- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഫോഴ്സ്മെന്റിന്റെ ഗ്രില്ലിങ് നീണ്ടത് മൂന്ന് മണിക്കൂർ; അതിന് ശേഷം പുറത്തിറങ്ങിയ മന്ത്രി ജലീലിനെ കണ്ടവർ ആരുമില്ല! വളാഞ്ചേരിയിലെ വീട്ടിലേക്ക് രാജി ആവശ്യവുമായി പ്രതിഷേധ പ്രകടനം എത്തിയപ്പോൾ വീട്ടിൽ വാതിലും ഗേറ്റുമടച്ച് മന്ത്രി ഉള്ളിലിരുന്നു; മന്ത്രി വീട്ടിൽ ഇല്ലെന്ന് വരുത്തി തീർക്കാൻ ഔദ്യോഗിക വാഹനവും മാറ്റി; ചോദ്യം ചെയ്യലിന് ശേഷം 24 മണിക്കൂർ കഴിയുമ്പോഴും മാധ്യമങ്ങളെ കാണാതെ ജലീൽ; ചോദ്യം ചെയ്യലിനായി സ്വകാര്യ വാഹനത്തിൽ എത്തുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്
തിരുവനന്തപുരം: ഇന്നലെ രാവിലെ 9 മണിയോടെയാണ് മന്ത്രി കെ ടി ജലീൽ എൻഫോഴ്സ്മെന്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. ചോദ്യം ചെയ്യൽ കഴിഞ്ഞ് വളാഞ്ചേരിയിലെ വസതിയിലേക്ക് പോയ മന്ത്രി ഇതുവരെയായി മാധ്യമങ്ങളെ നേരിടാൻ തയ്യാറായിട്ടില്ല. തന്നെ ചോദ്യം ചെയ്തത് ഒളിച്ചു വെക്കാൻ വേണ്ടി തീവ്ര പരിശ്രമം നടത്തിയ ജലീൽ അടിമുടി ഒളിച്ചു കളിയാണ് നടന്നത്. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ രാത്രി മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്കും പ്രതിഷേധ മാർച്ച് നടന്നു. അതിനിടെ മാധ്യമങ്ങൾ സമീപിച്ചപ്പോൾ മന്ത്രി പ്രതികരണത്തിന് തയ്യാറായില്ല.
വീട്ടിൽ വാതിലും ഗേറ്റുമടച്ച് മന്ത്രി ഉള്ളിലിരുന്നു. വീട്ടിൽ നിന്നും ഔദ്യോഗിക വാഹനവും മാറ്റി. മന്ത്രി വീട്ടിലില്ലെന്നായിരുന്നു പ്രതികരണം. വാട്സ് ആപ്പിൽ മാധ്യമങ്ങൾ സന്ദേശം അയക്കുമ്പോൾ അത് അദ്ദേഹം കാണുന്നുണ്ട്. എന്നാൽ, ഒരു പ്രതികരണത്തിന് തയ്യാറാകുന്നില്ലെന്നതാണ് ഇതിന്റെ വസ്തുത. സ്വർണക്കടത്തു കേസിൽ ഒന്നും ഒളിക്കാനില്ലെന്നു പലവട്ടം ആവർത്തിച്ച ജലീൽ, ഇഡി ചോദ്യം ചെയ്തതു രഹസ്യമാക്കി വയ്ക്കാൻ വലിയ പരിശ്രമമാണ് നടത്തിയത്. ഇഡി സമൻസ് അയച്ച വിവരം ഇന്നലെ നിഷേധിച്ച മന്ത്രി, ഇത് പത്രത്തിൽ വായിച്ച അറിവേയുള്ളൂ എന്നാണു പ്രതികരിച്ചത്.
ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇന്നലെ അതിരാവിലെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു തിരിച്ച മന്ത്രി, നാട്ടിലേക്കു പോകുന്നുവെന്നാണ് ഓഫിസിലും മറ്റും അറിയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴും നാട്ടിലേക്കുള്ള യാത്രയിലാണെന്നും ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നുമായിരുന്നു പ്രതികരണം. സ്റ്റേറ്റ് കാർ സുഹൃത്തിന്റെ വീട്ടിൽ നിർത്തിയിട്ട് സ്വകാര്യവാഹനത്തിൽ ചോദ്യം ചെയ്യലിനെത്തിയതും വിവാദമായി. ഇതിനിടെ ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ സ്വകാര്യ വാഹനത്തിൽ എത്തിയത്യ തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചോദ്യം ചെയ്യൽ നടന്നതായി മന്ത്രി ഇതുവരെയും സമ്മതിച്ചിട്ടില്ല. പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കി ഈ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.
