കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യൽ രണ്ടാം ദിവസം 11 മണിക്കൂർ നീണ്ടു. വ്യാഴാഴ്ച 13 മണിക്കൂറാണ് രവീന്ദ്രനെ  ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.

രണ്ടു ദിവസമായി നടന്നത് പ്രാഥമിക ചോദ്യം ചെയ്യലെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ശനിയാഴ്ച ചോദ്യം ചെയ്യൽ ഇല്ല. മൊഴികൾ വിലയിരുത്തിയശേഷം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് രവീന്ദ്രൻ ഇഡിക്ക് കഴിഞ്ഞ ദിവസം മൊഴി നൽകിയത്. ഔദ്യോഗിക നിലയിലല്ലാതെ ശിവശങ്കറിന്റെ മറ്റ് ഇടപാടുകൾ സംബന്ധിച്ച് തനിക്ക് അറിവില്ലന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ലൈഫ് മിഷൻ, കെ ഫോൺ അടക്കമുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇഡി രവീന്ദ്രനിൽ നിന്നും തേടുന്നുണ്ട്.

നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യൽ. ഇതോടൊപ്പം ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകൾ, സ്വത്തു വിവരങ്ങൾ തുടങ്ങിയവയും ഇദ്ദേഹത്തിൽ നിന്ന് ഇഡി ചോദിച്ചറിയുന്നുണ്ട്. ഇദ്ദേഹത്തിന് ബെനാമി സ്വത്ത് ഉണ്ടോ എന്ന വിവരങ്ങളും ഇഡി അന്വേഷണ സംഘം തേടിയിരുന്നു.

ഇഡിയുടെ നാലാമത്തെ നോട്ടിസിൽ വ്യാഴാഴ്ച രാവിലെ ഹാജരായ രവീന്ദ്രനെ രാത്രി 11.15 വരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിനിടെ ഭക്ഷണത്തിനും വിശ്രമത്തിനും സമയം അനുവദിച്ചത് ഒഴിച്ചാൽ തുടർച്ചയായ ചോദ്യം ചെയ്യലിനാണ് വിധേയനായത്. തന്നെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഹർജിയിൽ വിധി വരുന്നതിനു മുമ്പു തന്നെ ഇദ്ദേഹം അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുകയും ചെയ്തു. രാവിലെ 11ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടെങ്കിലും രാവിലെ 8.45ന് തന്നെ ഇദ്ദേഹം ഹാജരായി.

രവീന്ദ്രന്റെയും ബന്ധുക്കളുടെയും സ്വത്തു വിവരം സംബന്ധിച്ചായിരുന്നു വ്യാഴാഴ്ച ചോദ്യം ചെയ്തത്. കുടുംബാംഗങ്ങളുടെ അഞ്ചു വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളുമായാണ് അദ്ദേഹം ഇന്നലെ ഹാജരായത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചെങ്കിലും കൊച്ചിയിൽ തന്നെ താമസിച്ച് വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് എത്തുകയായിരുന്നു.