- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ ഇടിച്ചു കയറുന്നത് പാർട്ടി സെക്രട്ടറിയുടെ കുടുംബത്തിലേക്ക്; സ്വർണ്ണക്കടത്തും മയക്കുമരുന്നു കേസും ഒരമ്മപെറ്റ മക്കളാണെന്ന് ഏജൻസികൾ പറയുമ്പോൾ മുഹമ്മദ് അനൂപിന് പണം കൊടുത്തത് എന്തിനെന്ന ചോദ്യം ബിനീഷിനെ വെള്ളം കുടുപ്പിക്കും; കടം കൊടുത്തതെന്ന് വാദിച്ചു നിന്നാൽ ഉറവിടവും വെളിപ്പെടുത്തുകയും വേണം; മയക്കുമരുന്നു ബന്ധം ഉന്നയിച്ച പി കെ ഫിറോസിനോട് നട്ടുച്ചക്ക് 'ഗുഡ്നൈറ്റ്' പറഞ്ഞ ബിനീഷിന്റെ ഉറക്കം കളഞ്ഞ് എൻഫോഴ്സ്മെന്റ്
കൊച്ചി: സ്വർണ്ണക്കടുത്തും മയക്കുമരുന്നു കേസും ഒരുപോലെ ബന്ധപ്പെട്ടു കിടക്കുന്നവയാണ് എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്തു കേസിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ പോലും എൻഐഎ സംഘം ഇടിച്ചു കയറിയെങ്കിൽ ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തിലേക്കാണ് എൻഫോഴ്സ്മെന്റ് എത്തുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യും.
ഹവാല - ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാവും ചോദ്യംചെയ്യൽ. 2015 നുശേഷം രജിസ്റ്റർചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ, കമ്പനികൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. അനധികൃത ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. അവയുടെ ലൈസൻസും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാർഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകൾ ഈ കമ്പനികളുടെ മറവിൽ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.
അതിനിടെ, മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ് നൽകിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നൽകിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു. ഇതോടെ ബിനീഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്ലീഗും ബിജെപിയും അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തിനാണ് അനൂപിന് പണം കൊടുത്തതെന്ന ചോദ്യത്തിന് ബിനീഷ് കൃത്യമായ ഉത്തരം നൽകേണ്ടി വരും. ഈ പണത്തിന്റെ ഉറവിടവും വെളിപ്പെടുത്തേണ്ടി വരും.
അതേസമയം, സ്വപ്ന സുരേഷിന് വിസ സ്റ്റാമ്പിങ്ങ് കമമീഷൻ നൽകിയ കമ്പനികളിലൊന്നിൽ ബിനീഷിന് മുതൽമുടക്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് ബിനീഷ് കോടിയേരിക്ക് ഇതുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് നോട്ടീസ് ലഭിച്ചത്. തുടർന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ എത്തിയിരുന്നു. നേരത്തെ തന്നെ സ്വപ്ന സുരേഷിന് സാമ്പത്തികമായി ചില കമ്മീഷനുകൾ ലഭിച്ചിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സൂചനകളുണ്ടായിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ വിസ സ്റ്റാമ്പിങ്ങ് സെന്ററുകളിലെ കരാറുകാരിൽ നിന്നുമാണ് ഇത്തരത്തിൽ കമ്മീഷനുകൾ ലഭിച്ചിരുന്നത്.
അനൂപുമായി ബിനീഷ് പലതവണ ടെലഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ബംഗളൂരു ആസ്ഥാനമായി ബിനീഷ് തുടങ്ങിയ ബി കാപ്പിറ്റൽ ഫിനാൻസ് സ്ഥാപനം വഴി നൽകിയ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടൽ തുടങ്ങിയതെന്നും ഈ ഹോട്ടലിൽവച്ചാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനെല്ലാം ഫണ്ട് നൽകിയത് പാർട്ടി സെക്രട്ടറിയുടെ മകനാണെന്നത് സിപിഎമ്മിനെ ശരിക്കും അലട്ടുന്നുണ്ട്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് ഈ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തുവന്നത്. ആദ്യം പി കെ ഫിറോസിന്റെ ആരോപണത്തെ ചിരിച്ചു തള്ളിയ ബിനീഷ് കോടിയേരിക്ക് ഇപ്പോൾ ശരിക്കും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പും ബിനീഷ് കോടിയേരിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തി. ഓഗസ്റ്റ് ഒന്നിനും 19നുമിടയിൽ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും പലതവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ വിശദാംശങ്ങളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 21 നാണ് അനൂപ് അറസ്റ്റിലാകുന്നത്. പൊലീസ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപും അനൂപ്, ബിനീഷ് കോടിയേരിയുമായി സംസാരിച്ചു. ഓഗസ്റ്റ് 19 ന് മാത്രം അഞ്ച് തവണയാണ് വിളിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് എട്ട് മിനിട്ടിലേറെ ഇരുവരും സംസാരിച്ചു. ഇത് വ്യക്തമാക്കുന്നതാണ് ഫോൺ രേഖ. ബാംഗളൂരവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് രംഗത്തെത്തിയത്. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നും കച്ചവട കേന്ദ്രമായി പ്രവർത്തിച്ച ഹോട്ടലിൽ ബിനീഷ് കോടിയേരി നിത്യ സന്ദർശകനായിരുന്നുവെന്നും ഫിറോസ് ആരോപിച്ചിരുന്നു.
