തിരുവനന്തപുരം: 500, 1000 നോട്ടുകൾ പിൻവലിച്ച സർജിക്കൽ സ്‌ട്രൈക്കിന് ശേഷം ബിനാമി ഭൂമി ഇടപാടുകളിലാണ് കൈവെക്കുന്നത് എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്ര മേദി ഒരു മുഴം മുമ്പേ തന്നെ കരുക്കൾ നീക്കി തുടങ്ങി. ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധമുള്ള മലയാളി ബിസിനസുകാരൻ ഹോളിഡേ തമ്പിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതോടെയാണ് മോദി കോൺഗ്രസ് നേതാക്കളെ ലക്ഷ്യം വെക്കുന്നു എന്ന തോന്നലിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തിന് പുറത്ത് വൻകിട ഭൂമി ഇടപാടുകൾ നടത്തിയ ഹോളിഡേ ഗ്രൂപ്പ് ചെയർമാൻ ചെറുവത്തൂർ ചെക്കുട്ടി തമ്പി എന്ന സി സി തമ്പിയെയാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് ഹോളിഡേ തമ്പിയെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ സമയത്ത് ഹരിയാനയിലെ ഫരീദാബാദിൽ 400 ഏക്കറോളം കാർഷിക ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടാണ് തമ്പിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. റിയൽ എസ്‌റ്റേറ്റിനു പുറമെ റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയടക്കം ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ബിസിനസ് ഇടപാടുകളാണ് ഹോളിഡേ ഗ്രൂപ്പിനുള്ളത്. ഹരിയാനയിൽ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചിട്ടുണ്ടെന്ന സംശയമുയർന്നതിനെ തുടർന്ന് ചോദ്യം ചെയ്യാനായി ഹാജരാകാന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമ്പി അതിന് വഴങ്ങിയിരുന്നില്ല. തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതിന് ഫലമുണ്ടായില്ല. തുടർന്ന് ചെന്നൈയിൽ നിന്നും തമ്പിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

യുപിഎ സർക്കാറിന്റെ കാലത്താണ് 400 കോടിയുടെ ഭൂമി ഇടപാട് ഹരിയാനയിൽ ഹോളിഡേ തമ്പി നടത്തിയത്. ഇതിന് പല രാഷ്ട്രീയക്കാരുടെയും പിന്തുണയുണ്ടായിരുന്നു. റോബർ വധേരയുമായി അടുത്ത ബന്ധമുള്ള വ്യക്തിത്വമാണ് തമ്പിയുടേത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കങ്ങളുമുണ്ടെന്ന സംശയവുമുണ്ട്. യുപിഎ സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ഉന്നത രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായി തമ്പിക്കുണ്ടായിരുന്ന ബന്ധവും എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. 2010ലും തമ്പിക്കെതിരെ സിബിഐ അന്വേഷണം നടന്നിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് കോളേജുകൾക്ക് അടിസ്ഥാന സൗകര്യമില്ലാതിരുന്നിട്ടും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈകേസ്.

കേരളത്തിന് അകത്ത് ഹോട്ടൽ ശൃംഖലകൾക്ക് പുറമേ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസുകൾ. മദ്യ ഡിസ്റ്റിലറികളും തമ്പിക്ക് സ്വന്തമായുണ്ട്. മദ്യരാജാവ് വിജയ് മല്യയും മാംസ കയറ്റുമതി ബിസിനസുകാരൻ മൊയ്ൻ ഖുറേഷിയും ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിട്ടും രാജ്യം വിട്ടതുപോലെ ഒരു സാഹചര്യം തമ്പിയുടെ കാര്യത്തിൽ ഉണ്ടാകരുത് എന്നതു കൊണ്ടാണ് എൻഫോഴ്‌സ്‌മെന്റ് നടപടി എങ്കിലും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.

ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും ലുക്ക് ഔട്ട് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കാനും തുടർന്ന് രാജ്യം വിടാനുമായിരുന്നു തമ്പിയുടെ പദ്ധതിയെന്നും എൻഫോഴ്‌സ്‌മെന്റ് അധികാരികൾ വ്യക്തമാക്കുന്നത്. ഫിനാൻഷ്യൽ ഇന്റലീജൻസ് യൂണിറ്റിന്റെ സഹായത്തോടെ തമ്പി വിദേശത്ത് നടത്തിയിരിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കാനും പദ്ധതികളുണ്ട്.