ചെന്നൈ: ശരവണ സ്‌റ്റോഴ്‌സിന്റെ ഗോൾഡൻ ഹൗസിന്റെ 235 കോടിയുടെ ആസ്തികൾ ഇഡി മരവിപ്പിച്ചു. സമാനമായ രീതിയിൽ വൻകിട ലോട്ടറി വ്യാപാരി സാന്റിയാഗോ മാർട്ടിന്റെയും മറ്റും പേരിലുള്ള 173.48 കോടി രൂപയുടെ ആസ്തികളും മരവിപ്പിച്ചു. പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ് ഇതിലുൾപ്പെടുന്നത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി.

മാർട്ടിന്റെ സ്ഥാപനങ്ങളിലും ശരവണ സ്‌റ്റോഴ്‌സിന്റെ ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇഡി അറിയിച്ചു. 2022 ഏപ്രിലിലും മാർട്ടിന്റെ പേരിലുള്ള 409.92 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. ഇതോടൊപ്പം ഇന്ത്യൻ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈയിലെ ശരവണ സ്റ്റോഴ്‌സിന്റെ (ഗോൾഡ് ഹൗസ്) സ്വത്തുക്കളും ഇ.ഡി മരവിപ്പിച്ചു.

മാർട്ടിന്റെ 409.92 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചത് ഏപ്രിലിൽ

ലോട്ടറികൾ അച്ചടിച്ചും വിൽപന നടത്തിയും സാന്റിയാഗോ മാർട്ടിൻ പണിതുയർത്തിയ ഫ്യൂച്ചർ ഗെയിമിങ് & ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പ്രധാനമായും ഏപ്രിലിൽ, ഇഡി കണ്ടുകെട്ടിയത്. ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

ഇന്ത്യയ്ക്ക് പുറത്തായിരുന്നു സാന്റിയാഗോ മാർട്ടിൻ ആദ്യം ബിസിനസ് ആരംഭിക്കുന്നത്. രാജ്യത്ത് മടങ്ങിയെത്തിയതിന് ശേഷം 1988-ൽ തമിഴ്‌നാട്ടിൽ ബിസിനസ് ആരംഭിച്ചു. സാവധാനം കർണാടകയിലേക്കും കേരളത്തിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. എന്നാൽ 2003ൽ തമിഴ്‌നാട് സർക്കാർ ലോട്ടറി നിരോധിച്ചതിനെ തുടർന്ന് മാർട്ടിന് തന്റെ ലോട്ടറി ബിസിനസ് തമിഴ്‌നാടിന് പുറത്തേക്ക് മാത്രമാക്കേണ്ടി വന്നിരുന്നു.

പിന്നീട് സിക്കിം, നാഗാലാൻഡ് എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്ന ലോട്ടറിയുടെ പേരിൽ മാർട്ടിൻ വ്യാപകമായി തട്ടിപ്പ് നടത്തിയെന്നാണ് വിവരം. നികുതി വെട്ടിപ്പ് നടത്തിയും വിറ്റഴിയാത്ത ടിക്കറ്റുകൾക്ക് സമ്മാനം നൽകിയുമെല്ലാം തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ മാർട്ടിനെതിരെ കൊൽക്കത്ത പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടിയെടുത്തത്.

ഇതിനിടെ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി സാന്റിയാഗോ മാർട്ടിനിന്റെ മക്കളിൽ നിന്നും അമ്പത് ലക്ഷത്തിന്റെ നാല് ചെക്കുകളായി രണ്ട് കോടി രൂപ നിക്ഷേപം കൈപറ്റിയത് വിവാദമായിരുന്നു. ബോണ്ട് എന്ന പേരിലാണ് ഇത് കൈപറ്റിയത്. ഇ.പി ജയരാജൻ ജനറൽ മാനേജർ ആയിരുന്നുപ്പോഴാണ് വിവാദം. പിന്നീട് ഇ.പി ജയരാജൻ സ്ഥാനം ഒഴിഞ്ഞ് പി. ജയരാജൻ ഏറ്റെടുക്കുകയായിരുന്നു. ബോണ്ട് എന്ന വാദം പിന്നീട് സിപിഎം നേതൃത്വവും ദേശാഭിമാനിയും നിരാകരിച്ചു.

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോണ്ട് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഇതിൽ പാലിക്കപ്പെട്ടിരുന്നില്ല എന്നതാണ് കാരണം. ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന വേണുഗോപാലാണ് ബോണ്ട് വിവാദം പുറത്തുകൊണ്ടുവന്നതെന്ന് സൂചനയുണ്ട്. എകെജിയുടെ ബന്ധുവായിരുന്ന വേണുഗോപാൽ പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി രേഖകൾ ഒരു പ്രമുഖ പത്രത്തിന് ചോർത്തി നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പാർട്ടി നേതാക്കൾ തന്നെ അനൗദ്യാഗികമായി സമ്മതിച്ചിട്ടുണ്ട്. ഒടുവിൽ മാർട്ടിന് വാങ്ങിയ പണം തിരികെ നൽകിയാണ് ദേശാഭിമാനിയും സിപിഎമ്മും നാണക്കേടിൽ നിന്ന് തലയൂരിയത്.

വിവാദങ്ങൾ ഒക്കെ ഉണ്ടെങ്കിലും, അടുത്തിടെ, ഭാരത് ഗൗരവ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സർവീസിന്റെ കരാർ ലഭിച്ചത് സാന്റിയാഗോ മാർട്ടിന്റെ കമ്പനിക്കായിരുന്നു. കോയമ്പത്തൂർ-ഷിർദി പാതയിലാണ് സർവീസ് ആരംഭിച്ചത്. ഇതിൽ നിന്ന് ഒരു വർഷം റെയിൽവേക്ക് വരുമാനമായി 3.34 കോടി രൂപ ലഭിക്കും. 20 കോച്ചുകളുള്ള തീവണ്ടിയുടെ വാടക ഒരു കോടി രൂപയാണ്. സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡിന് കഴീലുള്ള സൗത്ത് സ്റ്റാർ റെയിൽ എന്ന ടൂർ പാക്കേജിങ് കമ്പനിക്കാണ് സർവീസ് നടത്താൻ അനുമതി ലഭിച്ചത്.