- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ മനസ്സറിഞ്ഞ് അന്വേഷണങ്ങൾ; അമിത് ഷായുടെ നിർദ്ദേശം അതേ പടി പാലിക്കും; ഡോവലിനും നിയന്ത്രണത്തിന് പ്രശ്നങ്ങളില്ല; ഗുഡ് ബുക്കിലുള്ള ഐആർഎസുകാരനെ തലപ്പത്ത് തുടരാൻ അനുവദിച്ചേക്കും; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് വിരമിച്ചാലും കാലാവധി നീട്ടിക്കിട്ടും; സ്വർണ്ണകടത്ത് സഞ്ജയ് കുമാർ മിശ്രയ്ക്ക് തുണയാകുമ്പോൾ
ന്യൂഡൽഹി: സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ രാഷ്ട്രീയ വിവാദമായി മാറിയ ഒട്ടേറെ കേസുകളിൽ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥന് കേന്ദ്ര സർക്കാരിന്റെ ഗുഡ് ബുക്കിൽ തന്നെ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്ന അന്വേഷണ ഏജൻസിക്ക് പുത്തനുണർവ്വ് നൽകിയ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ സേവന കാലാവധി നീട്ടുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ.
60 വയസ്സ് പൂർത്തിയാക്കിയ മിശ്ര ഈ മാസം 18നു വിരമിക്കും. ഇതിനിടെയാണ് അദ്ദേഹത്തെ വീണ്ടും ഡയറക്ടറായി നിയമിക്കുന്നതിന്റെ സാധ്യത തേടുന്നത്. പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനായ മിശ്ര ഏതാനും വർഷം കൂടി ഇഡി മേധാവിയായി തുടരണമെന്നാണു സർക്കാരിന്റെ ആഗ്രഹം. ബിജെപിയുടെ മനസ്സറിഞ്ഞ് പല ഓപ്പറേഷനും മിശ്ര നടത്തിയിട്ടുണ്ട്. ഇതെല്ലാം വിജയമായിരുന്നു. ഇതിൽ അവസാനത്തേതാണ് കേരളത്തിലെ അന്വേഷണങ്ങൾ.
കേന്ദ്ര സർക്കാരിൽ അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയാക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥന് അഡീഷനൽ സെക്രട്ടറി റാങ്ക് നൽകുന്നതിന്റെ നിയമ സാധ്യതയാണ് പരിശോധിക്കുന്നത്. കാലാവധി നീട്ടിയാൽ 2 വർഷം കൂടി മിശ്ര തുടർന്നേക്കും. നിലവിലെ വിവാദ കേസുകളിൽ എല്ലാം അതിനു മുമ്പ് ഇഡി തീരുമാനം എടുക്കും. ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാർ മിശ്ര. 2018ൽ 3 മാസത്തേക്കാണ് ആദ്യം ഇഡിയുടെ തലപ്പത്ത് നിയമിച്ചത്. അതിന് ശേഷം സ്ഥിരപ്പെടുത്തകയും ചെയ്തു.
ഡയറക്ടർ കർണയിൽസിങ് വിരമിച്ചതോടെയാണ് മിശ്ര ഇഡിയെ നയിക്കാൻ എത്തിയത്. അന്ന് മിശ്ര നിലവിൽ ആദായനികുതി വകുപ്പിൽ ചീഫ് കമ്മിഷണറായിരുന്നു. 2018ൽ ഒട്ടേറെ സുപ്രധാന കേസുകളുടെ അന്വേഷണത്തിനു നടുവിലാണെങ്കിലും കർണയിൽസിങ്ങിന് ഇഡി ചീഫിന്റെ കാലാവധി നീട്ടി നൽകാൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല. എന്നാൽ രണ്ട് കൊല്ലം കഴിയുമ്പോൾ മിശ്രയ്ക്ക് വേണ്ടി സാധ്യത തേടുകയുമാണ് കേന്ദ്ര സർക്കാർ. 1984ലെ ഐആർഎസ് ബാച്ചാണ് മിശ്ര.
കേരളത്തിലെ സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഇഡി നടത്തിയത് ചടുലമായ നീക്കമാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് പോലും നാടകീയത നിറച്ചായിരുന്നു. സിബിഐയ്ക്ക് സമാനമായ അംഗീകരാം ഏജൻസിക്ക് കിട്ടി. ഈ സാഹചര്യത്തിലാണ് ഇഡി തലവന്റെ കാലാവധി നീട്ടാനുള്ള തീരുമാനം. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മിശ്രയ്ക്ക് അനുകൂലമാണ്.
സ്വർണക്കള്ളക്കടത്ത് കേസിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും നടത്തിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പറഞ്ഞിട്ടാണെന്ന് തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ ഇഡിക്കു മൊഴി നൽകിയതാണ് സ്വർണ്ണ കടത്ത് കേസിൽ നിർണ്ണായകമായത്. ലക്ഷക്കണക്കിനു രൂപയുമായി സ്വപ്ന എത്തിയപ്പോൾ ബാങ്ക് ലോക്കർ തുറക്കാൻ സഹായിച്ചത് ശിവശങ്കർ പറഞ്ഞിട്ടാണ്. ലോക്കർ തുറക്കാനും അതിൽ പണമടക്കമുള്‌ല വസ്തുക്കൾ സൂക്ഷിക്കാനും സഹായിച്ചതും ശിവശങ്കറുടെ നിർദ്ദേശപ്രകാരമായിരുന്നു. ഓരോ ഇടപാടും താൻ അദ്ദേഹത്തെ അറിയിച്ചിരുന്നു എന്നും വേണുഗോപാൽ മൊഴി നൽകി. ശിവശങ്കറെ ഒപ്പമിരുത്തിയാണ് ഇഡി വേണുഗാപാലിന്റെ മൊഴിയെടുത്തത്.
ഹൈദരാബാദിലെ വ്യവസായി ആദിത്യ നാരായണ റാവുവിനെയും ഇന്നു ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായില്ല. കോവിഡ് പരിശോധനയ്ക്ക് സ്രവം നൽകിയതിന്റെ ഫലം കാത്തിരിക്കുന്നതാണ് കാരണമെന്നാണ് റാവു അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രവൈറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഹാജരായില്ല. കോവിഡ് പോസിറ്റിവ് ആയതിനാലാണ് ഹാജരാകാത്തതെന്നാണ് രവീന്ദ്രൻ ഇഡിയെ അറിയിച്ചത്. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അതിനിർണ്ണായകമാണ്.
മറുനാടന് മലയാളി ബ്യൂറോ