ആരോപണങ്ങൾക്ക് മറുപടിയുമായി ബിനീഷ് കോടിയേരിയും രംഗത്തെത്തിയിരുന്നു. അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നും എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം. ലഹരിക്കടത്തു കേസിൽ പിടിയിലായ അനൂപ് മുഹമ്മദിനെ കാണാൻ ബിനീഷ് കോടിയേരി വന്നിട്ടുണ്ടെന്ന് പിതാവ് മുഹമ്മദ് ബഷീർ പറഞ്ഞു. അനൂപിന്റെ വെണ്ണലയിലെ വീട്ടിലാണ് ബിനീഷ് വന്നതെന്നും അനൂപ് മുഹമ്മദിന്റെ പിതാവ് പറഞ്ഞു. മകന് ബംഗളൂരുവിൽ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നത്. ബിസിനസിൽ മകനെ സുഹൃത്തുക്കൾ സഹായിച്ചിരുന്നുവെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. അതേസമയം മയക്കുമരുന്നു ഇടപാടിനെ കുറിച്ച് ഒന്നും അറിയില്ല. ബി എ പഠനത്തിന് ശേഷമാണ് അനൂപ് മുഹമ്മദ് ബംഗളൂരുവിലേക്ക് പോകുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ ഹോട്ടൽ ആരംഭിച്ചു. വീട്ടിൽ നിന്നു ഒരു സാമ്പത്തിക സഹായവും നൽകിയിട്ടില്ലെന്നും പിതാവ് മുഹമ്മദ് ബഷീർ പറയുന്നു.
ജനുവരിയിലാണ് മകൻ അവസാനമായി വീട്ടിൽ വന്നിട്ട് പോകുന്നത്. മാധ്യമങ്ങളിലൂടെയാണ് മകനെ പറ്റിയുള്ള വാർത്തകൾ അറിഞ്ഞത്. തനിക്കും കുടുംബത്തിനും മകന്റെ ഇത്തരം പ്രവൃർത്തികളെ കുറിച്ചു ഒന്നും അറിയില്ലെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺ രേഖ പുറത്ത വന്നിരുന്നു. ബിനീഷ് കോടിയേരിയുമായി അനൂപ് നിരവധി തവണ വിളിച്ചത് ഫോൺ രേഖയിലുണ്ട്. കഴിഞ്ഞ മാസം ഒന്നാം തീയതിക്കും പത്തൊൻപതാം തീയതിക്കുമിടയിൽ എട്ട് തവണയാണ് ബിനീഷ് കോടിയേരിയെ വിളിച്ചത്. കഴിഞ്ഞ മാസം 1,13,19 തീയതികളിൽ സംസാരിച്ചതിന്റെ ഫോൺ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.
ബിനീഷ് 2015 ൽ മണി എക്സ്ചേഞ്ച് ബാംഗളൂരുവിൽ തുടങ്ങി. ഇതിനെ കുറിച്ച് അന്വേഷിക്കണം. ബിജെപി ഭരണകാലത്ത് ഇതിന് എങ്ങിനെയാണ് ലൈസൻസ് ലഭിച്ചത്? ഏതൊക്കെ കറൻസികൾ വിനിമയം നടത്തിയെന്നും ചോദിച്ചു ഫിറോസ് നേരത്തെ രംഗത്തുവന്നിരുന്നു. 2018ൽ തുടങ്ങിയ യുഎഎഫ്എക്സ് സൊല്യൂഷൻസ് പാർട്നർ ബിനീഷിന്റെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. യുഎഎഫ്എക്സ് സൊല്യൂഷൻസാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷൻ നൽകിയതെന്ന് സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയതാണ്. ഈ ഇടപാടിൽ ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. ബിനീഷ് ഉപയോഗിക്കുന്ന കാറുകളിൽ ഒന്ന് ലത്തീഫിന്റെ സഹോദരന്റെ കാറാണെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലേക്ക് വരുന്ന മയക്കുമരുന്ന് ലോബിയുടെ അടിവേരറുക്കാനുള്ള ഈ സാഹചര്യം സർക്കാർ ഉപയോഗിക്കണം.
യുഎഎഫ്എക്സ് സൊല്യൂഷൻസ് ഒറ്റത്തവണയും വാർഷിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സിപിഎമ്മിനെ യൂത്ത് ലീഗ് ആദ്യ ഘട്ടത്തിൽ ഇതിലേക്ക് വലിച്ചിഴച്ചില്ല. പക്ഷേ പാർട്ടിയുടെ പങ്ക് ഇപ്പോൾ വ്യക്തമാണ്. ബിനീഷിനെ സിപിഎം സംരക്ഷിക്കുന്നു. മക്കൾ ചെയ്യുന്ന തെറ്റ് മറക്കാൻ സിപിഎം കേരളത്തെ വിൽപ്പനക്ക് വെക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസിൽ പിടിയിലായ കോക്കാച്ചി മിഥുൻ എന്ന സിനിമ നടന്റെ കോൾ ലിസ്റ്റിൽ ബിനീഷിന്റെ പേരുണ്ടായിരുന്നു, അതോടെ അന്വേഷണമവസാനിപ്പിച്ചു. യുഎഎഫ്എക്സ് സൊല്യൂഷൻസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക അന്വേഷണ ഏജൻസി കേരളത്തിലേക്ക് വരാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. ആര് ആരുടെ ഒക്കച്ചങ്ങായിയാണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രവും സംസ്ഥാനവും ഭായി ഭായി ബന്ധത്തിലാണ്. മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണോ ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