എറണാകുളത്ത് എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാൽ റോഡിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ്. ഇതിന് തൊട്ടടുത്തുള്ള ഒരു തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യം പകർത്തിയിരിക്കുന്ന സമയം 1.46 ആണ്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ തിരികെക്കൊണ്ടുപോകാനായി വാഹനം വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് ഈ സിസിടിവി ഫുട്ടേജിലുള്ളത്. രാവിലെ 10 മണിയോടെയാണ് ജലീൽ ചോദ്യം ചെയ്യലിനായി എത്തിയതെന്നാണ് ലഭിക്കുന്ന സൂചന. അദ്ദേഹം എത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.
ആലപ്പുഴ ഭാഗത്തുനിന്നാണ് ജലീൽ എത്തിയത്. അദ്ദേഹം അരൂരിലുള്ള തന്റെ സുഹൃത്ത് അനസിന്റെ വീട്ടിൽ ഔദ്യോഗിക വാഹനം നിർത്തിയിട്ടു. അതിനു ശേഷം അവിടെനിന്ന് അനസിന്റെ വെള്ള നിറത്തിലുള്ള ഇന്നോവ കാറിലാണ് മന്ത്രി എൻഫോഴ്സ്മെന്റ് ഓഫീസിലേക്കെത്തിയത്. ഇന്നലെ വൈകുന്നേരം വരെയും മാധ്യമങ്ങളോട് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
സ്വർണ്ണക്കടത്തു കേസിൽ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീൽ എൻഫോഴ്സ്മെന്റിന്റെ പല പ്രധാന ചോദ്യങ്ങളിൽ നിന്നു ഒഴിഞ്ഞു മാറിയതായി റിപ്പോർട്ടും പുറത്തുവരുന്നുണട്. പലതിനും മന്ത്രി അവ്യക്തമായ ഉത്തരങ്ങളാണ് നൽകിയതെന്നുള്ള സൂചനകളും പുറത്തു വരുന്നു. സ്വർണ്ണക്കടത്തിന് പുറമെ മറ്റു പല ഇടപാടുകളെ സംബന്ധിച്ചും എൻഫോഴ്സ്മെന്റ് മന്ത്രിയേട് വിവരങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇതിനൊന്നും തൃപ്തികരവും വിശ്വാസയോഗ്യവുമായ മറുപടി അല്ല മന്ത്രി നൽകിയതെന്ന വിവരമാണ് പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ മന്ത്രി നൽകിയ മൊഴി വിശദമായി പഠിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് എൻഫോഴ്സ്മെന്റിന്റെ തീരുമാനം. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഡയറക്ടർ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറാണ് മന്ത്രിയെ ചോദ്യം ചെയ്തത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായും കെ.ടി ജലീലിന് ബന്ധമുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ജലീലിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി ജലീലിന് പാഴ്സലുകൾ എത്തിയത്. എന്നാൽ ഈ പാഴ്സലുകൾ യുഎഇ അയച്ച മതഗ്രന്ഥമാണെന്നാണ് ജലീലിന്റെ വാദം. നയതന്ത്ര ബാഗേജ് വഴി വന്ന ഖുആർഎൻ പാഴ്സലിനെ സംബന്ധിച്ചും അന്വേഷണ സംഘം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വിദേശത്തു നിന്നും പാഴ്സലുകൾ എത്തിയത് പ്രോട്ടോക്കാൾ ലംഘനമാണെന്ന പ്രാഥമികമായ ആരോപണം പോലും അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല. ഇതു സംബന്ധിച്ചും അന്വേഷണ സംഘം ചോദ്യങ്ങൾ ചോദിച്ചിരുന്നു എന്നാണ് സൂചന.
2020 മാർച്ച് 4നു തിരുവനന്തപുരം യുഎഇ കോൺസൽ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നൽകിയിരുന്ന വിശദീകരണം. കള്ളക്കടത്തു സംഘം ഈ നയതന്ത്ര പാഴ്സലുകളിൽ സ്വർണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കള്ളപ്പണം കറൻസി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നു. സ്വർണക്കടത്തു പ്രതികൾ യുഎഇ കോൺസുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവിൽ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.
മറുനാടന് മലയാളി ബ്യൂറോ