ബെംഗളൂരു: കോൺഗ്രസ് വൻ തകർച്ചയെ നേരിടുമ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം എന്ന് ഉറക്കെ പ്രഖ്യാപിച്ച നേതാക്കളിൽ ചിലരുടെ കൂട്ടത്തിലാണ് ഡി കെ ശിവകുമാറിന്റെ സ്ഥാനം. കോൺഗ്രസിനൊപ്പം നിന്നും എന്ന കാരണം കൊണ്ട് കേന്ദ്രസർക്കാറിന്റെ നോട്ടപ്പുള്ളിയായ നേതാക്കളിൽ ഒരാൾ. ഡി കെ ശിവകുമാറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിലവിൽ ജാമ്യത്തിൽ ആണ് ഡി.കെ.ശിവകുമാർ.

അതോസമയം കോടതി നടപടിയെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ് ഡികെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ, നിശബ്ദനായിരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി നേരത്തെ ഡി കെ ശിവകുമാർ രംഗത്തെത്തിയിരുന്നു. താൻ ഒരു ഘട്ടത്തിലും ആരേയും വഞ്ചിച്ചിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു.

'എന്റെ സഹോദരനോ ഞാനോ എന്റെ കുടുംബാംഗങ്ങളോ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, ശിക്ഷ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ തെറ്റുകാരനാണെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ. പക്ഷേ, നിശബ്ദനായിരിക്കാൻ ഞാൻ തയ്യാറല്ല'- ബെംഗളൂരുവിൽ തിരിച്ചെത്തിയതിന് ശേഷം ശിവകുമാർ പറഞ്ഞു.

'മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്തിച്ചില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല'- ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും കൂടുതൽ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ഹൈക്കോടതിയാണ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയിൽ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം. ജയിൽമോചിതനായി ബെംഗളൂരുവിലെത്തിയ ഡി കെ ശിവകുമാറിന് വൻ സ്വീകരണമായിരുന്നു കോൺഗ്രസ് പ്രവർത്തകർ നൽകിയത്. ബെംഗളൂരു വിമാനത്താവളം മുതൽ പ്രവർത്തകർ അദ്ദേഹത്തെ പൂക്കൾ വാരിവിതറിയും ആപ്പിൾ മാലയൊരുക്കിയുമാണ് സ്വീകരിച്ചത്.

സെപ്റ്റംബർ മൂന്നിനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റിൽ, അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. സുഹൃത്തായ വ്യവസായിയുടേതാണ് പണമെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം.

ആദായനികുതി വകുപ്പാണ് ആദ്യം സംഭവത്തിൽ കേസെടുത്തത്. ഇതിനു പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ശിവകുമാറിന്റെ വിവിധ വസതികളിൽ റെയ്ഡ് നടത്തി. അവിടങ്ങളിൽ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ശിവകുമാറിന്റെ മകളേയും ഭാര്യയേയും കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തിരുന്നു.