്കത്തിൽ 10 ശതമാനവും പിന്നീട് ഉയർത്തി 50 ശതമാനവും കിഫ്ബിക്ക് നൽകും. പെട്രോൾ സെസും കിഫ്ബിക്കായിരിക്കും. സമാഹരിക്കുന്ന നിക്ഷേപത്തിനു സർക്കാർ ഗ്യാരന്റി നൽകും. കിഫ്ബി വഴി സമാഹരിക്കുന്ന പണം ഖജനാവിൽ നിക്ഷേപിക്കുകയോ വകുപ്പുകൾ വഴി ചെലവാക്കുകയോ ചെയ്യില്ല എന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. രൂപയിൽ ബോണ്ടിറക്കുന്നതിനാൽ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. മൂല്യം ഇടിയുന്ന സ്ഥിതിയുണ്ടായാൽ അതിന്റെ നഷ്ടം നിക്ഷേപകരാണ് സഹിക്കേണ്ടിയിരുന്നത്.

കിഫ്ബിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ എല്ലാ പദ്ധതി നിർവഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്നും നിർമ്മല സീതാരാമൻ കേരളത്തിൽ സന്ദർശനം നടത്തവെ ചോദിച്ചിരുന്നു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ മുഴുവൻ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി പറഞ്ഞിട്ടുണ്ടെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപിയുടെ വിജയ് യാത്രയുടെ എറണാകുളത്തെ പൊതുസമ്മേളനത്തിൽ വച്ചാണ് കേന്ദ്ര ധനമന്ത്രി കിഫ്ബിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നത്.